Quantcast

'ഒരു മുൻപരിചയവുമില്ലാത്ത റിയാസ് മൗലവി, പ്രതികൾ ലക്ഷ്യമിട്ടത് വർഗീയ സംഘർഷം'- ഒടുവിൽ ആർഎസ്എസ് പ്രതികൾക്ക് മോചനം

കേസ് ഇതുവരെ പരിഗണിച്ചത് ഏഴ് ജഡ്ജിമാർ, മാറ്റിവച്ചത് മൂന്നു തവണ

MediaOne Logo

Web Desk

  • Published:

    30 March 2024 8:00 AM GMT

riyas moulavi
X

കാസർക്കോട്: റിയാസ് മൗലവി വധക്കേസിൽ ആർഎസ്എസ് ബന്ധമുള്ള മൂന്നു പ്രതികളെയും വെറുതെ വിട്ട വിചാരണക്കോടതി വിധി അപ്രതീക്ഷിതം. ഏഴു വർഷത്തിനിടെ ഏഴു ജഡ്ജിമാർ മാറിവന്ന കേസിലാണ് കാസർക്കോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് കെ.കെ ബാലകൃഷ്ണൻ ശനിയാഴ്ച വിധി പറഞ്ഞത്. വിധി പറയാനായി മൂന്നു തവണ മാറ്റി വച്ച കേസു കൂടിയാണിത്.

2017 മാർച്ച് 20ന് അർധരാത്രിയാണ് കുടക് സ്വദേശിയായ മദ്രസാ അധ്യപകന്‍ മുഹമ്മദ് റിയാസ് മൗലവി (27) കൊല്ലപ്പെട്ടത്. കാസർക്കോട് പഴയ ചൂരി മുഹ്‌യിദ്ദീൻ മസ്ജിദിലെ താമസസ്ഥലത്തേക്ക് അതിക്രമിച്ചു കയറിയ ആർഎസ്എസ് സംഘം മൗലവിയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ആർഎസ്എസ് പ്രവർത്തകരായ കേളുഗുഡ്ഡെ അയ്യപ്പനഗർ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു, മാത്തേയിലെ നിധിൻ, കേളുഗുഡ്ഡെ ഗംഗൈ കേശവകുടീരത്തിലെ അഖിലേഷ് എന്ന അഖിൽ എന്നിവരാണ് സംഭവത്തിൽ പിടിയിലായിരുന്നത്.

അന്വേഷണം അതിവേഗം

കൊലപാതകം നടന്ന് മൂന്നു ദിവസത്തിനകം, മാർച്ച് 23ന് പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തു. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി ഡോ. എ ശ്രീനിവാസിന്റെ മേൽനോട്ടത്തിൽ അന്നത്തെ കോസ്റ്റൽ സിഐ പി.കെ സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പൂർത്തിയാക്കിയത്. 90 ദിവസത്തിനുള്ളിൽ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. ആകെ 97 സാക്ഷികളെയാണ് വിസ്തരിച്ചത്. ഡിഎൻഎ പരിശോധനാ ഫലമടക്കം 215 രേഖകളും 45 തൊണ്ടിമുതലുകളും കോടതിയിൽ സമർപ്പിച്ചു.

സാമുദായിക സംഘർഷം സൃഷ്ടിക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് പ്രതികൾ കൊലപാതകം നടത്തിയത് എന്നാണ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നത്.


റിയാസ് മൗലവിയെ കൊലപ്പെടുത്തിയ സ്ഥലം


ഇതുവരെ എട്ട് ജഡ്ജിമാരാണ് കേസിൽ വാദം കേട്ടത്. കോവിഡും കേസ് നീളാൻ കാരണമായി. നിലവിലെ ജഡ്ജ് കെ.കെ ബാലകൃഷ്ണൻ കേസ് ആദ്യം മുതൽ പരിശോധിച്ച ശേഷമാണ് വിധി പറഞ്ഞിട്ടുള്ളത്. 2019ലാണ് കേസിലെ വിചാരണ നടപടികൾ ആരംഭിച്ചത്. ഫെബ്രുവരി 27നാണ് ആദ്യം കേസിൽ വിധി പറയാൻ തീരുമാനിച്ചിരുന്നത്. പിന്നീട് ഇത് മാർച്ച് ഏഴിലേക്ക് മാറ്റി. ഇതിന് ശേഷം മാർച്ച് 20ലേക്ക് വീണ്ടും മാറ്റി. പിന്നീടാണ് മാർച്ച് 30ലേക്ക് മാറ്റി വച്ചത്.

കേസിന്‍റെ സ്വഭാവം കണക്കിലെടുത്ത് പ്രമുഖ ക്രിമിനൽ അഭിഭാഷകൻ എം അശോകനെ സർക്കാർ കേസില്‍ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചിരുന്നു. പള്ളിക്കമ്മിറ്റി ഭാരവാഹികളുടെ ആവശ്യം പരിഗണിച്ചായിരുന്നു സർക്കാർ തീരുമാനം. വിചാരണ നടപടികൾക്കിടെ ഇദ്ദേഹം മരിച്ചു. പിന്നീട് അഡ്വ. ടി ഷാജിത്തായിരുന്നു സ്‌പെഷ്യൽ പ്രോസിക്യൂട്ടർ. നേരത്തെ, എം അശോകന്റെ സഹായിയായിരുന്നു ടി. ഷാജിത്. കഴിഞ്ഞ ഏഴു വർഷമായി കണ്ണൂർ സെൻട്രൽ ജയിലിൽ ജാമ്യമില്ലാതെ കഴിയുകയായിരുന്ന പ്രതികളെയാണ് ഇപ്പോൾ കോടതി വെറുതെ വിട്ടിട്ടുള്ളത്.

