Quantcast

തൃക്കാക്കരയിലെ എൽഡിഎഫ് തോൽവി അഹങ്കാരത്തിനേറ്റ പ്രഹരം- രമ്യ ഹരിദാസ് എംപി

'ജനമനസുകളിൽ ഇന്നും കോൺഗ്രസിനോട്,യുഡി.എഫിനോട് മുഹബത്താണ്..'

MediaOne Logo

Web Desk

  • Published:

    3 Jun 2022 2:41 PM GMT

തൃക്കാക്കരയിലെ എൽഡിഎഫ് തോൽവി അഹങ്കാരത്തിനേറ്റ പ്രഹരം- രമ്യ ഹരിദാസ് എംപി
X

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ തോൽവി അഹങ്കാരത്തിനേറ്റ പ്രഹരമെന്ന് രമ്യ ഹരിദാസ് എംപി.

പൊതുജനം ഒറ്റക്കെട്ടായി എതിർത്ത പദ്ധതികൾ പോലും നടപ്പാക്കുമെന്ന് ആണയിട്ട, ധിക്കാരവും ധാർഷ്ട്യവും നിറഞ്ഞ അധികാര നേതൃത്വത്തിന്റെ അഹങ്കാരത്തിനുള്ള തിരിച്ചടിയാണ് തൃക്കാക്കരയിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നതെന്ന് രമ്യ പറഞ്ഞു.

സെക്രട്ടേറിയറ്റ് പോലും തൃക്കാക്കരയിലേക്ക് പറിച്ചുനട്ടു വോട്ട് ചോദിച്ചിട്ടും മനസു മാറാത്ത നന്മയുടെ കൂടെ നിന്ന തൃക്കാക്കരയിലെ പ്രിയപ്പെട്ട വോട്ടർമാരേ നിങ്ങൾക്ക് നന്ദി പറയുന്നതായും അവർ പറഞ്ഞു. ' ഉമച്ചേച്ചിക്ക് ലഭിച്ച ഓരോ വോട്ടും ചിട്ടയായ പ്രവർത്തനത്തിന്റെ ബാക്കിപത്രമാണ്..ജനമനസ്സുകളിൽ ഇന്നും കോൺഗ്രസിനോട്,യുഡി.എഫിനോട് മുഹബ്ബത്താണ്..' - രമ്യ ഹരിദാസ് കൂട്ടിച്ചേർത്തു.

.ഉമ തോമസിൻറെ വിജയം കാൽ ലക്ഷത്തിനു മുകളിൽ (25016) റെക്കോർഡ് ഭൂരിപക്ഷം നേടിയാണ്. മണ്ഡലത്തിലെ ഏറ്റവും കൂടിയ ഭൂരിപക്ഷമാണിത്.

ആദ്യ രണ്ട് റൗണ്ടിലെ വോട്ടെണ്ണൽ അവസാനിച്ചപ്പോൾ തന്നെ ഉമ തോമസ് വിജയം ഉറപ്പിച്ചിരുന്നു. ഭൂരിപക്ഷം എത്രയായിരിക്കും എന്നു മാത്രമേ അറിയാനുണ്ടായിരുന്നുള്ളൂ. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫിന് ലീഡ് നേടാനായില്ല.

ആകാംക്ഷയുടെ മണിക്കൂറുകൾക്ക് വിരാമമിട്ട് രാവിലെ എട്ട് മണിയോടെ പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ യു.ഡി.എഫിന് ഒരു വോട്ടിന്റെ ലീഡ്. ആകെയുള്ള 10 പോസ്റ്റൽ വോട്ടുകളിൽ ഉമാ തോമസിന് മൂന്നും എൽ.ഡി.എഫിനും ബി.ജെ.പിക്കും രണ്ട് വീതം വോട്ടും ലഭിച്ചു. മൂന്നെണ്ണം അസാധുവായി. 21 ബൂത്തുകളുള്ള ആദ്യ റൗണ്ട് പൂർത്തിയായപ്പോൾ ഉമാ തോമസിന് 2249 വോട്ടിന്റെ ലീഡ്. ഇത്രയും ബൂത്തുകളിൽ കഴിഞ്ഞ തവണ പി.ടി തോമസിന് ലഭിച്ചതിന്റെ ഇരട്ടി വോട്ട്. അപ്പോഴേക്കും വോട്ടെണ്ണൽ കേന്ദ്രമായ മഹാരാജാസ് കോളജിന് പുറത്തും ഡിസിസി ഓഫീസിലും യു.ഡി.എഫ് പ്രവർത്തകർ ആഘോഷം തുടങ്ങി.

