Quantcast

മുഈനലി തങ്ങളെ അസഭ്യം പറഞ്ഞതിൽ ഖേദപ്രകടനവുമായി റാഫി പുതിയകടവ്

ഏത് നേതാവിനെക്കുറിച്ച് പറഞ്ഞാലും എതിർക്കുമായിരുന്നുവെന്ന് റാഫി മീഡിയവണിനോട് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    6 Aug 2021 6:32 AM GMT

മുഈനലി തങ്ങളെ അസഭ്യം പറഞ്ഞതിൽ ഖേദപ്രകടനവുമായി റാഫി പുതിയകടവ്
X

വാർത്താ സമ്മേളനത്തിനിടെ മുഈനലി തങ്ങളെ അസഭ്യം പറഞ്ഞതിൽ ലീഗ് പ്രവര്‍ത്തകന്‍ റാഫി പുതിയകടവ് ഖേദം പ്രകടിപ്പിച്ചു. ഹൈദരലി തങ്ങളുടെ വിഷമങ്ങൾക്ക് കാരണം മുഈനലിയാണ്. മുഈനലി ലീഗ് നേതാക്കളെ അനാവശ്യമായി വിമർശിച്ചത് കൊണ്ടാണ് വാർത്താസമ്മേളനത്തില്‍ ഇടപെട്ടത്. കുഞ്ഞാലിക്കുട്ടിക്ക് എതിരെയല്ല, ഏത് നേതാവിനെക്കുറിച്ച് പറഞ്ഞാലും എതിർക്കുമായിരുന്നുവെന്നും റാഫി മീഡിയവണിനോട് പറഞ്ഞു.

ചന്ദ്രിക ദിനപ്പത്രവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ വിശദീകരണം നല്‍കാനാണ് അഭിഭാഷകനായ മുഹമ്മദ് ഷാ വാര്‍ത്താസമ്മേളനം വിളിച്ചത്. യൂത്ത്​ലീഗ്​ ദേശീയ വൈസ്​പ്രസിഡന്‍റും പാണക്കാട്​ ഹൈദരലി ശിഹാബ്​ തങ്ങളുടെ മകനുമായ മുഈനലി തങ്ങളും ഷാക്കൊപ്പമുണ്ടായിരുന്നു. ഷാ കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി മുഈനലി തങ്ങള്‍ ഇടപെടുകയായിരുന്നു. 40 വർഷമായി പാർട്ടിയുടെ മുഴുവൻ ഫണ്ടും കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണെന്ന് മുഈനലി തങ്ങൾ പറഞ്ഞു.

മുഈനലി കുഞ്ഞാലിക്കുട്ടിക്കെതിരെ തിരിഞ്ഞതോടെ മുഹമ്മദ് ഷാ വിഷമവൃത്തത്തിലായി. മുഈനലിക്കെതിരെ അസഭ്യ വര്‍ഷം ചൊരിഞ്ഞ് ലീഗ് പ്രവര്‍ത്തകനെത്തിയതോടെ വാര്‍ത്താസമ്മേളനം അലങ്കോലമായി. ലീഗ്​ പ്രവർത്തകനായ റാഫി പുതിയകടവാണ് മുഈനലി തങ്ങൾക്ക്​ നേരെ ഭീഷണി മുഴക്കുകയും അസഭ്യ വര്‍ഷം നടത്തുകയും ചെയ്തത്. തുടർന്ന്​ ഒരു വിഭാഗം പ്രവർത്തകർ മുഈനലിയെ സുരക്ഷിത സ്ഥലത്തേക്ക്​ മാറ്റുകയായിരുന്നു.

ഇന്ത്യാവിഷന്‍ ആക്രമണക്കേസിലെ പ്രതിയാണ് റാഫി. ഐസ്ക്രീം പാർലർ കേസിലെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു ആക്രമണം. 2004ൽ കോഴിക്കോട് ടൌൺ പോലീസ് ഇയാൾക്കെതിരെ കേസ് എടുത്തിരുന്നു.



TAGS :

Next Story