'ലക്ഷ്യം ഏതെങ്കിലും മുസ്‌ലിം'

പ്രതികൾക്ക് റിയാസ് മൗലവിയുമായി മുൻപരിചയമുണ്ടായിരുന്നില്ല എന്നതാണ് കേസിലെ കൗതുകകരമായ വസ്തുത. ഇതേക്കുറിച്ച് പ്രോസിക്യൂട്ടർ ടി ഷാജിത് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെയാണ്. 'ഏതെങ്കിലും ഒരു മുസ്‌ലിമിനെ കൊലപ്പടുത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. റിയാസ് മൗലവിയെ പ്രതികൾക്ക് മുൻപരിചയമുണ്ടായിരുന്നില്ല. പള്ളിയുടെ ഉള്ളിൽ ഒരു മുസ്‌ലിം ഉണ്ടാകും എന്ന ഉദ്ദേശ്യത്തിൽ തന്നെയാണ് പ്രതികൾ കൃത്യം നടത്താനെത്തിയത്. പ്രോസിക്യൂഷൻ എല്ലാ തെളിവുകളും ഹാജരാക്കിയിട്ടുണ്ട്. പ്രതികളുടെ ടവർ ലൊക്കേഷനും സാഹചര്യ തെളിവുകളുമാണ് നിർണായകമായത്.'

സംഘർഷവും കലാപവുമുണ്ടാക്കുക എന്ന ലക്ഷ്യം മാത്രമാണ് പ്രതികൾക്ക് ഉണ്ടായിരുന്നതെന്ന് രാഷ്ട്രീയ-മത സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇതു തന്നെയാണ് കുറ്റപത്രത്തിലും പറഞ്ഞിരുന്നത്. പ്രതികൾക്ക് ജാമ്യം നിഷേധിച്ചതോടെ പ്രദേശത്ത് ഉണ്ടാകാമായിരുന്ന അനിഷ്ട സംഭവങ്ങളും ഒഴിവായി.

കൃത്യമായ തെളിവുകളുള്ള കേസിൽ പ്രതികളെ വെറുതെ വിട്ടത് ദൗർഭാഗ്യകരാണ് എന്ന് ടി. ഷാജിത് പറയുന്നു. 'ഒന്നാം പ്രതിക്കെതിരായി ഡിഎൻഎ തെളിവുണ്ട്. ഒന്നാം പ്രതിയുടെ മുണ്ടിലും ഷർട്ടിലും കണ്ട രക്തം റിയാസ് മൗലവിയുടേതാണ്. മൂന്നു പ്രതികൾക്കെതിരെയും നൂറോളം സാഹചര്യത്തെളിവുകളാണ് ഉള്ളത്. കോടതിയുടെ കണ്ടെത്തൽ തികച്ചും ദൗർഭാഗ്യകരമാണ്. തീർച്ചയായും മേൽക്കോടതിയിൽ അപ്പീൽ പോകും.' - അദ്ദേഹം കൂട്ടിച്ചേർത്തു.

മടിക്കേരിയിൽനിന്നെത്തിയ അധ്യാപകൻ

മടിക്കേരി നാപ്പോക്കിൽ റോഡിൽ ആസാദി നഗർ മൂലൈ ഗ്രാമത്തിൽനിന്നാണ് റിയാസ് മൗലവി കാസർക്കോട് അധ്യാപനത്തിനെത്തിയത്. എട്ടു വർഷമായി പഴയ ചൂരിയിലെ ഇസ്സത്തുൽ ഇസ്‌ലാം മദ്രസയിൽ അധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു. പള്ളിയോട് ചേര്‍ന്നുള്ള മദ്രസയാണിത്. കുടുംബത്തിന്റെ ഏക അത്താണി കൂടിയായിരുന്നു റിയാസ് മൗലവി.

എല്ലാവരും ഉറക്കം പിടിച്ച വേളയിലാണ് പ്രതികൾ മാരകായുധങ്ങളുമായി ചുറ്റുമതിലും ഗേറ്റുമുള്ള പള്ളിയിലേക്ക് അതിക്രമിച്ചു കയറിയത്. രാത്രി ശബ്ദം കേട്ട് പുറത്തിറങ്ങിയ പള്ളി ഇമാം അബ്ദുൽ അസീസ് മുസ്‌ലിയാർ മൈക്കിലൂടെ നാട്ടുകാരെ കാര്യങ്ങൾ അറിയിച്ചു. ഓടിയെത്തി നാട്ടുകാർ ചോരയിൽ കുളിച്ചു കിടക്കുകയായിരുന്നു മൗലവിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Summary: Kasargode Madrasa teacher Riyas moulavi murder story

TAGS :

Next Story