സിഎഎ, എൻആർസി ഒളിച്ചുകടത്തോ?; എസ്ഐആറിൽ പൗരത്വ പരിശോധന സംബന്ധിച്ച ചോദ്യങ്ങളും
വ്യക്തികൾ പൗരത്വ പ്രഖ്യാപനം നടത്തണമെന്നാണ് എസ്ഐആറിനുള്ള എന്യൂമറേഷന്‍ ഫോമില്‍ പറഞ്ഞിരിക്കുന്നത്

പാലക്കാട്: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ പൗരത്വ പരിശോധന സംബന്ധിച്ച ചോദ്യങ്ങളും. പൗരത്വ നിയമപ്രകാരമുള്ള വിവിധ തീയതികൾ മാനദണ്ഡമാക്കിയാണ് വ്യക്തികൾ ഡിക്ലറേഷൻ നൽകേണ്ടത്. അപേക്ഷകന്‍റെയും മാതാപിതാക്കളുടേയും ജനന രേഖകളടക്കം ഇതിന് തെളിവായി ഹാജരാക്കണമെന്നും എന്യുമറേഷന്‍ ഫോമില്‍ പറയുന്നു.
ജനനം 1987 ജൂലൈ 1ന് മുൻപാണോ?, ജനനം 1987 ജൂലൈ 1നും 2004 ഡിസംബർ 2നും ഇടയിലാണോ?, ജനനം 2004 ഡിസംബർ 2ന് ശേഷമാണോ?, ജനനം ഇന്ത്യക്ക് പുറത്താണോ?, പൗരത്വം ലഭിച്ചത് രജിസ്ട്രേഷൻ/നാച്ചുറലൈസേഷൻ വഴിയാണോ?- ഇന്ത്യയിലെ പൗരത്വ നിയമമനുസരിച്ച് പൗരത്വം തെളിയിക്കാൻ രേഖകൾ സഹിതം ഉത്തരം നൽകേണ്ട ചോദ്യങ്ങളാണിവ. പക്ഷെ 18 തികഞ്ഞ ഒരാൾക്ക് വോട്ടവകാശം നൽകാൻ ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഈ ചോദ്യങ്ങൾ പൗരനോട് ചോദിക്കുന്നത്.
ബിഹാർ മോഡലിൽ കേരളത്തിലടക്കം രാജ്യവ്യാപകമായി നടപ്പാക്കുന്ന എസ്‌ഐആർ അഥവാ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിലാണ് ഈ ചോദ്യങ്ങൾ. ഇവയ്ക്ക് മറുപടിയായി വ്യക്തികൾ പൗരത്വ പ്രഖ്യാപനം നടത്തണമെന്നാണ് എസ്ഐആറിനുള്ള എന്യൂമറേഷന്‍ ഫോമില്‍ പറഞ്ഞിരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമ പ്രകാരം നടപ്പാക്കാൻ ശ്രമിച്ച എൻആർസി അഥവാ നാഷണൽ രജിസ്ട്രേഷൻ ഓഫ് സിറ്റിസൺഷിപ്പിനും വേണ്ടത് സമാനമായ വിവരങ്ങളാണ്. ബിഹാറിൽ എസ്‌ഐആർ നടപ്പിലാക്കിയപ്പോൾ ലക്ഷക്കണക്കിന് പേർ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായി. പൗരത്വ ഭീഷണിയുടെ നിഴലിൽ നിർത്തുന്ന ചോദ്യങ്ങൾ കേരളത്തിലും ആവർത്തിക്കപ്പെടുമോ എന്ന ചോദ്യം ഇതോടൊപ്പം ഉയരുന്നുണ്ട്.
2002ലെ വോട്ടർ പട്ടികയിൽ ഇല്ലാത്തവർക്ക് ആധാർ ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കി വോട്ടർമാരാകാം എന്നാണ് അധികൃതർ വിശദീകരിക്കുന്നത്. പിന്നെന്തിനാണ് 1987ന് മുമ്പുള്ളവർ, ശേഷവുമുള്ളവർ എന്നിങ്ങനെയുള്ള വിവരങ്ങള്‍ ശേഖരിക്കുന്നത് എന്നാണ് ഉയരുന്ന ചോദ്യം.
Adjust Story Font
16

