Quantcast

ദുരിതാശ്വാസ നിധി വകമാറ്റിയ കേസ്: പുനഃപരിശോധനാ ഹരജി ലോകായുക്ത തള്ളി

നിയമപരമായി നിലനിൽക്കില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്

MediaOne Logo

Web Desk

  • Updated:

    2023-04-12 08:19:21.0

Published:

12 April 2023 7:47 AM GMT

Relief fund diversion case: Lokayukta rejects review petition
X

തിരുവന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിലെ റിവ്യൂ ഹരജി ലോകായുക്ത തള്ളി. നിയമപരമായി നിലനിൽക്കില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്.

ഹരജിക്കാരനായ ആർഎസ് ശശികുമാർ സമർപ്പിച്ച റിവ്യൂ പെറ്റീഷൻ ആണ് ലോകായുക്തയുടെ രണ്ടംഗ ബെഞ്ച് തള്ളിയത്. ആരെയെങ്കിലും പേടിച്ച് ഉത്തരവ് എഴുതുകയോ എഴുതാതിരിക്കുകയോ ചെയ്യുന്ന ആളുകളല്ല തങ്ങൾ എന്നായിരുന്നു ഹരജി തള്ളിക്കൊണ്ട് ലോകായുക്തയുടെ പ്രസ്താവന. ഹരജിക്കാരൻ വിമർശിച്ചെന്ന് കരുതി അത് കേസിനെ ബാധിക്കില്ലെന്നും മൈക്ക് കെട്ടി പ്രസംഗിക്കാൻ ജഡ്ജിമാർക്ക് കഴിയില്ലെന്നും ലോകായുക്ത കൂട്ടിച്ചേർത്തു

ശശികുമാറിന്റെ അഭിഭാഷകനായ ജോർജ് പൂന്തോട്ടം തന്നെ ഹാജരാകണമെന്ന് ഉപലോകായുക്ത ആവശ്യപ്പെട്ടിരുന്നെങ്കിലും ഫുൾബെഞ്ചിന്റെ വാദത്തിന് താൻ വരില്ല എന്നായിരുന്നു പൂന്തോട്ടത്തിന്റെ മറുപടി. കേസ് മൂന്നംഗ ബെഞ്ചിന് വിടാനുള്ള തീരുമാനത്തെ ചോദ്യം ചെയ്തു കൊണ്ട് നൽകിയിരിക്കുന്ന റിവ്യൂ പെറ്റീഷൻ നിലനിൽക്കില്ലെന്നും തങ്ങളെടുത്ത തീരുമാനം നിയമത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്നുമാണ് ലോകായുക്ത ഹരജിക്കാരെ അറിയിച്ചത്. പിന്നാലെ ഹരജി തള്ളിക്കൊണ്ട് ഉത്തരവെത്തുകയായിരുന്നു.

ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ പരാതിക്കാരന്‍ ആര്‍.എസ് ശശികുമാറിനെതിരെ ലോകായുക്തയും ഉപലോകായുക്തയും രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. ജഡ്ജിമാരെ അപകീര്‍ത്തിപ്പെടുത്തുകയാണ് പരാതിക്കാരനെന്നായിരുന്നു ലോകായുക്തയുടെ വിമര്‍ശനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയ കേസ് ഫുള്‍ബഞ്ചിന് വിട്ട ഉത്തരവിനെതിരായ പുനഃപരിശോധന ഹര്‍ജി പരിഗണിച്ചപ്പോഴാണ് പരാതിക്കാരന്‍ ആര്‍.എസ് ശശികുമാറിനെതിരെ ലോകായുക്തയും ഉപലോകായുക്തയും ആഞ്ഞടിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ ഹാജരാകാനുള്ളത് കൊണ്ട് കേസ് മാറ്റണമെന്ന് പരാതിക്കാരന് വേണ്ടി ഹാജരായ മറ്റൊരു അഭിഭാഷന്‍ ആവശ്യപ്പെട്ടു.

പരാതിക്കാരന്‍ ഹാജരായില്ലെന്ന് അഭിഭാഷകനോട് ചോദിച്ച ഉപലോകായുക്ത ഹാറൂണ്‍ അല്‍ റഷീദ് രൂക്ഷ വിമര്‍ശനങ്ങളാണ് പിന്നീട് ഉയര്‍ത്തിയത്..ജഡ്ജ്മാരെ അപമാനിക്കാൻ ഇറങ്ങി തിരിച്ചിരിക്കുകയാണ് പരാതിക്കാരനായ ആര് എസ് ശശികുമാര്‍..മുഖ്യമന്ത്രി സ്വാധീനിച്ചെന്ന മാധ്യമങ്ങളില്‍ പോയിരിന്ന് പറയുകയാണ്,മുഖ്യമന്ത്രി സ്വാധീനിച്ചത് അദ്ദേഹം കണ്ടിട്ടുണ്ടോ? അദ്ദേഹത്തിൻ്റെ സാനിധ്യത്തിലാണോ സ്വാധീനച്ചത് തുടങ്ങിയ ചോദ്യങ്ങള്‍ ഉപലോകായുക്ത ഉന്നയിച്ചു. ഞങ്ങളിൽ വിശ്വാസമില്ലെന്നു പറഞ്ഞ് നടക്കുന്നു. വിശ്വാസമില്ലെങ്കിൽ എന്തിന് ഈ ബെഞ്ചിൽ റിവ്യൂ ഹരജി എന്നതായിരിന്നു അടുത്ത ചോദ്യം. അതുവരെ മൌനം പാലിച്ച ലോകായുക്ത സിറിയക് ജോസഫ് പിന്നീട് കടുത്ത ചില പരാമര്‍ശങ്ങള്‍ നടത്തി. പേപട്ടി ഒരു വഴിയിൽ നിൽക്കുമ്പോൾ അതിൻ്റെ വായിൽ കോലിട്ട് കുത്താതെ മാറി പോവുകയാണ് നല്ലത് അതുകൊണ്ടാണ് കൂടുതൽ പറയാത്തതെന്നായിരുന്നു സിറിയകിന്റെ പ്രസ്താവന.

നാടകീയ സംഭവങ്ങൾക്കൊടുവിൽ ഇന്ന് ശശികുമാറിനെതിരെ ലോകായുക്തയിൽ പരാതിയുമെത്തി. പൊതുപ്രവർത്തകനായ എ.എച്ച് ഹഫീസ് ആണ് പരാതി നൽകിയത്. ചാനൽ ചർച്ചകളിൽ ലോകായുക്തയെ അപമാനിച്ച് സംസാരിച്ചതിൽ കേസ് എടുക്കണമെന്നാണാവശ്യം.

അതേസമയം, ശശികുമാറിനെതിരെ ലോകായുക്ത നടത്തിയ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. ശശികുമാർ തെരുവിൽ അലയുന്ന പേപ്പട്ടിയല്ലെന്നും അർപ്പണബോധമുള്ള സത്യസന്ധനായ പൊതുപ്രവർത്തകനാണ് അദ്ദേഹമെന്നും സതീശൻ കൂട്ടിച്ചേർത്തു.

TAGS :

Next Story