Quantcast

ആദ്യം അതിജീവിതയെ അപമാനിച്ച് പോസ്റ്റ്, പിന്നാലെ വിചിത്ര വാദങ്ങൾ ആവർത്തിച്ച് ആർ. ശ്രീലേഖ

നടിയെ ആക്രമിച്ച കേസിലും സമാനമായി സ്ത്രീപക്ഷമല്ലാത്ത പരാമര്‍ശങ്ങള്‍ ആര്‍. ശ്രീലേഖ നടത്തിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2025-11-28 11:20:53.0

Published:

28 Nov 2025 3:38 PM IST

ആദ്യം അതിജീവിതയെ അപമാനിച്ച് പോസ്റ്റ്, പിന്നാലെ വിചിത്ര വാദങ്ങൾ ആവർത്തിച്ച് ആർ. ശ്രീലേഖ
X

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നല്‍കിയ അതിജീവിതയെ അപമാനിച്ച് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് പിന്നാലെ വിചിത്ര വാദങ്ങള്‍ ആവര്‍ത്തിച്ച് മുന്‍ ഡിജിപി ആര്‍. ശ്രീലേഖ. സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം നടക്കുമ്പോള്‍ ഈ കേസില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതില്‍ ആശങ്കയുണ്ട്. പരാതി വൈകിയത് പ്രതിക്ക് മുന്‍കൂര്‍ ജാമ്യം എടുക്കാന്‍ അവസരമൊരുക്കിയതാണോ എന്ന് ചോദിച്ച ശ്രീലേഖ, താന്‍ എല്ലായ്‌പ്പോഴും ഇരയ്‌ക്കൊപ്പമാണെന്നും പറഞ്ഞു.

രാഹുലിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും രാഹുല്‍ രാജി വയ്ക്കണമെന്നുമാണ് ബിജെപിയുടെ നിലപാട്. ഇതിന് വിപരീത ദിശയിലാണ് മുന്‍ ഡിജിപിയും ബിജെപി തിരുവനന്തപുരം കോര്‍പറേഷന്‍ സ്ഥാനാര്‍ഥിയുമായ ആര്‍. ശ്രീലേഖയുടെ പ്രതികരണം. ഇത്രനാള്‍ യുവതി എന്തുകൊണ്ട് പരാതി നല്‍കിയില്ല എന്നായിരുന്നു ആദ്യ പോസ്റ്റിലെ ചോദ്യം. ശബരിമല സ്വര്‍ണ്ണകൊള്ളയില്‍ വമ്പന്മാരായ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാതിരിക്കാനാണോ എന്ന് മറ്റൊരു ചോദ്യം. ഇപ്പോള്‍ എന്തിന് നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നും പ്രതിക്ക് ഫോണും ഓഫാക്കി മുങ്ങാനുള്ള, മുന്‍കൂര്‍ ജാമ്യാപേക്ഷ നേടാനുള്ള അവസരത്തിനാണോ എന്നതടക്കം അതിജീവിതയെ അപമാനിക്കുന്ന തരത്തിലായിരുന്നു പരാമര്‍ശങ്ങള്‍.

എന്നാല്‍ പോസ്റ്റ് വിവാദമായതോടെ പഴയ പോസ്റ്റില്‍ ഇരയ്‌ക്കൊപ്പം എന്ന് ചേര്‍ത്ത് പുതിയ പോസ്റ്റിടുകയായിരുന്നു. പോസ്റ്റില്‍ നേരത്തെ പ്രസ്താവിച്ച വിവാദ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നു.

നടിയെ ആക്രമിച്ച കേസിലും സമാനമായി സ്ത്രീപക്ഷമല്ലാത്ത പരാമര്‍ശങ്ങള്‍ ആര്‍. ശ്രീലേഖ നടത്തിയിരുന്നു. അതിജീവിതകള്‍ നിശ്ചിത സമയത്തിനുള്ളില്‍ പരാതി നല്‍കണം എന്ന തെറ്റായ പൊതുബോധം സൃഷ്ടിക്കുന്നതില്‍ ശ്രീലേഖയ്ക്ക് എതിരെ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. ബിജെപി നേതൃത്തിനുള്ളിലും ശ്രീലേഖയുടെ നിലപാടുകളില്‍ അതൃപ്തി പുകയുന്നതായാണ് സൂചന.

TAGS :

Next Story