മുണ്ടക്കൈ-ചൂരല്‍മല ദുരന്തം; കോൺഗ്രസ് നിർമിക്കുന്ന വീടുകൾക്ക് രാഹുൽ ഗാന്ധി തറക്കല്ലിട്ടു
ദുരന്തത്തിൽ നാശനഷ്ടം നേരിട്ട ബിൽഡിങ് ഉടമകൾക്ക് അഞ്ച് ലക്ഷം രൂപ വീതവും കൈമാറി

കൽപ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമിക്കുന്ന ഭവന നിർമ്മാണ പദ്ധതിയുടെ തറക്കല്ലിടൽ രാഹുൽ ഗാന്ധി നടത്തി. ദുരന്തത്തിൽ നാശനഷ്ടം നേരിട്ട ബിൽഡിങ് ഉടമകൾക്ക് അഞ്ച് ലക്ഷം രൂപ വീതവും കൈമാറി. അതിജീവനത്തിന്റെ പാതയിൽ ഒപ്പം തന്നെയുണ്ടാകുമെന്ന് നെഞ്ചിൽ കൈവെച്ച് പറയുന്നതായി രാഹുൽ ഗാന്ധി പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതിൽ ചില സങ്കേതിക തടസങ്ങൾ ഉണ്ടായി. ഇപ്പോൾ തനിക്ക് പ്രതീക്ഷയുണ്ട്. നിർമാണം പൂർത്തിയാക്കി എത്രയും വേഗം വീടുകൾ നൽകാൻ കഴിയുമെന്നും രാഹുൽ ഗാന്ധി.
ദുരന്ത ഭൂമിയിലെ കാഴ്ചകൾ കണ്ണിൽ നിന്ന് മായില്ലെന്ന് വയനാട് എംപി പ്രിയങ്കാ ഗാന്ധി പറഞ്ഞു. എല്ലാത്തിനും അപ്പുറം പരസ്പരം കരുത്തായി ദുരന്തത്തെ നേരിട്ടു. ദുരന്തത്തിനിടയ്ക്ക് സമാധാനം ലഭിച്ചത് എല്ലാവരും ഒന്നിച്ച് നിൽക്കുന്നത് കണ്ടപ്പോഴാണ്. അന്ന് മുതൽ ഇന്ന് വരെ വയനാട്ടുകാരുടെ കുടുംബാംഗമാണ് താനെന്നും പ്രിയങ്ക പറഞ്ഞു.
പ്രധാനമന്ത്രിയെ നേരിൽ കണ്ടു. ചെയ്യാൻ കഴിയുന്നത് എല്ലാം ചെയ്തു. എല്ലാ രാഷ്ട്രീയത്തിനും അതീതമായി ദുരിതമേറ്റവരുടെ ജീവിതം തിരിച്ചു പിടിക്കാൻ ശ്രമിച്ചു. ദുരന്തത്തിന് പിന്നാലെ രാഹുൽ ഗാന്ധി 100 വീടുകൾ നൽകും എന്ന് ഉറപ്പ് നൽകി. ഭൂമി ഏറ്റെടുക്കുന്നതുൾപ്പെടെ സങ്കീർണതകൾ ഉണ്ടായി. ഇപ്പോൾ വീട് നിർമാണത്തിൽ എത്തി നിൽക്കുമ്പോൾ സന്തോഷം ഉണ്ട്. ഇവിടെ വീട് ഉയരുമ്പോൾ ജീവൻ നഷ്ടമായവരുടെ ആത്മാവിന് ശാന്തി ലഭിക്കും എന്ന് വിശ്വസിക്കുന്നതായും അവർ പറഞ്ഞു.
കെ.സി വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. മേപ്പാടി പഞ്ചായത്ത് കുന്നംപറ്റയിലാണ് കോൺഗ്രസ് ഭവന നിർമ്മാണ പദ്ധതിക്കായി ആദ്യഘട്ടത്തിൽ ഭൂമി ഏറ്റെടുത്തത്. 8.5 ഏക്കർ ഭൂമിയാണ് ഇവിടെ കണ്ടെത്തിയിരിക്കുന്നത്. 100 വീടുകൾ നിർമ്മിച്ചു നൽകുമെന്നതാണ് കോൺഗ്രസിന്റെ പ്രഖ്യാപനം. നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ആദ്യഘട്ടമായി 50 വീടുകൾ പൂർത്തീകരിക്കാനാണ് ലക്ഷ്യം. കുന്നംപറ്റയിൽ കോൺഗ്രസ് കണ്ടെത്തിയ സ്ഥലത്ത് ഭൂമി നിരപ്പാക്കുന്ന പ്രവർത്തികൾ ഇതിനോടകം പൂർത്തീകരിച്ചു. ഏറെ വിവാദങ്ങൾക്കൊടുവിലാണ് കോൺഗ്രസ് ഭൂമി കണ്ടെത്തിയത്. യുദ്ധകാല അടിസ്ഥാനത്തിൽ വീടുകളുടെ നിർമാണം പൂർത്തിയാക്കും എന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.
Adjust Story Font
16

