Quantcast

'മക്കയിൽ ഒരു ഹിന്ദു ജനപ്രതിനിധിയാകുമോ? ബി.​ഗോപാലകൃഷ്ണന്റെ ചോദ്യത്തിൽ എന്താണ് തെറ്റ്?'; ന്യായീകരിച്ച് രാജീവ് ചന്ദ്രശേഖർ

കെ.എം ഷാജി മതമാണ് മതമാണ് പ്രശ്നം എന്നു പറയുന്നതിൽ തെറ്റില്ലേയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ചോദിച്ചു

MediaOne Logo

Web Desk

  • Updated:

    2026-03-23 04:52:37.0

Published:

23 March 2026 10:21 AM IST

മക്കയിൽ ഒരു ഹിന്ദു ജനപ്രതിനിധിയാകുമോ? ബി.​ഗോപാലകൃഷ്ണന്റെ ചോദ്യത്തിൽ എന്താണ് തെറ്റ്?; ന്യായീകരിച്ച് രാജീവ് ചന്ദ്രശേഖർ
X

തിരുവനന്തപുരം: ബി.ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവനയെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വിശ്വാസി ആയ ഒരു എംഎല്‍എ വന്നാൽ എന്താണ് പ്രശ്നം എന്നല്ലേ ഗോപാലകൃഷ്ണൻ ചോദിക്കുന്നത്. ചിലരുടെ അഭിപ്രായം അത് വർഗീയ പ്രസംഗം ആണെന്നാണ്. ഗോപാലകൃഷ്ണൻ്റെ ചോദ്യത്തിൽ എന്താണ് തെറ്റെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.

'കെ.എം ഷാജി മതമാണ് മതമാണ് പ്രശ്നം എന്നു പറയുന്നതിൽ തെറ്റില്ലേ?.ബിജെപി പറഞ്ഞാൽ വർഗീയത,മറ്റാരെങ്കിലും മതമാണ് മതമാണ് പ്രശ്നം എന്ന് പറയുമ്പോൾ എന്താണ് ആരും ഒന്നും പറയാത്തത്. വിശ്വാസി ആയ ഒരു എംഎല്‍എ വന്നാൽ എന്താണ് പ്രശ്നം എന്നല്ലേ ഗോപാലകൃഷ്ണൻ ചോദിക്കുന്നത്.അതെങ്ങനെയാണ് വിദ്വേഷ പരാമര്‍ശമാകുന്നത്..'-രാജീവ് ചന്ദ്രശേഖർ ചോദിച്ചു.

48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു എംഎൽഎ ഇല്ലെന്നും ഇടത്-വലത് പക്ഷങ്ങൾ ഹിന്ദു വിഭാഗങ്ങളിൽ നിന്നുള്ളവരെ സ്ഥാനാർഥിയായി പരിഗണിക്കുന്നില്ലെന്നുമായിരുന്നു ഗോപാലകൃഷ്ണന്റെ പരാമർശം. അന്തർദേശീയ തീർഥാടന കേന്ദ്രമായ ഗുരുവായൂരിൽ എന്തുകൊണ്ട് ഹിന്ദു എംഎൽഎ ഉണ്ടായില്ലെന്നും ഗോപാലകൃഷ്ണൻ ചോദിച്ചിരുന്നു. മലപ്പുറം ജില്ലയെ കുറിച്ചും അദ്ദേഹം വിദ്വേഷപരമായ പരാമർശം നടത്തി. മലപ്പുറത്ത് സംവരണ മണ്ഡലങ്ങളിൽ ഒഴികെ മറ്റൊരിടത്തും ഹൈന്ദവ വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർഥികളെ കാണാനില്ലെന്നും ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു.

മാതൃക പെരുമാറ്റം ലംഘിച്ചതിന് ഗുരുവായൂർ ടെമ്പിൾ പൊലീസ് ബി.ഗോപാലകൃഷ്ണനെതിരെ കേസെടുത്തിരുന്നു. പെരുമാറ്റ ചട്ട ലംഘനവും ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകളും ചേർത്താണ് കേസെടുത്തത്. ഗുരുവായൂർ റിട്ടേണിംഗ് ഓഫീസറുടെ പരാതിയിലാണ് നടപടി.

ജനപ്രാതിനിധ്യ നിയമം,1951 ലെ 123(3) വകുപ്പ് പ്രകാരവും ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകൾ പ്രകാരം പരാതിയിൽ കേസെടുക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകിയിരുന്നു. മാതൃകാപെരുമാറ്റ ചട്ടം ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രസ്തുത ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തിട്ടുമുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബിജെപി സ്ഥാനാർഥിയായ ബി. ഗോപാലകൃഷ്ണൻ വിദ്വേഷ പരാമർശം നടത്തിയത്. എൽഡിഎഫ് മണ്ഡലം കമ്മിറ്റിയും കെഎസ് യു ജില്ല പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂരും ഗോപാലകൃഷ്ണനെതിരെ പരാതി നൽകിയിരുന്നു.


TAGS :

Next Story