Quantcast

'അത് സാങ്കേതിക പിഴവ്'; പാര്‍ട്ടികള്‍ക്ക് അയച്ച കത്തില്‍ ബിജെപിയുടെ സീല്‍ വന്നത് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പിഴവ് തിരിച്ചറിഞ്ഞ് നേരത്തെ തന്നെ തിരുത്തല്‍ നടത്തിയിരുന്നെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍

MediaOne Logo

Web Desk

  • Updated:

    2026-03-23 13:01:35.0

Published:

23 March 2026 6:30 PM IST

Ratan u kelkar explains bjp seal a technical error
X

തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തില്‍ ബിജെപിയുടെ സീല്‍ വന്നത് സാങ്കേതിക പിഴവ് മൂലമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പിഴവ് തിരിച്ചറിഞ്ഞ് നേരത്തെ തന്നെ തിരുത്തല്‍ നടത്തിയിരുന്നെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ 2019ല്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ട് ബിജെപി കേരള ഘടകം സിഇഒ ഓഫീസില്‍ എത്തിയിരുന്നെന്ന് രത്തന്‍ യു. ഖേല്‍ക്കര്‍ പറഞ്ഞു. വിശദീകരണം ആവശ്യപ്പെട്ട അപേക്ഷയോടൊപ്പം 2019ലെ കത്തിന്റെ പകര്‍പ്പും നല്‍കിയിരുന്നു. ഇതില്‍ പാര്‍ട്ടി സീല്‍ ഉണ്ടായിരുന്നു. ഈ കത്താണ് അശ്രദ്ധ മൂലം ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ചത്. ക്ലറിക്കല്‍ പിഴവ് സംഭവിച്ചത് ശ്രദ്ധയില്‍പെട്ടുവെന്നും മാര്‍ച്ച് 21ന് തന്നെ കത്ത് പിന്‍വലിച്ചുകൊണ്ട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അറിയിപ്പ് നല്‍കിയിരുന്നെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തില്‍ കേരള ബിജെപിയുടെ സീല്‍ പതിപ്പിച്ചത് വിവാദമായിരുന്നു. സിപിഎമ്മിന്റെ സമൂഹമാധ്യമ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എം.വി നികേഷ് കുമാര്‍ സിപിഎമ്മിന് ലഭിച്ച കത്ത് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. രണ്ട് ദിവസം മുന്‍പ് ഇ-മെയില്‍ വഴി അയച്ച കത്തിലാണ് ബിജെപിയുടെ സീല്‍ ഉള്ളത്. എന്നാല്‍ ഈ കത്തിലെ തീയതി 2019 മാര്‍ച്ച് 19 ആണ്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തിനൊപ്പം ചേര്‍ത്ത സത്യവാങ്മൂലത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്റെ സീലിനു പകരം ബിജെപി കേരള ഘടകത്തിന്റെ സീലാണുള്ളതെന്ന് നികേഷ് കുമാര്‍ സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. വോട്ടിങ് മെഷീനില്‍ ഏത് ബട്ടണ്‍ ഞെക്കിയാലും താമര തെളിയുന്നു എന്ന വാര്‍ത്ത പലവട്ടം കേട്ടിട്ടുണ്ടെന്നും എന്നാല്‍ ബിജെപിയും തെരഞ്ഞെടുപ്പ് കമീഷനും ഒരേ സീല്‍ ആണ് ഉപയോഗിക്കുന്നത് എന്ന വാര്‍ത്ത ഇതാദ്യമാണെന്നുമാണ് സിപിഎം ചൂണ്ടിക്കാട്ടിയത്.

TAGS :

Next Story