സംസ്ഥാന സെക്രട്ടറിക്ക് എതിരായ പരാമർശം; സിപിഐയിൽ നടപടി
സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ ഇരുവരും വിമർശനം ഉന്നയിച്ച ഫോൺ സംഭാഷണങ്ങൾ പുറത്തുവന്നിരുന്നു.

കൊച്ചി: സംസ്ഥാന സെക്രട്ടറിക്ക് എതിരായ പരാമർശത്തിൽ നടപടിയെടുത്ത് സിപിഐ. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കമലാ സദാനന്ദനും എറണാകുളം ജില്ലാ സെക്രട്ടറി കെ.എം ദിനകരനും താക്കീത് നൽകാൻ തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ ഇരുവരും വിമർശനം ഉന്നയിച്ച ഫോൺ സംഭാഷണങ്ങൾ പുറത്തുവന്നിരുന്നു. ഇരുവരുടെയും മാപ്പപേക്ഷ പരിഗണിച്ചാണ് നടപടി താക്കീതിൽ ഒതുക്കിയത്.
ബിനോയ് വിശ്വത്തെ നേരിട്ട് വിളിച്ച് കമലാ സദാനന്ദനും കെ.എം ദിനകരനും ഖേദപ്രകടനം നടത്തിയിരുന്നു. എന്നാൽ ഇരുവരുടെയും വാക്കുകൾ കേട്ടതല്ലാതെ ബിനോയ് വിശ്വം മറുപടിയൊന്നും നൽകിയിരുന്നില്ല.
''ബിനോയിയോട് ചോദിച്ചിട്ട് വേണോ അച്ചടക്ക നടപടിയെടുക്കാൻ, ചോദിക്കാൻ അവൻ സ്റ്റേറ്റ് കൗൺസിലൊന്നും അല്ലല്ലോ, സഹോദരി ബീനയെയും കൂട്ടി ബിനോയിയെ കാണാൻ പോകുന്ന ആൾക്കാരുണ്ട്, ഭരണത്തിൽ ബീന ഇടപെടാൻ തുടങ്ങിയാൽ ബാക്കിയുള്ളവർ എന്ത് ചെയ്യും, എക്‌സിക്യൂട്ടീവിൽ പലർക്കും ബിനോയിയോട് ഇഷ്ടക്കുറവുണ്ട്, അദ്ദേഹത്തിന് സെക്രട്ടറി സ്ഥാനംകൊണ്ട് നടക്കാൻ കഴിയുന്നില്ല, പി. സന്തോഷ് കുമാറിനെ സംസ്ഥാന സെക്രട്ടറിയാക്കാൻ പറ്റും, അദ്ദേഹം കമ്യൂണിസ്റ്റ് മൂല്യമുള്ളയാളാണ്, ബിനോയ് വിശ്വം നശിച്ച് നാണം കെട്ട് ഇറങ്ങിപ്പോകുകയേ ഉള്ളൂ''തുടങ്ങിയ പരാമർശങ്ങളാണ് കമലസദാന്ദനും ദിനകരനും തമ്മിലുള്ള ഫോൺ സംഭാഷണത്തിലുണ്ടായിരുന്നത്. ബാക്കിയുള്ളവർ എങ്ങനെയായാലും കുഴപ്പമില്ല, ബിനോയിക്ക് താൻ പുണ്യാളനാകണമെന്നാണ് ചിന്തയെന്ന മറ്റൊരു നേതാവിൻറെ പ്രതികരണവും സംഭാഷണത്തിലുണ്ട്.
Adjust Story Font
16

