Quantcast

വി.എസ്: തന്റെ കഴിവും അധികാരവും സാധാരണ മനുഷ്യർക്ക് വേണ്ടി വിനിയോഗിച്ച നേതാവ്- വെൽഫെയർ പാർട്ടി

ജനകീയ സമരങ്ങൾക്കും സിവിൽ മൂവ്‌മെന്റുകൾക്കും ജനാധിപത്യത്തിന്റെ മുറിയിൽ പ്രത്യേക ഇടം നൽകിയ നേതാവായിരുന്നു വി.എസ് എന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു..

MediaOne Logo

Web Desk

  • Published:

    21 July 2025 7:31 PM IST

Razaq Paleri
X

തിരുവനന്തപുരം: വി.എസിന്റെ വിയോഗത്തോടെ രാഷ്ട്രീയ കേരളത്തിന്റെ സംഭവബഹുലമായ അധ്യായത്തിനാണ് പരിസമാപ്തി വീഴുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. കേരളത്തിലെ സാധാരണ ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ജനകീയ സമരങ്ങളിലും വ്യതിരിക്തമായ നിലപാട് ഉയർത്തിപ്പിടിക്കുവാൻ അദ്ദേഹത്തിന് പലപ്പോഴും സാധിച്ചിട്ടുണ്ട്.

കിനാലൂരിൽ റോഡ് വികസനത്തിന്റെ പേരിൽ നൂറുകണക്കിനു കുടുംബങ്ങളെ കുടിയിറക്കാൻ അന്നത്തെ വ്യവസായമന്ത്രി എളമരം കരീമും കോഴിക്കോട് ജില്ലാ കലക്ടറും ചേർന്ന് പ്രത്യേകപദ്ധതി തയ്യാറാക്കി മുന്നോട്ടു പോകുന്ന സന്ദർഭത്തിലുണ്ടായ ജനകീയ സമരം കേരളത്തിലെ വിജയിച്ച ജനകീയ പോരാട്ടങ്ങളിൽ ഒന്നായിരുന്നു. ഭൂമി അളക്കാൻ നൂറുകണക്കിന് പൊലീസുകാരുടെ നേതൃത്വത്തിൽ റവന്യൂ അധികൃതർ അന്നവിടെ ഉണ്ടായിരുന്നു. അമ്മമാരും കുഞ്ഞുങ്ങളുമുൾപ്പെട്ട സമരക്കാർക്കെതിരെ പൊലീസ് ക്രൂരമായ അക്രണം അഴിച്ചുവിടുന്നതിനിടയിലാണ് അന്നത്തെ മുഖ്യമന്ത്രിയായ വി.എസ്സിനെ താൻ ബന്ധപ്പെടുന്നത്. സമരം നടക്കുമ്പോൾ അദ്ദേഹം ഡൽഹിയിലായിരുന്നു. സമരക്കാരെ തല്ലിച്ചതച്ചുകൊണ്ടിരുന്ന പൊലീസ് പൊടുന്നനെ അടി നിർത്തി പിൻമാറി. ഡൽഹിയിൽ നിന്ന് വി.എസിന്റെ നിർദേശം വന്നപ്പോഴാണ് പൊലീസ് പിൻമാറിയതെന്ന് പിന്നീടാണറിഞ്ഞത്.

മറ്റൊരു സന്ദർഭത്തിൽ കിനാലൂർ സമരവിഷയങ്ങൾ വിശദീകരിക്കാൻ വി.എസിനെ നേരിൽ കാണാൻ പോയിരുന്നു. ജനങ്ങള കുടിയൊഴിപ്പിച്ച് പദ്ധതി നടപ്പാക്കില്ലെന്ന് അന്ന് അദ്ദേഹം ഉറപ്പ് നൽകി. നിയമസഭാ തെരഞ്ഞെടുപ്പിൽ മലമ്പുഴയിൽ നിന്ന് ജനവിധി തേടുമ്പോൾ പിന്തുണ അഭ്യർഥിച്ച് അദ്ദേഹം ബന്ധപ്പെട്ടതും ജനകീയ പ്രശ്‌നങ്ങളും മറ്റും വിശദമായി സംസാരിച്ചതും മറ്റൊരോർമയാണ്.

അസുഖബാധിതനായി ആശുപത്രിയിൽ കിടക്കവേ വി എസിനെ കാണാൻ പോയിരുന്നു. ചികിത്സയുടെ ഭാഗമായ നിയന്ത്രണങ്ങൾ കാരണം നേരിൽ കാണാൻ സാധിച്ചിരുന്നില്ല. മകൻ അരുൺകുമാറിനോട് സുഖവിവരമനേഷിച്ച് തിരിച്ചു പോരുകയാണുണ്ടായത്. തന്റെ കഴിവും അധികാരവും സാധാരണ മനുഷ്യർക്ക് വേണ്ടി വിനിയോഗിച്ച നേതാവായിരുന്നു വി.എസ്. ജനകീയ സമരങ്ങൾക്കും സിവിൽ മൂവ്‌മെന്റുകൾക്കും ജനാധിപത്യത്തിന്റെ മുറിയിൽ പ്രത്യേക ഇടം നൽകിയ നേതാവ്. അതിനാൽത്തന്നെ കക്ഷിരാഷ്ട്രീയത്തിന്റെ വരമ്പുകൾക്കപ്പുറം നിന്ന് കേരളത്തിലെ ജനങ്ങൾ വി.എസിനെ ഓർമിക്കും.

TAGS :

Next Story