Quantcast

തീരുമാനിച്ച പരിപാടിക്ക് രാഹുല്‍ എത്തിയില്ല; പ്രതിഷേധവുമായി നേതാക്കള്‍; സംഘാടകരോട് മാപ്പ് പറഞ്ഞ് സുധാകരൻ

മുതിർന്ന കോൺഗ്രസ് നേതാക്കൾ തന്നെ ഇക്കാര്യത്തിൽ അമർഷം രേഖപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

MediaOne Logo

Web Desk

  • Updated:

    2022-09-11 16:41:16.0

Published:

11 Sept 2022 10:04 PM IST

തീരുമാനിച്ച പരിപാടിക്ക് രാഹുല്‍ എത്തിയില്ല; പ്രതിഷേധവുമായി നേതാക്കള്‍; സംഘാടകരോട് മാപ്പ് പറഞ്ഞ് സുധാകരൻ
X

നെയ്യാറ്റിൻ‍കര: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കേരളത്തില്‍ എത്തിയതിനു പിന്നാലെ വിവാദം. തീരുമാനിച്ച പരിപാടിക്ക് രാഹുല്‍ ഗാന്ധി എത്താത്തതില്‍ നേതാക്കള്‍ക്കിടയില്‍ പ്രതിഷേധം. സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതിമണ്ഡപം ഉദ്ഘാടനത്തിന് രാഹുൽ ഗാന്ധി എത്താതിരുന്നതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

മുതിർന്ന കോൺഗ്രസ് നേതാക്കൾ തന്നെ ഇക്കാര്യത്തിൽ അമർഷം രേഖപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. തിരുവനന്തപുരം നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിൽ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനത്തിനാണ് രാഹുല്‍ എത്താതിരുന്നത്. പരിപാടിയില്‍ പങ്കെടുത്ത കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, ശശി തരൂര്‍ എം.പി തുടങ്ങിയ നേതാക്കളാണ് പ്രതിഷേധം അറിയിച്ചത്.

ഭാരത് ജോഡോ യാത്രയ്ക്കിടെ കെ.ഇ മാമൻ്റെയും പത്മശ്രീ ഗോപിനാഥൻ നായരുടേയും സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനത്തിന് നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിൽ‍ എത്തുമെന്ന് രാഹുൽ ​ഗാന്ധി ഉറപ്പുനൽകിയിരുന്നെങ്കിലും അവസാന നിമിഷം മാറ്റി. ഇതാണ് എതിർ‍പ്പിനു കാരണമായത്. രാഹുൽ​ഗാന്ധിക്ക് സ്വാ​ഗതം എന്നെഴുതിയുള്ള കമാനവും ഇവിടെ സ്ഥാപിച്ചിരുന്നു.

ഇത്തരം നടപടികൾ പാർട്ടിയുടെ വിശ്വാസ്യത തകർക്കുമെന്ന് ശശി തരൂർ കെ.പി.സി.സി അധ്യക്ഷനടക്കമുള്ളവരോട് പറയുന്നത് ദ്യശ്യങ്ങളിൽ കാണാം. ഇതിനിടയിൽ സംഘാടകരോട് കെ സുധാകരൻ ക്ഷമിക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. വരില്ലെന്ന തീരുമാനം രാഹുലിൻ്റേതാണോ കെ.സിയുടേതാണോയെന്നും തരൂർ ചോദിക്കുന്നുണ്ട്.

വി. മുരളീധരൻ എം.പി, എം.എം ഹസന്‍, വി.എസ് ശിവകുമാര്‍, പാലോട് രവി തുടങ്ങിയ നേതാക്കളും പരിപാടിക്ക് എത്തിയിരുന്നു. ഗോപിനാഥൻ നായരുടെ പത്നിയും കെ.ഇ മാമൻ്റ അനന്തിരവനും രാഹുലിനായി കാത്തുനിന്നു. അതേസമയം, മറ്റ് പരിപാടികൾ വൈകിയതിനാലാണ് ഈ പരിപാടി രാഹുൽ ഒഴിവാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം.

TAGS :

Next Story