ആദ്യ റൗണ്ടിൽ കഴിഞ്ഞ തവണ 1258 ആയിരുന്നു പി.ടി തോമസിൻറെ ലീഡ്. അതേസമയം ഉമ തോമസ് 2249 വോട്ടിൻറെ ലീഡ് സ്വന്തമാക്കി. രണ്ടാം റൗണ്ടിൽ 1180 വോട്ടിൻറെ ലീഡാണ് പി.ടിക്ക് ഉണ്ടായിരുന്നതെങ്കിൽ ഉമയ്ക്ക് 1969 വോട്ടിൻറെ ലീഡ് ലഭിച്ചു. മൂന്നാം റൌണ്ടിൽ 597 വോട്ടിൻറെ ലീഡാണ് പി.ടിക്ക് ഉണ്ടായിരുന്നതെങ്കിൽ 2371 വോട്ടിൻറെ ലീഡ് ഉമ സ്വന്തമാക്കി. നാലാം റൌണ്ടിൽ പി.ടിയുടെ ലീഡ് 1331 വോട്ടായിരുന്നു. എന്നാൽ ഉമയുടെ ലീഡ് 2401 വോട്ടാണ്. ഇങ്ങനെ ഓരോ റൌണ്ടിലും ഉമ തോമസ് ലീഡ് ഉയർത്തിക്കൊണ്ടുവന്നു.

പിന്നീട് എണ്ണിയ ഓരോ ബൂത്തും ഉമ തോമസിന്റെ ഭൂരിപക്ഷം ഉയർത്തിക്കൊണ്ടിരുന്നു. നാലാം റൗണ്ട് കൂടി കഴിഞ്ഞതോടെ ലീഡ് 12,000 കടന്നു. ഏഴാം റൗണ്ട് എത്തിയപ്പോൾ 2021ൽ പി.ടി തോമസ് നേടിയ ഭൂരിപക്ഷവും മറികടന്ന് ലീഡ് 14,903ലെത്തി. കുതിപ്പ് ഓരോ ഘട്ടത്തിലും തുടർന്നുകൊണ്ടേയിരുന്നു.

മണ്ഡലത്തിലെ പോളിങ് ശതമാനം 68.77 ആയിരുന്നു. മണ്ഡലത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 1,96,805 ആണ്. 101530 സ്ത്രീ വോട്ടർമാരും 95274 പുരുഷ വോട്ടർമാരുമാണുള്ളത്. വോട്ട് രേഖപ്പെടുത്തിയവരാകട്ടെ 1,35,342 പേരാണ്. 68175 സ്ത്രീകളും 67166 പുരുഷന്മാരും വോട്ട് ചെയ്തു. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ ഒരാളാണ് വോട്ട് ചെയ്തത്.

11 റൗണ്ടിൽ 21 ബൂത്ത് വീതവും അവസാന റൗണ്ടിൽ 8 ബൂത്തുമാണ് എണ്ണിയത്. ഇടപ്പളളി മേഖലയിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. രണ്ടാം റൗണ്ടിൽ മാമംഗലം, പാലാരിവട്ടം, പാടിവട്ടം, വെണ്ണല ബൂത്തുകളിലേക്ക് വോട്ടെണ്ണൽ കടന്നു. മൂന്നാം റൗണ്ടിൽ ചളിക്കവട്ടം, മാമംഗലം ബൂത്തുകളും നാലാം റൗണ്ടിൽ തമ്മനം, പൊന്നുരുന്നി, കാരണക്കോടം ബൂത്തുകളും അഞ്ചാം റൗണ്ടിൽ വൈറ്റില മേഖലയിലെ ബൂത്തുകളും എണ്ണി. അവസാന റൗണ്ടിൽ ചിറ്റേത്തുകര, മാവേലിപുരം ബൂത്തുകളാണ് എണ്ണിയത്.

കണയന്നൂർ താലൂക്കിൽ ഉൾപ്പെടുന്ന കൊച്ചി നഗരസഭയുടെ 31, 33, 34, 36 മുതൽ 51 വരെയുള്ള വാർഡുകളും തൃക്കാക്കര നഗരസഭയും ചേർന്നതാണ് തൃക്കാക്കര നിയമസഭാ മണ്ഡലം. 2011ലാണ് മണ്ഡലം രൂപീകരിക്കപ്പെട്ടത്. മൂന്ന് തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫാണ് ഇവിടെ വിജയിച്ചത്. 2011ൽ ബെന്നി ബെഹന്നാനും 2016ലും 2021ലും പി.ടി തോമസുമാണ് ജയിച്ചത്. 2016ൽ സെബാസ്റ്റ്യൻ പോളായിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥി. 2021ൽ ഡോ ജെ ജേക്കബും. ഇരു തെരഞ്ഞെടുപ്പുകളിലും പി.ടി തോമസാണ് ജയിച്ചത്.

TAGS :

Next Story