Quantcast

രാഹുൽ ഗാന്ധിയുടെയും പ്രിയങ്കയുടേയും ഫേസ്ബുക്ക് പോസ്റ്റിൽ ‘സതീശൻ തരംഗം’; ലക്ഷം കടന്ന് കമന്റുകള്‍

കേരളത്തില്‍ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് സോഷ്യല്‍ മീഡിയയിലെ സതീശന്‍ തരംഗം.

MediaOne Logo
രാഹുൽ ഗാന്ധിയുടെയും പ്രിയങ്കയുടേയും   ഫേസ്ബുക്ക് പോസ്റ്റിൽ ‘സതീശൻ തരംഗം’; ലക്ഷം കടന്ന് കമന്റുകള്‍
X

ന്യൂഡൽഹി/തിരുവനന്തപുരം: വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് എഐസിസി നേതാക്കളായ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ഔദ്യോഗിക ഫേസ്ബുക്ക് പേജുകളിൽ കമന്റ് പ്രളയം. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ കമന്റുകൾ ഒരു ലക്ഷം പിന്നിട്ടു.

വി.ഡി. സതീശന്റെ നിയമസഭയിലെ പ്രസംഗങ്ങൾ, രാഷ്ട്രീയ നിലപാടുകൾ, അദ്ദേഹത്തിന്റെ ഇടപെടലുകള്‍ എന്നിവയെ പ്രകീർത്തിച്ചുകൊണ്ടുള്ളതാണ് ഭൂരിഭാഗം കമന്റുകളും. അങ്ങനെയുള്ള സതീശന്‍ തന്നെ മുഖ്യമന്ത്രിയാകണമെന്നും മറ്റൊരാളെ ഈ സ്ഥാനാത്തേക്ക് പരിഗണിക്കരുതെന്നുമാണ് കമന്റുകളില്‍. 'VD Satheesan' എന്ന പേരും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ഹാഷ്‌ടാഗുകളും കമന്റ് ബോക്സുകളിൽ നിറയുന്നുണ്ട്.

രാഹുൽ ഗാന്ധിയും പ്രിയങ്കയും പങ്കുവെക്കുന്ന ഓരോ പോസ്റ്റിന് താഴെയും മിനിറ്റുകൾക്കകം നൂറുകണക്കിന് കമന്റുകളാണ് നിറയുന്നത്. "Next CM VD Satheesan", "We want VDS as Kerala CM" തുടങ്ങിയ വാചകങ്ങളാണ് ഭൂരിഭാഗം കമന്റുകളിലും ഉള്ളത്. കേരളത്തില്‍ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് സോഷ്യല്‍ മീഡിയയിലെ സതീശന്‍ തരംഗം. കെ.സി വേണുഗോപാല്‍, രമേശ് ചെന്നത്തില എന്നിവരാണ് മുഖ്യമന്ത്രിക്കസേരക്കായി രംഗത്തുള്ളത്. അതേസമയം സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് അണികള്‍ തെരുവിലിറങ്ങുകയും ചെയ്തു. കണ്ണൂരിലെ ഇരിട്ടിയിലും പഴയങ്ങാടിയിലും കൊച്ചി നെട്ടൂരിലും പ്രവർത്തകർ പ്രകടനം നടത്തി. കൊടുങ്ങല്ലൂർ, കുന്നംകുളം, കടവല്ലൂർ, ആലുവ എന്നിവിടങ്ങളിലും പ്രകടനം നടന്നു.

മുഖ്യമന്ത്രി ആരെന്നതിൽ കോൺഗ്രസ് എംഎൽഎമാരുടെ പിന്തുണ, എഐസിസി നിരീക്ഷകർ ആരാഞ്ഞിരുന്നു. ഇന്ന് രാവിലെ കെപിസിസി ആസ്ഥാനത്തായിരുന്നു നിരീക്ഷകരായ മുകൾ വാസ്നിക്കും അജയ് മാക്കനും എംഎൽഎമാരിൽ നിന്ന് വ്യക്തിപരമായി അഭിപ്രായം തേടിയത്. ഇതിനിടെ എംഎൽഎമാരുടെ പിന്തുണയിൽ അവകാശവാദവുമായി കെ.സി വേണുഗോപാൽ, വി.ഡി സതീശൻ, രമേശ് ചെന്നിത്തല വിഭാഗങ്ങളും രംഗത്ത് രംഗത്ത് എത്തി. കെ.സി വേണുഗോപാലിന് പിന്തുണ പ്രഖ്യാപിച്ച് ചില എംപിമാരും രംഗത്തെത്തി. കെ.സിയെ മുഖ്യമന്ത്രിയാക്കണം എന്ന് ആവശ്യപ്പെട്ട് കെ സുധാകരൻ എഐസിസി നിരീക്ഷകർക്ക് കത്ത് നൽകുകയും ചെയ്തു.


രാഹുല്‍ ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന കമന്റുകള്‍



TAGS :

Next Story