'കഴിഞ്ഞ 10 വര്‍ഷമായി ഈ പേരില്‍ ആരും ഇതുവരെ താമസിച്ചിട്ടില്ല'; തൃശൂരിലെ വോട്ട് കൊള്ളയില്‍ വെളിപ്പെടുത്തലുമായി ക്യാപ്പിറ്റൽ വില്ലേജിലെ താമസക്കാര്‍
വോട്ടെടുപ്പ് നടന്ന സമയത്ത് കള്ളവോട്ട് ആരോപണം ഉന്നയിച്ചിരുന്നുവെന്നും എന്നാൽ വോട്ടർ ലിസ്റ്റിൽ പേരുണ്ടെങ്കിൽ വോട്ട് ചെയ്യാമെന്നാണ് കലക്ടർ പറഞ്ഞതെന്ന് കോൺഗ്രസ് പൂങ്കുന്നം മണ്ഡലം പ്രസിഡന്റ്

തൃശൂര്‍: ഇല്ലാത്ത ആളുകളുടെ വോട്ടുകൾ തിരുകി കയറ്റിയെന്ന ആരോപണത്തിൽ വീട്ടമ്മയായ പ്രസന്ന അശോകനെ പിന്തുണച്ച് പൂങ്കുന്നത്തെ ക്യാപിറ്റൽ വില്ലേജ് അപ്പാർട്ട്മെന്റ്സിലെ അയൽവാസികൾ. വോട്ടർ പട്ടികയിലെ ആളുകളെ കണ്ടിട്ടേ ഇല്ലെന്ന് വർഷങ്ങളായി ക്യാപ്പിറ്റൽ വില്ലേജിൽ താമസിക്കുന്ന രഘു മീഡിയവണിനോട് പറഞ്ഞു.
'ഒമ്പതു വർഷമായി ഇവിടെ താമസിക്കുന്നു. എന്നാൽ മോനിഷ,അജയകുമാർ,അഖിൽ ടിഎസ്,സജിത് ബാബു പിഎസ്,സുഗേഷ്,അഖിൽ,അജയ കുമാർ,സുധീർ,മനീഷ് എന്നീ പേരിലുള്ള ആരും ഇവിടെ വാടകക്കോ,അല്ലാതെയോ താമസിക്കുന്നില്ല.ഇവരെല്ലാം കാപ്പിറ്റൽ വില്ലേജ്-4 സിയിൽ താമസിച്ചുവെന്നാണ് വോട്ടർ ലിസ്റ്റിൽ കാണുന്നത്. എന്നാൽ ഇവരുടെ അച്ഛന്റെ പേരും വീട്ടുപേരുമെല്ലാം വ്യത്യസ്തമാണ്. എന്നാൽ ഇവരെല്ലാം ഒരു ഫ്‌ളാറ്റിൽ താമസിക്കുന്നവരാണെന്നാണ് വോട്ടർ ലിസ്റ്റിൽ പറയുന്നത്. ഏപ്രിൽ നാലിനാണ് വോട്ടർ ലിസ്റ്റ് പുറത്തിറങ്ങിയത്. ആ മാസം 26 നാണ് വോട്ടെടുപ്പ്. പരാതി ഉടൻ തന്നെ അറിയിച്ചിരുന്നുവെന്നും' അയൽവാസികൾ പറയുന്നു.
വോട്ടെടുപ്പ് നടന്ന സമയത്ത് കള്ളവോട്ട് ആരോപണം ഉന്നയിച്ചിരുന്നുവെന്നും എന്നാൽ വോട്ടർ ലിസ്റ്റിൽ പേരുണ്ടെങ്കിൽ വോട്ട് ചെയ്യാമെന്നാണ് കലക്ടർ പറഞ്ഞതെന്ന് കോൺഗ്രസ് പൂങ്കുന്നം മണ്ഡലം പ്രസിഡന്റ് മീഡിയവണിനോട് പറഞ്ഞു.'അന്ന് വലിയ തർക്കങ്ങളുണ്ടായിരുന്നു.വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന അവസരത്തിലാണ് ഇതെല്ലാം കൂട്ടിച്ചേർത്തത്.സ്ലിപ് കൊടുക്കുന്ന സമയത്താണ് ഇത് ശ്രദ്ധയിൽപ്പെട്ടതും. മറ്റ് ഫ്‌ളാറ്റുകളിലും ഇതുപോലെ നടന്നിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. 1275 ഓളം ബൂത്തുകളുണ്ട്. അവിടെയെല്ലാം ഇത് നടന്നിട്ടുണ്ടെന്നാണ് കോൺഗ്രസ് കരുതുന്നത്'. അദ്ദേഹം പറഞ്ഞു.
പൂങ്കുന്നത്തെ ക്യാപിറ്റൽ വില്ലേജ് അപ്പാർട്ട്മെന്റ്സിലെ നാല് സി എന്ന ഫ്ലാറ്റിൽ ക്രമക്കേടിലൂടെ ചേർത്തത് ഒമ്പത് വോട്ടുകളാണ്.ഈ വോട്ടുകൾ ആരുടേതാണെന്ന് അറിയില്ലെന്ന് നാല് സിയിൽ താമസിക്കുന്ന പ്രസന്ന അശോകൻ മീഡിയവണിനോട് പറഞ്ഞു. വീട്ടിൽ തനിക്കു മാത്രമാണ് വോട്ട് ഉണ്ടായിരുന്നതെന്നും ബാക്കിയുള്ളവ ആര് എങ്ങനെ ചേർത്തു എന്ന് അറിയില്ലെന്നും പ്രസന്ന വ്യക്തമാക്കി.
Adjust Story Font
16

