Quantcast

'അൽപ്പസ്വൽപ്പം മാംസഭുക്കായ ഞാൻ ഇന്നു മുതൽ പൂർണ സസ്യാഹാരി'; പഴയിടത്തിന് പിന്തുണയുമായി രാമസിംഹൻ

"പൂണൂലിട്ടതിന്റെ പേരിൽ ഒരു ഭാരതീയനും അപമാനിക്കപ്പെടരുത്"

MediaOne Logo

Web Desk

  • Published:

    8 Jan 2023 11:42 AM GMT

അൽപ്പസ്വൽപ്പം മാംസഭുക്കായ ഞാൻ ഇന്നു മുതൽ പൂർണ സസ്യാഹാരി; പഴയിടത്തിന് പിന്തുണയുമായി രാമസിംഹൻ
X

കേരള സ്‌കൂൾ കലോത്സവുമായി ബന്ധപ്പെട്ട ഭക്ഷണ വിവാദത്തിൽ പ്രതികരിച്ച് സംവിധായകൻ രാമസിംഹൻ അബൂബക്കർ. പഴയിടം മോഹനൻ നമ്പൂതിരി പടിയിറങ്ങുമ്പോൾ ഒരു സംസ്‌കാരം പടിയിറങ്ങുന്നതായും ഇന്നു മുതൽ സസ്യാഹാരിയായി മാറുകയാണ് എന്നും രാമസിംഹൻ പറഞ്ഞു. ഫേസ്ബുക്കിലാണ് സംവിധായകന്റെ പ്രതികരണം.

കലോത്സവങ്ങളിൽ ഇനി മുതൽ ഭക്ഷണം പാകം ചെയ്യാനില്ലെന്ന് നേരത്തെ പഴയിടം വ്യക്തമാക്കിയിരുന്നു. ജാതീയതയുടെയും വർഗീയതയുടെയും വിത്തുകൾ വാരിയെറിഞ്ഞ സാഹചര്യത്തിൽ ഇനി മുതൽ കലോത്സവ വേദികളെ നിയന്ത്രിക്കുക ഭയമുള്ള കാര്യമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനിടെയാണ് രാമസിംഹൻ പഴയിടത്തിന് പിന്തുണ പ്രഖ്യാപിച്ചത്.

'പഴയിടമല്ല പടിയിറങ്ങുന്നത്, ഒരു സംസ്‌കാരമാണ്. ആരെയും നോവിക്കാത്ത വിശ്വാസം കൊണ്ട് ആരെയും വധിക്കാത്ത സംസ്‌കാരം.. പൂണൂൽ ജ്ഞാനത്തിന്റെ ലക്ഷണമാണ്, വിദ്യാരംഭം തൊട്ട് കൂടെചേരുന്ന അടയാളം, അത് രാമസിംഹനും രാമസിംഹന്റെ മക്കൾക്കും ഇന്ന് ധരിക്കാൻ അവകാശമുണ്ട് ജ്ഞാന ഗംഗയിലേക്ക് ഊളിയിടാൻ തീരുമാനിച്ചാൽ.. കേവലം ജന്മസിദ്ധി മാത്രമല്ല അതെന്ന് ഇപ്പോൾ എനിക്ക് പൂർണ്ണ ബോധ്യമുണ്ട്.' - അദ്ദേഹം കുറിച്ചു.

'പഴയിടം പടിയിറങ്ങുമ്പോൾ പടിയിറങ്ങുന്നത് സംസ്‌കാരമാണ്.. പക്ഷേ തോറ്റു കൊടുക്കാൻ എനിക്കാവുന്നില്ല.. ആകയാൽ അല്പസ്വല്പം മാംസഭുക്കായ ഞാൻ ഇന്ന് മുതൽ പൂർണ്ണ സസ്യാഹാരിയായി മാറുന്നു.. സമരം തുടങ്ങേണ്ടത് എന്നിൽ നിന്നാണെന്ന പൂർണ്ണ ബോധ്യത്തോടെ സമരം എന്നിൽ നിന്ന് തന്നെ തുടങ്ങുന്നു. എനിക്കെന്റെ പൈതൃകം സംരക്ഷിക്കാൻ ബാധ്യതയുണ്ട്... പൂണൂലിട്ടതിന്റെ പേരിൽ ഒരു ഭാരതീയനും അപമാനിക്കപ്പെടരുത്.' - അദ്ദേഹം കൂട്ടിച്ചേർത്തു.

കുറിപ്പിന്റെ പൂർണരൂപം

പഴയിടം പടിയിറങ്ങുമ്പോൾ

നാം അപമാന ഭാരം കൊണ്ട് തല താഴ്ത്തണം.. ഒപ്പം വിഘടന വാദികളുടെ ബ്രാഹ്‌മണ വിരോധത്തിന്റെ വിജയക്കൊടി പാറിപ്പറക്കുന്നത് കണ്ട് ആഹ്ലാദിക്കാം...

പഴയിടമല്ല പടിയിറങ്ങുന്നത്, ഒരു സംസ്‌കാരമാണ്. ആരെയും നോവിക്കാത്ത വിശ്വാസം കൊണ്ട് ആരെയും വധിക്കാത്ത സംസ്‌കാരം..

