Quantcast

റിഫയുടെ മൃതദേഹം അഴുകിയിരുന്നില്ല, മുഖമെല്ലാം വ്യക്തമായിരുന്നു: മൃതദേഹം കുഴിയിൽ നിന്നെടുത്ത അസീസ്

റിഫയുടെ ശരീരത്തിൽ മറ്റു പരിക്കുകളൊന്നും കാണാൻ കഴിഞ്ഞിട്ടില്ലെന്നും ശരീരം ചുരുങ്ങിയിട്ടുണ്ടെന്നും അസീസ്

MediaOne Logo

Web Desk

  • Updated:

    2022-05-07 14:42:01.0

Published:

7 May 2022 1:30 PM GMT

റിഫയുടെ മൃതദേഹം അഴുകിയിരുന്നില്ല, മുഖമെല്ലാം വ്യക്തമായിരുന്നു: മൃതദേഹം കുഴിയിൽ നിന്നെടുത്ത അസീസ്
X

വ്‌ളോഗർ റിഫ മെഹ്‌നുവിന്റെ മൃതദേഹം പുറത്തെടുത്തപ്പോൾ അഴുകിയിരുന്നില്ലെന്നും മുഖമെല്ലാം മനസിലാകുന്നുണ്ടായിരുന്നുവെന്നും മൃതദേഹം കുഴിയിൽ നിന്നെടുത്ത അസീസ്. റിഫ മെഹ്നുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന കുടുംബത്തിൻറെ പരാതിയെ തുടർന്നാണ് പോസ്റ്റ്‌മോർട്ടം ചെയ്യാനായി മൃതദേഹം പുറത്തെടുത്തത്. എംബാമിംഗ് ചെയ്തതിനാലാണ് മൃതദേഹം അഴുകാതിരുന്നതെന്ന് അസീസ് മീഡിയവണിനോട് പറഞ്ഞു.

റിഫയുടെ ശരീരത്തിൽ മറ്റു പരിക്കുകളൊന്നും കാണാൻ കഴിഞ്ഞിട്ടില്ലെന്നും ശരീരം ചുരുങ്ങിയിട്ടുണ്ടെന്നും അസീസ് വ്യക്തമാക്കി. മണ്ണ് വീഴാത്തത് കൊണ്ടാണ് മൃതദേഹം പെട്ടെന്ന് ജീർണിക്കാതിരുന്നതെന്നും അസീസ് പറഞ്ഞു. കോഴിക്കോട് തഹസിൽദാരുടെ മേൽനോട്ടത്തിലായിരുന്നു നടപടികൾ പൂർത്തീകരിച്ചത്. സബ് കലക്ടർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് ആർഡിഒ റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യാൻ അനുമതി നൽകിയത്. തുടർന്ന് ഫോറൻസിക് ഉദ്യോഗസ്ഥരുടെ സൗകര്യം കൂടി പരിഗണിച്ച് ഇന്ന് പോസ്റ്റ്‌മോർട്ടം നടത്താൻ അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു.

റിഫ മെഹ്നുവിനെ മാർച്ച് ഒന്നിനാണ് ദുബൈയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്ന റിഫയുടെ കുടുംബത്തിൻറെ പരാതിയിലുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പോസ്റ്റ്‌മോർട്ടം. പോസ്റ്റ്‌മോർട്ട നടപടികൾ പൂർത്തിയാക്കിയാൽ റിഫയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.

ആത്മഹത്യക്ക് കാരണം മാനസിക പീഡനമാണെന്ന പ്രാഥമിക കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ റിഫയുടെ ഭർത്താവ് മെഹ്നാസിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കാക്കൂർ പൊലീസ് കേസെടുക്കുകയും ചെയ്തു. മാനസികവും ശാരീരികവുമായി ഉപദ്രവിക്കൽ, ആത്മഹത്യ പ്രേരണകുറ്റം എന്നീ വകുപ്പുകളാണ് ചുമത്തിയത്.


TAGS :

Next Story