Quantcast

പി.ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതി; കേസെടുക്കുന്നതിലുണ്ടായ വീഴ്ചകൾ തുറന്നുപറഞ്ഞ് അതിജീവിത

മുഖ്യമന്ത്രിക്ക് പരാതി നൽകിയ ശേഷവും എഫ്ഐആർ ഇടുന്നതിൽ വീഴ്ചയുണ്ടായി

MediaOne Logo

Web Desk

  • Updated:

    2026-02-13 06:39:10.0

Published:

13 Feb 2026 11:05 AM IST

പി.ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതി;  കേസെടുക്കുന്നതിലുണ്ടായ വീഴ്ചകൾ തുറന്നുപറഞ്ഞ് അതിജീവിത
X

കോഴിക്കോട്: സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദിന് എതിരായ ലൈംഗിക അതിക്രമ പരാതിയിൽ കേസെടുക്കുന്നതിലുണ്ടായ വീഴ്ചകൾ തുറന്നുപറഞ്ഞ് പരാതിക്കാരി. മുഖ്യമന്ത്രിക്ക് പരാതി നൽകിയ ശേഷവും എഫ്ഐആർ ഇടുന്നതിൽ വീഴ്ചയുണ്ടായി. നവംബർ 24ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും എഫ്ഐആർ ഇട്ടത് ഡിസംബർ എട്ടിനാണ്. മനപൂർവമാണ് കുഞ്ഞുമുഹമ്മദ് അതിക്രമം നടത്തിയതെന്നും ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിൽ പരാതിക്കാരി പറയുന്നു.

അതിക്രമം ഒരുവിധ തെറ്റിദ്ധാരണയുടെയും ഭാഗമല്ല. നടന്നത് ഒറ്റപ്പെട്ട പെരുമാറ്റദൂഷ്യവുമല്ല. സ്വന്തം സ്ഥാനത്തിന്റെ അധികാരപരമായ നേട്ടം എന്താണെന്ന് അറിയുന്ന ഒരാൾ ബോധപൂർവം ചെയ്ത പ്രവൃത്തിയാണെന്നും അതിജീവിത പറയുന്നു. ഡിസംബർ 8ന് ചാനലുകളിൽ വാർത്ത റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോഴും എഫ്ഐആർ റജിസ്‌റ്റർ ചെയ്തിരുന്നില്ല. അതിനിടയിൽ തദ്ദേശ തെരഞ്ഞെടുപ്പും പിന്നാലെ ഐഎഫ്എഫ്കെയും നടന്നു. തൻ്റെ ശബ്ദം ഉയരാതിരിക്കാനാണോ നീക്കങ്ങൾ വേഗത്തിലായതെന്നു ചോദിക്കാതെവയ്യെന്നും അവർ പറഞ്ഞു.

'ഇര', 'അതിജീവിത' എന്നീ പദങ്ങൾ ഉപയോഗിക്കുമ്പോൾ വ്യക്തി എന്ന ഏറ്റവും അടിസ്‌ഥാന അവകാശം പോലും മായ്ച്ചുകളയാൻ സമൂഹം ശ്രമിക്കുന്നതായി തനിക്ക് അനുഭവപ്പെടുന്നു. സംഭവത്തിനുശേഷം ചിലർ നിശ്ശബ്ദതയെ സുരക്ഷയായി നിർവചിക്കാൻ ശ്രമിച്ചു. 'നിന്റെ നന്മയ്ക്കായി മിണ്ടാതിരിക്കുക', 'കാര്യങ്ങൾ സങ്കീർണമാക്കരുത്', 'സംരക്ഷണം ലഭിക്കും'. പക്ഷേ, മിണ്ടാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ പറഞ്ഞു. ഇത് തൻ്റെ അന്തസിനുമേൽ നടക്കുന്ന രണ്ടാമത്തെ അതിക്രമമായി തോന്നി.

തെളിവുകൾ സമ‍‍‍‍‍ർപ്പിക്കേണ്ടത് തന്റെ ജോലി അല്ല. ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ എടുക്കാനും ഉണ്ടായാൽ നിയമപ്രകാരം പരിഹരിക്കാനുമുള്ള ബാധ്യത അധികാരികളുടേയാണെന്നും അവർ പ്രതികരിച്ചു. താൻ സഹതാപമല്ല, ഐക്യദാർഢ്യമാണ് അഭ്യർഥിക്കുന്നത്. ഒരു സ്ത്രീ പരസ്യമായി സംസാരിക്കുന്നത് രഹസ്യവാതിലുകൾ എല്ലാം അടഞ്ഞതിനു ശേഷമാണെന്നു മനസ്സിലാക്കിക്കൊണ്ടുള്ള ഐക്യദാർഢ്യം.

സ്ഥാപനങ്ങളോടും സംസ്ഥാനത്തോടും തനിക്ക് ചോദ്യങ്ങളുണ്ട്. ''നിങ്ങൾ ഈ സംഭവം എങ്ങനെ അനുവദിച്ചു? നിയമം ആവശ്യപ്പെട്ടിട്ടും തൊഴിലിടങ്ങളിൽ ലൈംഗികാതിക്രമം എന്തുകൊണ്ടു തടഞ്ഞില്ല?കുറ്റാരോപിതരെ അധികാരസ്ഥാനങ്ങളിൽ തുടരാൻ അനുവദിക്കുമ്പോൾ അതിജീവിച്ചവരോട് ഒരുങ്ങിക്കൂടാൻ പറയുന്നത് എന്തുകൊണ്ട്?പരസ്യമായ സാക്ഷ്യപ്പെടുത്തലുകൾ ഭീഷണിയായി കാണുന്നത് എന്തുകൊണ്ട്?''

നാളെ മറ്റൊരു സ്ത്രീക്ക് സംസാരിക്കാനുള്ള ഭയം കുറച്ചുകൂടി കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് താനിതു പറയുന്നതെന്നും അതിജീവിത പറഞ്ഞു.

TAGS :

Next Story