മാതാപിതാക്കളെ അവഗണിച്ച മക്കളിൽ നിന്ന് കോടികളുടെ ഭൂസ്വത്ത് തിരികെ വാങ്ങി നൽകി ആർഡിഒ
അഞ്ച് കോടിയോളം വിലവരുന്ന 12 ഏക്കർ ഭൂമിയാണ് ആധാരം റദ്ദാക്കി ആർഡിഒ തിരികെ വാങ്ങി നൽകിയത്.

കുമളി: വൃദ്ധരായ മാതാപിതാക്കളെ അവഗണിച്ച മക്കളിൽ നിന്ന് അഞ്ച് കോടിയിലധികം വിലമതിക്കുന്ന ഭൂസ്വത്ത് തിരികെ വാങ്ങി നൽകി റവന്യു അധികൃതർ. സംസ്ഥാന അതിർത്തി ജില്ലയായ തേനിയിലെ ചിന്നമന്നൂരിലാണ് സംഭവം. ചിന്നമന്നൂർ, ഓടപ്പെട്ടി സ്വദേശി ലോക മണിക്കാണ് മക്കളുടെ പേരിലായിരുന്ന 12 ഏക്കർ ഭൂമിയുടെ ആധാരം റദ്ദാക്കി ആർഡിഒ സെയ്ദ് മുഹമ്മദ് തിരികെ ഏൽപ്പിച്ചത്.
ഓടപ്പെട്ടി സ്വദേശിയായ കലൈമണി- ലോക മണി ദമ്പതികൾക്ക് അഞ്ച് ആൺ മക്കളാണുള്ളത്. ഇതിൽ രണ്ടുപേർ സൈന്യത്തിലാണ്. വർഷങ്ങൾക്ക് മുമ്പാണ് 12 ഏക്കർ ഭൂമി മാതാപിതാക്കൾ മക്കളുടെ പേരിൽ രജിസ്റ്റർ ചെയ്തു നൽകിയത്.
സ്വത്ത് കിട്ടിയതോടെ മക്കൾ മാതാപിതാക്കളെ അവഗണിച്ചു. ഇതിനെതിരെ 2020ൽ പിതാവ് കലൈമണി പരാതി നൽകിയെങ്കിലും അദ്ദേഹം വൈകാതെ മരണപ്പെട്ടു. മക്കൾ അവഗണന തുടർന്നതോടെ മാതാവ് ലോകമണി വീണ്ടും പരാതിയുമായി എത്തുകയായിരുന്നു. ഇതോടെയാണ് മക്കളുടെ പേരിലുള്ള ആധാര രജിസ്‌ട്രേഷൻ റദ്ദാക്കാൻ ഉത്തമ പാളയം ആർഡിഒ ഉത്തരവിട്ടത്. ഇതോടെ 12 ഏക്കർ ഭൂമി വീണ്ടും മാതാവിന്റെ പേരിലായി.
Adjust Story Font
16

