'ആ രാത്രി ഞാൻ മറക്കില്ല, അന്ന് കരഞ്ഞതുപോലെ അതിന് മുമ്പും പിമ്പും കരഞ്ഞിട്ടില്ല'; രാജീവ് ഗാന്ധിയെ ഓർമിച്ച് രമേശ് ചെന്നിത്തല
തന്നെ വാത്സല്യത്തോടെ ചേർത്തുപിടിച്ച വലിയ സാന്നിധ്യവും പ്രചോദനവുമായിരുന്നു രാജീവ് ഗാന്ധിയെന്നും ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ ഓർമിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശ്രീപെരുമ്പതൂരിൽ അന്ന് ചിതറി വീണത് ഒരു രാഷ്ട്രത്തിന്റെ സ്വപ്‌നങ്ങളായിരുന്നു. തനിക്ക് നഷ്ടമായത് എന്നും ആരാധനയോടെ മാത്രം കണ്ട, വാത്സല്യത്തോടെ ചേർത്തുപിടിച്ച വലിയ സാന്നിധ്യവും പ്രചോദനവുമായിരുന്നുവെന്നും ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ആ രാത്രി ജീവിതത്തിലൊരിക്കലും ഞാന്‍ മറക്കില്ല. അന്നു കരഞ്ഞതു പോലെ അതിനു മുമ്പും പിമ്പും കരഞ്ഞിട്ടുമില്ല. ശ്രീപെരുമ്പതൂരില്‍ അന്ന് ചിതറി വീണത് ഒരു രാഷ്ട്രത്തിന്റെ സ്വപ്‌നങ്ങളായിരുന്നു. എനിക്കു നഷ്ടപ്പെട്ടത് എന്നും ആരാധനയോടെ മാത്രം കണ്ട, വാല്‍സല്യത്തോടെ ചേര്‍ത്തു പിടിച്ച, ഒരു വലിയ സാന്നിധ്യവും പ്രചോദനവുമായിരുന്നു. ആ നഷ്ടം അന്നുമുതലിങ്ങോളം ഉള്ളിലുണ്ട്. ഹൃദയത്തില്‍ ഒരു ബ്‌ളേഡ് കൊണ്ടു വരഞ്ഞപോലെ നീറ്റല്‍ ബാക്കിയുണ്ട്.
അത്രമേല്‍ വലിയ സ്വാധീനമായിരുന്നു രാജീവ് ഗാന്ധിയെന്ന വലിയ മനുഷ്യന്‍ - ഇന്ത്യയ്ക്കും എനിക്കും. രാജ്യത്തെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ചയാള്‍. ആധുനിക ഇന്ത്യയെ സ്വപ്‌നം കണ്ടൊരാള്‍. ഞങ്ങളുടെ യുവത്വങ്ങളെ കൈപിടിച്ചു നടത്തിയ ഒരാള്‍.
ഊഷ്മളമായ നിരവധി ഓര്‍മ്മകള്‍ ഉള്ളില്‍ നിറയുന്നുണ്ട്. അതിലൊന്ന് എന്റെ വിവാഹവുമായി ബന്ധപ്പെട്ടാണ്. തിരക്കുകള്‍ കാരണം വിവാഹത്തിനെത്താന്‍ കഴിയില്ലെന്നും എന്നാല്‍ ഡല്‍ഹിയില്‍ റിസപ്ഷന്‍ വെയ്ക്കുകയാണെങ്കില്‍ തീര്‍ച്ചയായും എത്താമെന്നും അദ്ദേഹം വാക്കു തന്നു. ഡല്‍ഹി കേരള ഹൗസില്‍ റിസപ്ഷന്‍ നടക്കുമ്പോള്‍ പാര്‍ലമെന്റില്‍ ഷാബാനു കേസുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ച നടക്കുകയാണ്. പക്ഷേ ആ തിരക്കിനിടയിലും പ്രധാനമന്ത്രി കേരള ഹൗസില്‍ വന്നു. ഞങ്ങളെ അനുഗ്രഹിച്ചു. സമ്മാനമായി ഒരു മോതിരം തന്നു. ഇന്നും ആ മോതിരം മധുരമുള്ള ഓര്‍മ്മയായി സൂക്ഷിച്ചു വെച്ചിട്ടുണ്ട്.
അന്ന് ഞാനും മമതാബാനര്‍ജിയും അടക്കമുള്ള അഞ്ച് ദേശീയ ജനറല്‍ സെക്രട്ടറിമാരാണ് യൂത്ത് കോണ്‍ഗ്രസിന്. അന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായിരുന്ന ആനന്ദ് ശര്‍മ്മ ശുപാര്‍ശ ചെയ്തതനുസരിച്ച് എന്നെ കേരളത്തിന്റെ സംസ്ഥാനപ്രസിഡന്റാക്കുകയാണ് എന്ന് രാജീവി ഗാന്ധി അറിയിച്ചു. അന്ന് കേരളത്തിന്റെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ജി. കാര്‍ത്തികേയനാണ്. എന്നെ കേരളത്തിലേക്ക് അയയ്ക്കുകയാണെങ്കില്‍ കെ.പിസിസി ജനറല്‍ സെക്രട്ടറിയായി കാര്‍ത്തികേയനെു നിയമനം നല്‍കണമെന്നു ഞാന്‍ അഭ്യര്‍ഥിച്ചു. അദ്ദേഹം അത് ചെവിക്കൊണ്ടു. അടുത്ത ദിവസം തന്നെ പ്രഖ്യാപനം നടത്താന്‍ കോണ്‍ഗ്രസിന്റെ സംഘടനാചുമതലയുണ്ടായിരുന്ന ജി.കെ മൂപ്പനാരോട് ആവശ്യപ്പെട്ടു.
അദ്ദേഹം മരിക്കുന്നതിന് ഒരാഴ്ച മുമ്പായിരുന്നു ബാബു ചാഴിക്കാടന്‍ മരിക്കുകയും എനിക്കു പരുക്കേല്‍ക്കുകയും ചെയ്ത ഇടി മിന്നല്‍ ദുരന്തമുണ്ടായത്. വിവരമറിഞ്ഞ് അദ്ദേഹം ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞു. ധൈര്യം പകര്‍ന്നു. പക്ഷേ പകര്‍ന്നു തന്ന എല്ലാ കരുത്തുകള്‍ക്കും ഒരാഴ്ച കൂടിയേ ആയുസുണ്ടായിരുന്നുള്ളു. ഒരു രാഷ്ട്രത്തെ തന്നെ കണ്ണീരിലും ഇരുട്ടിലും തനിച്ചാക്കി അദ്ദേഹം യാത്ര പറയാതെ പോയി. പ്രിയപ്പെട്ട രാജീവ് ജി, ഞങ്ങളിന്നും എന്നും അങ്ങയെ ഓര്‍ക്കുന്നു. ഓര്‍മ്മകളില്‍ മധുരവും കണ്ണിരിന്റെ ഉപ്പും ബാക്കിയുണ്ട്.
Adjust Story Font
16

