രാഹുലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണം; ഹൈക്കോടതിയിൽ അപ്പീൽ നൽകി സർക്കാർ
വസ്തുതകൾ പരിഗണിക്കാതെയുള്ള ഉത്തരവെന്നാണ് ഹരജിയിലെ സർക്കാർ വാദം

കൊച്ചി: ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ. ജില്ലാ കോടതി തെളിവുകൾ പരിശോധിക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നാണ് ഹരജിയിൽ പ്രധാനമായും ചൂണ്ടിക്കാണിച്ചിരിക്കുന്നത്. മുൻകൂർ ജാമ്യത്തിനായി രാഹുലിന്റെ സുഹൃത്ത് ജോബി ജോസഫ് തിരുവനന്തപുരം ജില്ലാ കോടതിയെ സമീപിച്ചു.
ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിനെ ചോദ്യംചെയ്താണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. രാഹുലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം. വിവാഹ വാഗ്ദാനം ചെയ്ത് രാഹുൽ യുവതിയെ ബലാത്സംഗം ചെയ്തതിന് തെളിവുകൾ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇത് വിശദമായി ജില്ലാ കോടതി പരിശോധിച്ചില്ല. ഇക്കാര്യത്തിൽ കോടതിക്ക് വീഴ്ച പറ്റിയിട്ടുണ്ട്. രാഹുൽ ഒരു സ്ഥിരം കുറ്റവാളിയാണ്.നേരത്തെയും ഒരു ബലാത്സംഗ കേസിൽ രാഹുലിനെ പ്രതി ചേർത്തിട്ടുണ്ട്. ജില്ലാ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. ഇത് ഹൈക്കോടതിയുടെ പരിഗണനയിലാണ്. രണ്ടാമത് രജിസ്റ്റർ ചെയ്ത കേസിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
അതിജീവിതയുടെ പരാതിയിലെയും മൊഴിയിലെയും വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന് തിരുവന്തപുരം ജില്ലാ കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ജോബി ജോസഫും ജില്ലാ കോടതിയെ സമീപിച്ചത്. യുവതി പറഞ്ഞത് അനുസരിച്ചാണ് മരുന്ന് എത്തിച്ചു നൽകിയത്. എന്തിനുള്ള മരുന്നാണെന്നോ അത് കഴിച്ചാൽ ഉണ്ടാകുന്ന ഗുരുതര സ്വഭാവത്തെക്കുറിച്ചോ അറിയുമായിരുന്നില്ല. തന്നെ മനഃപൂർവം കേസിൽ കുടുക്കുകയായിരുന്നുവെന്നും മുൻകൂർ ജാമ്യ അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഗർഭഛിദ്രത്തിന് രാഹുൽ മാങ്കൂട്ടത്തിൽ നിർദ്ദേശിച്ച പ്രകാരം ജോബിയാണ് മരുന്ന് എത്തിച്ചു നൽകിയത് എന്നായിരുന്നു യുവതി നൽകിയിരുന്ന മൊഴി. ജോബിയെ കേസിൽ രണ്ടാം പ്രതിയാക്കിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നത്. കേസെടുത്തതിന് പിന്നാലെ ജോബി ജോസഫ് ഒളിവിലാണ്.
Adjust Story Font
16

