'എസ്എഫ്ഐക്കാരുടെ മുന്നിൽ നിന്ന് പറയാനുള്ളത് പറഞ്ഞിട്ട് തന്നെയാണ് വേദി വിട്ടത്, പറഞ്ഞ് തീർക്കാതെ ഒരു വേദിയിൽ നിന്നും ഇറങ്ങുകയുമില്ല'; മന്ത്രി റോജി എം.ജോൺ
ഒരു പരിപാടിയിൽ പ്രതിഷേധിക്കുമ്പോൾ അതിന്റെ ലക്ഷ്യവും കാരണവും കൂടെയുള്ള വിദ്യാർഥികൾക്ക് എങ്കിലും ബോധ്യപ്പെടണം

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ ബിരുദദാനച്ചടങ്ങിനിടയിലെ എസ്എഫ്ഐ പ്രതിഷേധത്തിൽ മറുപടിയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോൺ. ''ഇരുപത് മിനിറ്റോളം എസ്എഫ്ഐക്കാരുടെ മുന്നിൽ തന്നെ നിന്ന് പറയാനുള്ളത് പറഞ്ഞിട്ട് തന്നെയാണ് വേദി വിട്ടത്. പറയാനുള്ളത് പറഞ്ഞ് തീർക്കാതെ മഹാരാജാസ് കോളജിന്റേത് എന്നല്ല, ഒരു വേദിയിൽ നിന്നും ഇറങ്ങുകയുമില്ല'' അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കാലടി സർവകലാശാലയിലെ 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണ് വിദ്യാർഥികൾ രംഗത്തെത്തിയത്.മന്ത്രി പ്രസംഗിക്കുന്നതിനിടെയാണ് പ്രവർത്തകർ ബാനറുകളും പ്ലക്കാർഡുകളുമായി വേദിയിലെത്തുകയായിരുന്നു. വിദ്യാർഥികളുടെ സസ്പെൻഷൻ നടപടിയുമായി ബന്ധപ്പെട്ട് സദസ്ൽനിന്ന് വിദ്യാർഥികൾ മന്ത്രിയോട് ചോദ്യങ്ങൾ ഉന്നയിക്കുകയായിരുന്നു. പ്രസംഗത്തിനുശേഷം മറുപടി നൽകാമെന്ന് മന്ത്രി അറിയിച്ചെങ്കിലും വിദ്യാർഥികൾ ചോദ്യംചോദിക്കുന്നത് തുടര്ന്നു.
തുടർന്ന് സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ജീവനക്കാർ ചോദ്യംചോദിച്ച വിദ്യാർഥിനിയെ നീക്കംചെയ്യാൻ ശ്രമിച്ചതോടെ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധം ശക്തമാക്കുകയായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം
മഹാരാജാസ് കോളേജ് പോലൊരു കലാലയത്തിൽ, വർഷങ്ങളുടെ അധ്വാനം പൂർത്തിയാക്കി അഭിമാനത്തോടെ ബിരുദം ഏറ്റുവാങ്ങാൻ കാത്തിരുന്ന നൂറുകണക്കിന് വിദ്യാർഥികളുടെയും അവരുടെ മാതാപിതാക്കളുടെയും ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ മുഹൂർത്തത്തെ രാഷ്ട്രീയ ദുഷ്ടലാക്കോടെ എസ്എഫ്ഐ അലങ്കോലമാക്കാൻ ശ്രമിക്കരുതായിരുന്നു. ഓരോ പ്രതിഷേധത്തിനും രാഷ്ട്രീയമായ വ്യക്തതയും സമരങ്ങൾക്ക് ജനാധിപത്യപരമായ മര്യാദയും ഉണ്ടായിരിക്കണം. ഒരു പരിപാടിയിൽ പ്രതിഷേധിക്കുമ്പോൾ അതിന്റെ ലക്ഷ്യവും കാരണവും കൂടെയുള്ള വിദ്യാർഥികൾക്ക് എങ്കിലും ബോധ്യപ്പെടണം. അല്ലാതെ ഒരുകൂട്ടം വിദ്യാർഥികളുടെ സ്വപ്നങ്ങളെ തകർത്തുകൊണ്ട് ആകരുത് പ്രതിഷേധങ്ങൾ.