പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ. ജി.വിജയരാഘവൻ അന്തരിച്ചു
ഹൃദ്രോഗ ചികിത്സാ രംഗത്ത് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് 2009ൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു

തിരുവനന്തപുരം: പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ. ജി.വിജയരാഘവൻ (84) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തുവെച്ച് വൈകുന്നേരത്തോടെയായിരുന്നു അന്ത്യം.
ഇന്ത്യയിലെ തന്നെ പ്രശസ്തനായ ഹൃദ്രോഗ വിദഗ്ധനായിരുന്നു ഡോ. വിജയരാഘവൻ. 1980-ൽ രാജ്യത്ത് ആദ്യമായി ടു ഡയമൻഷണൽ എക്കോകാർഡിയോഗ്രാഫി ലബോറട്ടറി അദ്ദേഹം സ്ഥാപിച്ചു. തിരുവനന്തപുരത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയുടെ ആദ്യ മെഡിക്കൽ സർവീസ് ഡയറക്ടറായും വൈസ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ തിരുവനന്തപുരം മെഡിക്കൽ കോളജിലെ കാർഡിയോളജി വിഭാഗം പ്രൊഫസറായും മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയുമായി ചേർന്ന് ഡോപ്ലർ എക്കോകാർഡിയോഗ്രാഫിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിലും പുസ്തക രചനയിലും പങ്കാളിയായി. ലോകാരോഗ്യ സംഘടനയുടെ സഹായത്തോടെ നടത്തിയ ഗവേഷണങ്ങളിലൂടെ കേരളത്തിലെ സാധാരണക്കാർക്കിടയിൽ ഹൃദയാഘാതവും അതിന്റെ കാരണങ്ങളും കൂടുതലാണെന്ന് കണ്ടെത്തുന്നതിലും പ്രധാന പങ്കുവഹിച്ചു. ഹൃദ്രോഗ ചികിത്സാ രംഗത്ത് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് 2009ൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.
Adjust Story Font
16

