'നേതാവായി ഒരു സുപ്രഭാതത്തിൽ പൊട്ടിവീണതല്ല, സൈക്കിളിൽ പോയി പാർട്ടി പ്രവർത്തനം നടത്തിയിട്ടുണ്ട്: രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തലയുടെ ഭരണ മികവിനെ പുകഴ്‌ത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരൻ രംഗത്തെത്തിയിരുന്നു

കൊച്ചി: മുഖ്യമന്ത്രി ചർച്ചക്കിടെ കോൺഗ്രസിലെ തൻ്റെ പ്രവർത്തന പാരമ്പര്യം ഓർത്തെടുത്ത് രമേശ് ചെന്നിത്തല. നേതാവായി ഒരു സുപ്രഭാതത്തിൽ പൊട്ടിവീണ ആളല്ല താൻ. സൈക്കിളിൽ പോയി പാർട്ടി പ്രവർത്തനം നടത്തിയിട്ടുണ്ട്. ഇന്ന് സോഷ്യൽ മീഡിയയിൽ എഴുതിയാൽ നേതാവാകുമെന്നും ചെന്നിത്തല പറഞ്ഞു. എറണാകുളത്ത് പി.കെ ഡീവർ പുരസ്‌കാര സമർപ്പണ വേദിയിലായിരുന്നു പ്രതികരണം. രമേശ് ചെന്നിത്തലയുടെ ഭരണ മികവിനെ പുകഴ്‌ത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരൻ രംഗത്തെത്തിയിരുന്നു.
തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി വേണുഗോപാൽ, വി.ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ ചർച്ചയായിരുന്നു. മൂന്നുപേരെയും പിന്തുണയ്ക്കുന്നവർ പരസ്യപ്രതികരണവുമായി സോഷ്യൽ മീഡിയയിലും പുറത്തും രംഗത്ത് വന്നിരുന്നു.
ഇതിനിടെ കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചക്കിടെ വി.ഡി സതീശനെ പിന്തുണച്ച് ആലുവ തോട്ടുമുക്കത്ത് കുറ്റൻ ബോർഡും ഉയർന്നിരുന്നു. 'കേരളം ജയിക്കും, യുഡിഎഫ് നയിക്കും' എന്നായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ടാഗ് ലൈൻ. ഇതേ രീതിയിലാണ് സതീശൻ നയിക്കും എന്ന ഫ്‌ളക്‌സ് സ്ഥാപിച്ചിരിക്കുന്നത്.
കെ.സി വേണുഗോപാൽ വരട്ടെയെന്ന് കെ.സുധാകരൻ പരസ്യമായി പറഞ്ഞിരുന്നു. മുഖ്യമന്ത്രി എറണാകുളത്ത് നിന്നുള്ള ആളാവണം എന്നായിരുന്നു ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പ്രതികരണം. ഇതിനിടെയാണ് സതീശനെ പിന്തുണച്ച് കൂറ്റൻ ഫ്‌ളക്‌സ് സ്ഥാപിച്ചിരിക്കുന്നത്.
എന്നാൽ, തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സംഘടനയ്ക്ക് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കുന്ന വിധം പരസ്യപ്രസ്താവന നടത്തുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് കെപിസിസി. പത്ര, ദൃശ്യ, സമൂഹ മാധ്യമങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ പരസ്യ പ്രസ്താവനകൾ നടത്തരുതെന്നും അനുചിതമായ നടപടിയിൽ നിന്ന് എല്ലാവരും മാറി നിൽക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം അത് അച്ചടക്കലംഘനമായി കണക്കാക്കുമെന്നും കെപിസിസി പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.
ഇത്തരം പ്രസ്താവനകൾ കോൺഗ്രസ് അണികളിലും യുഡിഎഫിനെ പിന്തുണച്ച ജനവിഭാഗങ്ങളിലും കടുത്ത അസംതൃപ്തിയാണ് ഉണ്ടാക്കിയിട്ടള്ളത്. ഇത്തരം ചർച്ചകളിൽ നിന്ന് പിന്തിരിയാൻ എഐസിസിയും ഇക്കാര്യത്തിൽ കർശനമായ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ അത് മുഖവിലയ്‌ക്കെടുക്കാതെ അത്തരം നടപടികൾ ചിലർ തുടരുന്ന പശ്ചാത്തലത്തിലാണ് കർശന നിർദേശം നൽകാൻ കെപിസിസി വീണ്ടും നിർബന്ധിതമായതെന്നും സണ്ണി ജോസഫ് പറഞ്ഞു.
തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവമായത്. മുഖ്യമന്ത്രി എറണാകുളത്ത് നിന്നുള്ള ആളാവണമെന്ന് പറഞ്ഞ് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആണ് ചർച്ചക്ക് തുടക്കമിട്ടത്. പിന്നാലെ ഇത് തള്ളി എം.ലിജു രംഗത്തെത്തി. കെ.സി വേണുഗോപാലിന് പിന്തുണയുമായി കെ.സുധാകരനും രംഗത്തെത്തിയതോടെ സോഷ്യൽ മീഡിയയിലും പുറത്തും ചർച്ച സജീവമായി. വി.ഡി സതീശൻ നയിക്കട്ടെ എന്ന് പറഞ്ഞ് ആലുവയിൽ കൂറ്റൻ ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിനിടെ 'കേരള യാത്ര' എന്ന പേരിൽ രമേശ് ചെന്നിത്തല പോഡ്കാസ്റ്റ് ആരംഭിക്കാനുള്ള നീക്കത്തിലാണ്.
Adjust Story Font
16

