കോട്ടയത്ത് നടന്നത് വന്യമൃഗങ്ങളെപ്പോലും ലജ്ജിപ്പിക്കുന്ന ക്രൂരത: രമേശ് ചെന്നിത്തല
സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളിൽ റാഗിങ്ങിനെതിരെ ശക്തമായ നീക്കം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

തിരുവനന്തപുരം: കോട്ടയം ഗവൺമെന്റ് നഴ്സിങ് കോളജിന്റെ ഹോസ്റ്റലിൽ നടന്നത് വന്യമൃഗങ്ങളെപ്പോലും ലജ്ജിപ്പിക്കുന്ന ക്രൂരതയാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. വിദ്യാർഥികളോട് ഇവർ റാഗിങ്ങെന്ന പേരിൽ ചെയ്തത് ചങ്കു തകർക്കുന്ന ക്രൂരതകളാണ്. കേരളത്തിലെ വിദ്യാർഥികൾക്ക് എന്താണ് സംഭവിക്കുന്നത് എന്നു മനസിലാകുന്നില്ല. മനുഷ്യത്വം നഷ്ടപ്പെട്ട് മൃഗതുല്യരായി മാറുകയാണ് ഒരു വിഭാഗം. എന്നിട്ട് ക്രൂരതകളുടെ വീഡിയോ എടുത്തു രസിക്കുന്നു.
സിപിഎം അനുകൂല വിദ്യാർഥി സംഘടനയുടെ സംസ്ഥാന സെക്രട്ടറി അടക്കമാണ് ക്രൂരമായ റാഗിങ്ങിന് അറസ്റ്റിലായിരിക്കുന്നത്. സിപിഎമ്മിന്റെ വിദ്യാർഥി സംഘടനാ നേതാക്കളായി മനുഷ്യത്വം മരവിച്ചവരെയാണ് കൊണ്ടുവരുന്നത്. ഇവരൊക്കെ നാളെ നാടിനെ നയിക്കാൻ തുടങ്ങിയാലുള്ള അവസ്ഥ ഊഹിക്കാൻ പോലുമാകുന്നില്ല. വയനാട് വെറ്ററിനറി കോളജിലെ സിദ്ധാർഥ് എന്ന വിദ്യാർഥിയെ അതിക്രൂമായി റാഗ് ചെയ്തു എസ്എഫ്ഐ ഗുണ്ടാ സംഘം കൊന്നു കളഞ്ഞതിന്റെ ചോരയുണങ്ങും മുമ്പാണ് മറ്റൊരു സിപിഎം വിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ കോട്ടയത്തത് സമാനമായ സംഭവങ്ങൾ അരങ്ങേറിയിരിക്കുന്നത്. ഇത് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടില്ലായിരുന്നെങ്കിൽ വീണ്ടും വിദ്യാർഥികൾ മരിച്ചു വീണേനെ.
ഈ ക്രൂരന്മാരായ കുറ്റവാളികളെ വെറുതെ വിടാൻ പാടില്ല. ഇവർക്കു ഏറ്റവും കടുത്ത ശിക്ഷ തന്നെ നൽകണം. സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളിൽ റാഗിങ്ങിനെതിരെ ശക്തമായ നീക്കം നടത്തണം. ആന്റി റാഗിങ് സ്‌ക്വോഡുകൾ രൂപീകരിക്കണം. കുറ്റക്കാരെ ഉടനടി കോഴ്സുകളിൽ നിന്നും പുറത്താക്കണം. സ്‌കൂളുകളിൽ പോലും ഇത്തരം കൊടുംക്രൂതകൾ നടക്കുന്നതിന്റെ റിപ്പോർട്ടുകൾ പുറത്തു വരുന്നു. അടുത്തിടെ കൊച്ചിയിലെ സ്‌കൂളിൽ ഒമ്പതാം ക്ലാസുകാരൻ ആത്മഹത്യ ചെയ്തത് ഇതേപോലെ പീഡനത്തിന്റെ ഫലമണ്. ശക്തമായ നടപടികൾ വേണം. ഇനി ക്യാമ്പസുകളിൽ ചോര വീഴരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Adjust Story Font
16