പൂണൂൽ ജ്ഞാനത്തിന്റെ ലക്ഷണമാണ്, വിദ്യാരംഭം തൊട്ട് കൂടെചേരുന്ന അടയാളം, അത് രാമസിംഹനും രാമസിംഹന്റെ മക്കൾക്കും ഇന്ന് ധരിക്കാൻ അവകാശമുണ്ട് ജ്ഞാന ഗംഗയിലേക്ക് ഊളിയിടാൻ തീരുമാനിച്ചാൽ..

കേവലം ജന്മസിദ്ധി മാത്രമല്ല അതെന്ന് ഇപ്പോൾ എനിക്ക് പൂർണ്ണ ബോധ്യമുണ്ട്. പൂണൂലിട്ട ഈഴവർ എന്റെ സൗഹൃദത്തിലുണ്ട്, അവർ ഗുരുവിൽ നിന്നും താന്ത്രിക വിദ്യ പഠിച്ചവരാണ്. അപ്പോൾ പൂണൂലിനോടുള്ള വിരോധം കേവലം വംശീയമല്ല, സാംസ്‌കാരിക വിരുദ്ധത തന്നെയാണ്, സനാതന ധർമ്മത്തോടുള്ള വൈരാഗ്യബുദ്ധിതന്നെയെന്ന് ഉറപ്പിച്ചു പറയണം..

പാതിനാരായിരക്കണക്കിൽ വർഷങ്ങളായി വേദശബ്ദം നില നിന്ന് പോരുന്നതിലുള്ള അടങ്ങാത്ത പക.. തല്ലിക്കെടുത്തിയിട്ടും കെടാതെ കത്തുന്ന വേദ പ്രകാശത്തോടുള്ള അടങ്ങാത്ത പക...

ധർമ്മം അന്നത്തിനു ജാതി കല്പിച്ചിട്ടില്ല പക്ഷേ രാജസം, സാത്വികം, താമസം എന്ന ഗുണം നൽകിയിട്ടുണ്ട്, അത് ആധുനിക ശാസ്ത്രവും അംഗീകരിക്കുന്നു... വ്യക്തി സ്വഭാവവും ഭക്ഷണവും പരസ്പരം ബന്ധപ്പെട്ടിട്ടുണ്ട്. ജാതി മതത്തിലുപരി സസ്യബുക്കുകളും മാംസബുക്കുകളുമുണ്ട്.. എല്ലാവരും ഒരേപോലെ അംഗീകരിക്കുന്ന ഒന്നാണ് സസ്യാഹാരം ഉഷ്ണം കുറയ്ക്കുമെന്ന്.. മൂന്നോ നാലോ ദിവസം സസ്യാഹാരം കഴിച്ചതിന്റെ പേരിൽ ആരും മരണപ്പെട്ടിട്ടുമില്ല.. അവിടെയാണ് പൂണൂലിട്ടവന്റെ ഭക്ഷണം എന്നരീതിയിൽ വ്യാഖ്യാനവും അന്നം പ്രസാദമാവുന്നതും..

തികച്ചും പക, ഹിന്ദു സംസ്‌കാരത്തോടുള്ള പക... കമ്യുണിസ്റ്റുകളാണ് നേതൃത്വം കൊടുക്കുന്നതെങ്കിലും പിന്നണിയിൽ ഇസ്ലാമിക് അജണ്ട തന്നെയാണ്, തികഞ്ഞ ഹലാൽ വത്കരണം... ഗീതാ പാരായണമില്ലാതെ ഖുർആൻ പാരായണം നടത്തുന്ന കലോത്സവങ്ങളിൽ ഇത്തരം അജണ്ട ചേക്കേറുന്നത് സ്വാഭാവികം..

ആദ്യം അവർ നിങ്ങളെ അവരുടെ ഭക്ഷണ രീതിയിലേക്ക് ആനയിക്കും, പിന്നെ വസ്ത്ര രീതിയിലേക്ക്, അതുകഴിഞ്ഞു വിശ്വാസപ്രമാണങ്ങളിലേക്ക്..

ഒരു രാജ്യത്തിന്റെ പൈതൃകം വളരെയെളുപ്പം തകർക്കാൻ കഴിയുന്നത് സംസ്‌കാരത്തെ തകർക്കുന്നതിലൂടെയാണ്..

പഴയിടം പടിയിറങ്ങുമ്പോൾ പടിയിറങ്ങുന്നത് സംസ്‌കാരമാണ്.. പക്ഷേ തോറ്റു കൊടുക്കാൻ എനിക്കാവുന്നില്ല.. ആകയാൽ അല്പസ്വല്പം മാംസഭുക്കായ ഞാൻ ഇന്ന് മുതൽ പൂർണ്ണ സസ്യാഹാരിയായി മാറുന്നു..

സമരം തുടങ്ങേണ്ടത് എന്നിൽ നിന്നാണെന്ന പൂർണ്ണ ബോധ്യത്തോടെ സമരം എന്നിൽ നിന്ന് തന്നെ തുടങ്ങുന്നു.

എനിക്കെന്റെ പൈതൃകം സംരക്ഷിക്കാൻ ബാധ്യതയുണ്ട്... പൂണൂലിട്ടതിന്റെ പേരിൽ ഒരു ഭാരതീയനും അപമാനിക്കപ്പെടരുത്.



TAGS :

Next Story