കേന്ദ്രമന്ത്രി പേര് പരാമർശിച്ചില്ല; വട്ടിയൂർക്കാവിൽ പ്രചാരണ പരിപാടിക്കിടെ ആർ. ശ്രീലേഖ ഇറങ്ങിപ്പോയി
ഇറങ്ങിപ്പോയ വാർത്തകളെ ആർ. ശ്രീലേഖ നിഷേധിച്ചു

തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ സ്ഥാനാർഥിയായ ആർ. ശ്രീലേഖ വേദിയിൽ നിന്ന് ഇറങ്ങിപ്പോയി. കേന്ദ്രമന്ത്രി എസ്. ജയശങ്കർ പങ്കെടുത്ത പരിപാടിയിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. തനിക്ക് വേണ്ടി സംഘടിപ്പിച്ച പരിപാടിയിൽ കേന്ദ്രമന്ത്രി തന്റെ പേര് പരാമർശിക്കാത്തതാണ് ശ്രീലേഖയെ പ്രകോപിപ്പിച്ചത്.
പ്രസംഗത്തിലുടനീളം തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ പേര് മാത്രം കേന്ദ്രമന്ത്രി പറയുകയും ശ്രീലേഖയുടെ പേര് ഒഴിവാക്കുകയും ചെയ്തു. ഇതിൽ അതൃപ്തി പൂണ്ട ശ്രീലേഖ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ജി. സോമനോട് വേദിയിൽ വെച്ച് തന്നെ കയർത്തു സംസാരിക്കുകയും പിന്നാലെ പരിപാടി ബഹിഷ്കരിച്ച് പുറത്തേക്ക് പോവുകയുമായിരുന്നു. വി.വി. രാജേഷ്, രാജീവ് ചന്ദ്രശേഖർ എന്നിവരെയും അവർ നേരിട്ട് പ്രതിഷേധം അറിയിച്ചു. പിന്നീട് മുതിർന്ന നേതാക്കൾ ഇടപെട്ട് അനുനയിപ്പിച്ചതിനെത്തുടർന്നാണ് അവർ തിരികെ എത്തിയത്.
എന്നാൽ, താൻ ഇറങ്ങിപ്പോയി എന്ന വാർത്തകളെ ആർ. ശ്രീലേഖ പാടെ നിഷേധിച്ചു. പാർട്ടിക്കുള്ളിൽ നേതാക്കളുമായി വ്യക്തിപരമായി സംസാരിച്ച കാര്യങ്ങളാണ് വിഡിയോയായി പ്രചരിക്കുന്നത് എന്നും ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്തി വാർത്തയാക്കുന്നത് ലജ്ജാകരമാണെന്നും അവർ പ്രതികരിച്ചു. സഹോദരതുല്യനായ സോമനോട് സംസാരിച്ചത് സ്വകാര്യമായ കാര്യമാണെന്നും പാർട്ടിക്കുള്ളിൽ പറയാനുള്ള കാര്യങ്ങൾ അവിടെത്തന്നെ പറയുമെന്നും അവർ വ്യക്തമാക്കി
Adjust Story Font
16

