Quantcast

'ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ മോചനത്തിന് നിയമപരമായ എല്ലാ സഹായങ്ങളും ചെയ്യണം'; പ്രധാനമന്ത്രിക്ക് കത്തയച്ച് ജോസ് കെ. മാണി

'ഇന്ത്യയിലെമ്പാടും നടക്കുന്ന ക്രൈസ്തവ പീഡനങ്ങളുടെ തുടർച്ചയായി മാത്രമേ ഈ സംഭവത്തെ മനസാക്ഷിയുള്ളവർക്ക് കാണാൻ കഴിയൂ'

MediaOne Logo

Web Desk

  • Published:

    27 July 2025 3:50 PM IST

ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ മോചനത്തിന് നിയമപരമായ എല്ലാ സഹായങ്ങളും ചെയ്യണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ജോസ് കെ. മാണി
X

ന്യൂഡൽഹി: ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ മോചനത്തിന് നിയമപരമായ എല്ലാ സഹായങ്ങളും ചെയ്യണമെന്നാവശ്യപ്പെട്ട് ജോസ് കെ. മാണി എംപി. ഇന്ത്യയിലെമ്പാടും നടക്കുന്ന ക്രൈസ്തവ പീഡനങ്ങളുടെ തുടർച്ചയായി മാത്രമേ ഈ സംഭവത്തെ മനസാക്ഷിയുള്ളവർക്ക് കാണാൻ കഴിയുകയുള്ളൂവെന്ന് ജോസ് കെ. മാണി പറഞ്ഞു.

മാനവ സേവയ്ക്കും സാമൂഹ്യ സേവനത്തിനും സ്വയം സമർപ്പിച്ച രണ്ട് കന്യാസ്ത്രീകളെയാണ് മനുഷ്യക്കടത്ത് നടത്തുന്നുവെന്ന സംഘപരിവാർ സംഘടനകളുടെ സത്യവിരുദ്ധമായ പരാതിയെത്തുടർന്ന് മനുഷ്യത്വരഹിതമായ രീതിയിൽ ഛത്തീസ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്തത്. മതന്യൂനപക്ഷങ്ങൾക്കെതിരായ നീതി നിഷേധത്തിൽ ശക്തമായ പ്രതിഷേധമുയർത്തണമെന്ന് എല്ലാ ജനാധിപത്യ വിശ്വാസികളോടും അഭ്യർത്ഥിക്കുന്നുവെന്ന് ജോസ് കെ. മാണി ഫേസ്ബുക്കിൽ കുറിച്ചു.

വന്ദന ഫ്രാൻസിസ്, പ്രീതി മേരി എന്നിവരെയാണ് ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ വച്ച് റയിൽവേ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. സഭയുടെ കീഴിലെ സ്ഥാപനങ്ങളിലേക്ക് മൂന്ന് പെൺകുട്ടികളെ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് എന്നാണ് വിവരം. നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ബജ്റംഗ്ദൾ പ്രവർത്തകർ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധമുയർത്തിയതിന് പിന്നാലെയാണ് റെയില്‍വേ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

മലയാളികളായ സി.വന്ദന ഫ്രാൻസിസ്, സി. പ്രീതി മേരി എന്നീ രണ്ട് കന്യാസ്ത്രീകളെ ഛത്തീസ്ഗഡിൽ അകാരണമായി അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ റിമാൻഡിലാക്കിയ സംഭവത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നും അവരുടെ മോചനത്തിന് നിയമപരമായ എല്ലാ സഹായങ്ങളും ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോഡിക്ക് കത്ത് നൽകി.മാനവ സേവയ്ക്കും സാമൂഹ്യ സേവനത്തിനും സ്വയം സമർപ്പിച്ച രണ്ട് കന്യാസ്ത്രീകളെയാണ് മനുഷ്യക്കടത്ത് നടത്തുന്നുവെന്ന സംഘപരിവാർ സംഘടനകളുടെ സത്യവിരുദ്ധമായ പരാതിയെത്തുടർന്ന് മനുഷ്യത്വരഹിതമായ രീതിയിൽ ഛത്തീസ്ഗഡ് പോലീസ് അറസ്റ്റ് ചെയ്തത്.ഇന്ത്യയിലെമ്പാടും നടക്കുന്ന ക്രൈസ്തവ പീഡനങ്ങളുടെ തുടർച്ചയായി മാത്രമേ ഈ സംഭവത്തെ മന:സ്സാക്ഷിയുള്ളവർക്ക് കാണാൻ കഴിയൂ.മതന്യൂനപക്ഷങ്ങൾക്കെതിരായ നീതി നിഷേധത്തിൽ ശക്തമായ പ്രതിഷേധമുയർത്തണമെന്ന് എല്ലാ ജനാധിപത്യ വിശ്വാസികളോടും അഭ്യർത്ഥിക്കുന്നു.

TAGS :

Next Story