ശബ്ദ രേഖ വിവാദം; പുറത്ത് വന്നത് അഴിമതിയുടെ ഒരറ്റം മാത്രം, സിപിഎം അഴിമതിയുടെ കൂത്തരങ്ങായി; രമേശ് ചെന്നിത്തല
ഗുരുതര സാമ്പത്തിക ക്രമക്കേടാണ് നടന്നതെന്നും പ്രത്യേക അന്വേഷണസംഘത്തെ വെച്ച് കേസ് അന്വേഷിക്കണമെന്നും ചെന്നിത്തല മാധ്യങ്ങളോട് പറഞ്ഞു

തിരുവനന്തപുരം : തൃശൂരിലെ ശബ്ദരേഖയിലൂടെ പുറത്ത് വന്നത് സിപിഎമ്മിലെ അഴിമതിയുടെ ഒരറ്റം മാത്രമാണെന്നും തുടർഭരണത്തിന്റെ വെളിച്ചത്തിൽ പണം സമ്പാദിക്കാനാണ് സിപിഎം ശ്രമമെന്നും രമേശ് ചെന്നിത്തല. ഗുരുതര സാമ്പത്തിക ക്രമക്കേടാണ് നടന്നതെന്നും പ്രത്യേക അന്വേഷണസംഘത്തെ വെച്ച് കേസ് അന്വേഷിക്കണമെന്നും അദ്ദേഹം മാധ്യങ്ങളോട് പറഞ്ഞു.
കപ്പലണ്ടി വിറ്റു നടന്നവൻ എങ്ങനെ കോടിക്കണക്കിന് രൂപയുടെ ഉടമയായെന്നതും മന്ത്രി അടക്കം അഴിമതി ചെയ്‌തെന്നതും ഡിവൈഎഫ്‌ഐയുടെ ജില്ലാ സെക്രട്ടറി തന്നെയാണ് പറഞ്ഞത്. സമാനമായിരുന്നു കരുവന്നൂർ ബാങ്ക് തട്ടിപ്പും. അഴിമതിക്കാരായ ആളുകളെ സിപിഎം സംരക്ഷിക്കുകയാണ്. തുടർഭരണത്തിന്റെ വെളിച്ചത്തിൽ സിപിഎം അഴിമതിയുടെ കുത്തരങ്ങായി മാറിയെന്നും ചെന്നിത്തല ആരോപിച്ചു.
പിണറായിയുടെ പൊലീസിന് ഭ്രാന്ത് പിടിച്ചോ? സി പിഎമ്മിനെതിരെ പ്രതിഷേധിച്ച കെഎസ്‌യു പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ചു കോടതിയിൽ ഹാജരാക്കിയത് എന്തിനായിരുന്നെന്നും അദ്ദേഹം ചോദിച്ചു. കെഎസ്‌യു കുട്ടികളെന്താ കൊള്ളക്കാരാണോ എന്നും പൊലീസിന് ജനവിരുദ്ധ നിലപാടാണെന്നും ചെന്നിത്തല ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് തൃശൂർ ജില്ലയിലെ സിപിഎം നേതാക്കൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുയർത്തിക്കൊണ്ടുള്ള ഡിവൈഎഫ്‌ഐയുടെ ജില്ലാ സെക്രട്ടറി ശരത്പ്രസാദ് നടത്തിയ ഫോൺ സംഭാഷണം പുറത്ത് വന്നത്. പണ്ട് തൃശൂർ ടൗണിൽ കപ്പലണ്ടി വിറ്റു നടന്ന എം.കെ കണ്ണൻ കോടിപതിയാണെന്നും എ.സി മൊയ്തീന്റെ ഇടപാടുകൾ അപ്പർക്ലാസിലെ ആളുകളുമായാണെന്നും ശബ്ദരേഖയിൽ ആരോപണമുണ്ട്. കരുവന്നൂർ കേസിൽ പ്രതിക്കൂട്ടിലായ നേതാക്കൾക്കെതിരെയാണ് ഈ ശബ്ദരേഖയിലെ പരാമർശം. ശരത് പ്രസാദിനോട് വിശദീകരണം തേടി നോട്ടീസ് നൽകാൻ ഒരുങ്ങുകയാണ് പാർട്ടി നേതൃത്വം.
Adjust Story Font
16