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ തന്നെ പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്ന ഒരു ജനപ്രതിനിധിയെന്ന നിലയിൽ, ആരോഗ്യകരമായ വിയോജിപ്പുകളെയും ജനാധിപത്യപരമായ പ്രതിഷേധങ്ങളെയും എപ്പോഴും ഞാൻ മാനിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ബാനർ ഉയർത്തി മുദ്രാവാക്യം വിളിച്ചവരോട്, "നിങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്താം, ചടങ്ങ് ഭംഗിയായി പൂർത്തിയാക്കിയ ശേഷം ഏത് ചോദ്യത്തിനും മറുപടി തന്നിട്ടേ മടങ്ങൂ" എന്ന് വ്യക്തമായി പറഞ്ഞത്. “സഖാവേ ഒരു ചോദ്യം” എന്ന് സദസിൽ നിന്നും ഒരു പാർട്ടിക്കാരൻ പറഞ്ഞപ്പോൾ അതങ്ങ് വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന അധികാരത്തിൻ്റെ അഹങ്കാരം ഞാൻ ആ വേദിയിൽ കാണിച്ചില്ല. നിങ്ങളുടെ പ്രതിഷേധിക്കാനും ബാനർ ഉയർത്തി അവിടെ തുടരാനുമുള്ള അവകാശത്തെ തികഞ്ഞ രാഷ്ട്രീയ ബഹുമാനത്തോടെ അംഗീകരിക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രിയുടെ വേദിക്ക് കിലോമീറ്ററുകൾ അകലെ നിൽക്കുന്നവരുടെ പോലും കറുത്ത വസ്ത്രവും കറുത്ത മാസ്കും അഴിപ്പിച്ച പിണറായിക്കാലമല്ല കേരളത്തിൽ.
ചോദ്യങ്ങളോടോ, സമരങ്ങളോടോ ഭയമോ അസഹിഷ്ണുതയോ ഇല്ല. എന്നാൽ ആ കുട്ടികളുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷം തകർക്കാനുള്ള അഹന്തയ്ക്ക് മുന്നിൽ വഴങ്ങിക്കൊടുക്കാൻ കഴിയില്ല എന്നതായിരുന്നു എന്റെ നിലപാട്. അത് തന്നെ ആണ് ഇപ്പോഴും നിലപാട്. നിയമസഭയിൽ സ്പീക്കറുടെ ഡയസിൽ കയറി താണ്ഡവമാടുകയും, കസേരകളും മൈക്കുകളും തല്ലിത്തകർത്ത് ഒടുവിൽ നടുത്തളത്തിൽ വീണുരുളുകയും ചെയ്ത ചരിത്രമുള്ള മുൻ വിദ്യാഭ്യാസ മന്ത്രി മാലോകർ മുഴുവൻ ലൈവ് കണ്ട സംഭവം ഉണ്ടായിട്ടേയില്ലെന്ന് ഒടുവിൽ കോടതിയിൽ പറഞ്ഞതുപോലെ ഞാൻ മാറ്റിപ്പറയുമെന്ന് പ്രതീക്ഷിക്കേണ്ട.
വിദ്യാർഥികളുടെ സന്തോഷം തല്ലിക്കെടുത്തി, സമരമെന്ന പേരിൽ തോന്നിയത് പോലെ ചെയ്യാമെന്ന് കരുതിയിട്ടുണ്ടെങ്കിൽ ആ വിരട്ടലിന് മുന്നിൽ വ്യക്തിപരമായി ഞാനോ ഉന്നതവിദ്യാഭ്യാസ വകുപ്പോ വിറയ്ക്കില്ല. ഇരുപത് മിനിറ്റോളം എസ്എഫ്ഐക്കാരുടെ മുന്നിൽ തന്നെ നിന്ന് പറയാനുള്ളത് പറഞ്ഞിട്ട് തന്നെയാണ് വേദി വിട്ടത്. പറയാനുള്ളത് പറഞ്ഞ് തീർക്കാതെ മഹാരാജാസ് കോളജിന്റേത് എന്നല്ല, ഒരു വേദിയിൽ നിന്നും ഇറങ്ങുകയുമില്ല. വിദ്യാർഥികളുടെ ഭാവിക്കും കലാലയങ്ങളിലെ ജനാധിപത്യത്തിനും മേൽ ഒരു രാഷ്ട്രീയ കൊടിക്കും അഴിഞ്ഞാടാനുള്ള ലൈസൻസുമില്ല.
Adjust Story Font
16

