മൂന്നാം ബലാത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ; നീക്കം അതീവ രഹസ്യമായി
ആദ്യ കേസിൽ പൊലീസിനെ വെട്ടിച്ച് ഒളിവിൽ പോയ രാഹുലിന്റെ ഓരോ നീക്കവും നിരീക്ഷിച്ച ശേഷമായിരുന്നു പുതിയ കേസിലെ നടപടി.

പാലക്കാട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും അറസ്റ്റിൽ. പുതിയ ബലാത്സംഗ പരാതിയിലാണ് പൊലീസ് നടപടി. ആദ്യ രണ്ട് കേസുകളിൽ മുൻകൂർ ജാമ്യം നേടിയ രാഹുലിനെ പാലക്കാട് കെപിഎം ഹോട്ടലിലെത്തി പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. രാഹുലിന്റെ ഫോണും പൊലീസ് പിടിച്ചെടുത്തു. പുതിയ കേസിൽ മുൻകൂർ ജാമ്യത്തിന് പോകാൻ അവസരം നൽകാതെയാണ് രാഹുലിനെ പൊലീസ് പൂട്ടിയത്.
പത്തനംതിട്ട സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. ആദ്യ കേസിൽ പൊലീസിനെ വെട്ടിച്ച് ഒളിവിൽ പോയ രാഹുലിന്റെ ഓരോ നീക്കവും നിരീക്ഷിച്ച ശേഷമായിരുന്നു പുതിയ കേസിലെ നടപടി. പാലക്കാട് ഉപതെരഞ്ഞെടുപ്പ് കാലത്ത് നീലപ്പെട്ടി വിവാദമുണ്ടായ അതേ ഹോട്ടലിൽ നിന്നാണ് രാഹുലിനെ പുതിയ ബലാത്സംഗക്കേസിൽ കസ്റ്റഡിയിലെടുത്തത് എന്നതാണ് ശ്രദ്ധേയം. അർധരാത്രി 12.30ഓടെയായിരുന്നു എട്ട് പൊലീസുകാർ ഹോട്ടലിലെത്തിയത്.
മൂന്ന് വാഹനങ്ങളിലായാണ് പൊലീസ് സംഘം ഹോട്ടലിലെത്തിയത്. ഇവരിൽ യൂണിഫോമിലും മഫ്തിയിലുമുള്ള പൊലീസുകാരുണ്ടായിരുന്നു. ഒരു ജീപ്പ് ഹോട്ടലിനകത്തേക്ക് കയറുകയും രണ്ടാമത്തെ ജീപ്പ് ഇതിന് എതിർവശത്തെ എസ്ബിഐ ബാങ്കിന് മുന്നിലും മൂന്നാമത്തെ ജീപ്പ് പ്രസ് ക്ലബ്ബിന് മുന്നിലും നിർത്തി. തുടർന്ന് മൂന്ന് പൊലീസുകാർ ആദ്യം റിസപ്ഷനിലെത്തി രാഹുൽ ഏത് മുറിയിലാണെന്ന് ചോദിക്കുകയും കസ്റ്റഡിയിലെടുക്കാൻ വന്നതാണെന്ന് വ്യക്തമാക്കുകയും ചെയ്തു.
റൂം നമ്പർ 2002ലാണ് രാഹുൽ ഉള്ളതെന്ന് അറിഞ്ഞതോടെ അവിടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നേരെ സേലം- കൊച്ചി ഹൈവേയിലേക്ക് പോവുകയും പുലർച്ചെയോടെ പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഇവിടെ രാഹുലിനെ ചോദ്യം ചെയ്യുകയാണ് പൊലീസ്. ആദ്യത്തെ ലൈംഗികാതിക്രമ കേസിൽ അറസ്റ്റ് ഭയന്ന് ഒളിവിൽപ്പോയ ശേഷം മുൻകൂർ ജാമ്യം തേടിയാണ് രാഹുൽ പിന്നീട് തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയത്.
പരിചയപ്പെട്ട ശേഷം വിവാഹവാഗ്ദാനം നൽകി പീഡനം, ക്രൂരമായ ബലാത്സംഗം, ഗർഭിണിയാക്കി, നിർബന്ധിത ഗർഭഛിദ്രം, സാമ്പത്തിക ചൂഷണം എന്നിവയാണ് രാഹുലിനെതിരായ പുതിയ പരാതി. ഗർഭിണിയാകാനും ഗർഭം അലസിപ്പിക്കാനും മറ്റൊരു യുവതിയോട് രാഹുൽ നിർബന്ധിക്കുന്ന ഓഡിയോ പുറത്തുവന്നിരുന്നു. സമാന പരാതിയാണ് ഈ കേസിലും ഉയർന്നിരിക്കുന്നത്. ആദ്യ കേസിൽ രാഹുലിന്റെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി, ഇതിന്റെ കാലാവധി ഈ മാസം 21 വരെ നീട്ടിയിരുന്നു. രണ്ടാം കേസിൽ രാഹുലിന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.
Adjust Story Font
16

