Quantcast

ഇടമലക്കുടിയിലെ റേഷൻ കൊള്ള; കുറ്റക്കാർക്ക് എതിരെ കേസെടുക്കാൻ പൊലീസിന് ഭക്ഷ്യ കമ്മീഷന്റെ നിർദേശം

ജില്ല കലക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഭക്ഷ്യ കമ്മീഷൻ ഇടമലക്കുടിയിൽ എത്തി പരിശോധന നടത്തിയത്

MediaOne Logo

Web Desk

  • Updated:

    2026-04-19 11:52:14.0

Published:

19 April 2026 4:37 PM IST

ഇടമലക്കുടിയിലെ റേഷൻ കൊള്ള; കുറ്റക്കാർക്ക് എതിരെ കേസെടുക്കാൻ പൊലീസിന് ഭക്ഷ്യ കമ്മീഷന്റെ നിർദേശം
X

ഇടുക്കി: സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ റേഷൻ കൊള്ളയിൽ കുറ്റക്കാർക്ക് എതിരെ കേസെടുക്കാൻ പൊലീസിന് ഭക്ഷ്യ കമ്മീഷന്റെ നിർദേശം.ദേവികുളം താലൂക്ക് സപ്ലൈ ഓഫീസർ, രണ്ട് റേഷനിങ്ങ് ഇൻസ്പെക്ടർമാർ എന്നിവർക്കെതിരെയാണ് നടപടിക്ക് നിർദേശിച്ചിരിക്കുന്നത്. റേഷൻ കടകളുടെ ലൈസൻസിയായ ഗിരിജൻ സർവീസ് സൊസൈറ്റിക്കെതിരെയും കേസെടുക്കും. 65 മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങൾ തട്ടിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു

ജില്ല കലക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഭക്ഷ്യ കമ്മീഷൻ ഇടമലക്കുടിയിൽ എത്തിയത്. പരിശോധന നടത്തിയ കമ്മീഷൻ നാട്ടുകാരിൽ നിന്ന് വിവരം ശേഖരിച്ചു. വലിയ പരാതി ഉയർന്ന സാഹചര്യത്തിലാണ് ഭക്ഷ്യ കമ്മീഷൻ പരിശോധനക്ക് വന്നതെന്നും വിതരണവുമായി ബന്ധപ്പെട്ട് വലിയ അപാകത നിലനിൽക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഭക്ഷ്യ കമ്മീഷൻ ചെയർമാൻ ജിനു സക്കറിയ ഉമ്മൻ പറഞ്ഞു. മുമ്പ് ചുമതലയിൽ ഉണ്ടായിരുന്ന പൊതുവിതരണ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തണമെന്നും ഭക്ഷ്യ കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.

പഞ്ചായത്തിലെ രണ്ട് റേഷൻ കടകളിൽ വിതരണത്തിനായി എത്തിച്ച 64,000 കിലോ അരിയാണ് കാണാതായത്. റേഷൻ കടകളിൽ ഒരു അരിമണി പോലും ലഭിക്കാനില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടതിനെത്തുടർന്ന് സിവിൽ സപ്ലൈസ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഈ വൻ ക്രമക്കേട് പുറത്തുവന്നത്. മൂന്നാറിൽ നിന്നും ഏറെ ദുർഘടമായ പാതകൾ താണ്ടി വേണം ഇടമലക്കുടിയിലെ കുടികളിലെത്താൻ. ഇവിടുത്തെ ജനങ്ങൾ തങ്ങളുടെ ഭക്ഷണത്തിനായി 99 ശതമാനവും ആശ്രയിക്കുന്നത് റേഷൻ കടകളെയാണ്.

പെട്ടിമുടിയിലുള്ള സിവിൽ സപ്ലൈസ് ഗോഡൗണിൽ നിന്നാണ് ഇവിടേക്ക് അരി എത്തിക്കുന്നത്. മഴക്കാലത്തോ റോഡ് പണി നടക്കുന്ന സമയത്തോ ഇടമലക്കുടി ഒറ്റപ്പെട്ടു പോകാൻ സാധ്യതയുള്ളതിനാൽ രണ്ട് മൂന്ന് മാസത്തേക്കുള്ള അധിക സ്റ്റോക്ക് സാധാരണയായി ഇവിടെ മുൻകൂട്ടി എത്തിക്കാറുണ്ട്. ഇത്തരത്തിൽ എത്തിച്ച വലിയൊരു അളവ് അരിയാണ് ഇപ്പോൾ അപ്രത്യക്ഷമായിരിക്കുന്നത്.

TAGS :

Next Story