Quantcast

സംസ്ഥാനത്ത് പടക്കം പൊട്ടിക്കലിന് നിയന്ത്രണം; ദീപാവലിക്ക് രാത്രി എട്ട്‌ മുതൽ 10 വരെ

ക്രിസ്മസിനും പുതുവർഷത്തിനും രാത്രി 11.55 മുതൽ 12.30 വരെ

MediaOne Logo

Web Desk

  • Updated:

    2023-11-09 13:25:39.0

Published:

9 Nov 2023 12:28 PM GMT

High Court bans untimely firecrackers in places of worship
X

തിരുവനന്തപുരം: സംസ്ഥാനത്ത് പടക്കം പൊട്ടിക്കലിന് നിയന്ത്രണം. ദീപാവലിക്ക് രാത്രി എട്ട്‌ മുതൽ 10 വരെയായിരിക്കും അനുമതി. ക്രിസ്മസിനും പുതുവർഷത്തിനും രാത്രി 11.55 മുതൽ 12.30 വരെ മാത്രമേ പടക്കം പൊട്ടിക്കാവൂ. ഹരിത ട്രൈബ്യൂണലിന്റെ നിർദേശത്തേത്തുടർന്ന് ആഭ്യന്തര വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഹരിത പടക്കങ്ങൾ വിൽക്കാൻ മാത്രം അനുമതിയുള്ളൂവെന്നും ഉത്തരവ് പാലിക്കുന്നത് ജില്ലാ മജിസ്ട്രേറ്റുമാരും ജില്ലാ പൊലീസ് മേധാവിമാരും ഉറപ്പ് വരുത്തണമെന്നും ഉത്തരവിൽ പറഞ്ഞു.

ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് വേണ്ടെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. വെടിക്കെട്ട് ശബ്ദ, പരിസ്ഥി മലിനീകരണങ്ങൾക്ക് കാരണമാകുന്നുവെന്നും ദൈവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധഗ്രന്ഥത്തിലും പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഉത്തരവ് ലഭിച്ച് രണ്ട് ദിവസത്തികം നടപടി പ്രാബല്യത്തിൽ വരുത്തണമെന്നും നവംബർ മൂന്നിന് ജസ്റ്റിസ് അമിത് റാവൽ നിർദേശം നൽകി. മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്.

ഇടക്കാല ഉത്തരവിന് ശേഷവും വെടിക്കെട്ട് നടത്തിയാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നാണ് കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. എല്ലാ ആരാധനാലയങ്ങളിലും പരിശോധന നടത്താൻ പൊലീസിനും വെടിക്കെട്ട് നടക്കുന്നില്ലെന്ന് ഉറപ്പു വരുത്താൻ ജില്ലാ കലക്ടർമാർക്കും കോടതി നിർദേശം നൽകി. ആരാധനാലയങ്ങളിൽ നിയമവിരുദ്ധമായി സൂക്ഷിച്ചിരിക്കുന്ന വെടിമരുന്ന് പരിശോധന നടത്തി പിടിച്ചെടുക്കണമെന്നും കോടതി നിർദേശിച്ചു.

മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയില്ലാതെ എങ്ങനെയാണ് വെടിക്കെട്ട് നടത്തുക എന്നതടക്കം വെടിക്കെട്ടിനെതിരെ നേരത്തേ തന്നെ കോടതി പരാമർശങ്ങൾ നടത്തിയിരുന്നു. വെടിക്കെട്ട് നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തേ സംസ്ഥാനത്തിന്റെ അഭിപ്രായം കോടതി തേടിയിരുന്നു. വെടിക്കെട്ട് മലിനീകരണമുണ്ടാക്കുന്നു എന്നാണ് സർക്കാർ കോടതിയെ അറിയിച്ചതും.

അതേസമയം ഹൈക്കോടതി ഉത്തരവിനെതിരെ തിരുവമ്പാടി ദേവസ്വം രംഗത്തെത്തിയിരുന്നു. വെടിക്കെട്ട് ആചാരത്തിന്റെ ഭാഗമാണെന്നും എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് വെടിക്കെട്ട് നടത്താറുള്ളതെന്നും ദേവസ്വം ജോയിന്റെ സെക്ട്രറി ശശിധരൻ പറഞ്ഞു. കോടതി വിധി ബാധകമായാൽ നിയമനടപടി സ്വീകരിക്കാനും ദേവസ്വം ബോർഡ് തീരുമാനിച്ചിരുന്നു. കോടതി ഉത്തരവ് വിഡ്ഢിത്തമെന്നാണ് വടക്കുംനാഥ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ഹരിഹരൻ പ്രതികരിച്ചത്. തൃശൂർ പൂരം വെടിക്കെട്ട് സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് നടത്താറുള്ളതെന്നും ഹൈക്കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



TAGS :

Next Story