'വി.എസ്, എനിക്കെന്റെ മുത്തച്ഛനാണ്'; അനുസ്മരിച്ച് മാധ്യമപ്രവർത്തക
മാധ്യമപ്രവർത്തകയായ രോഷ്‌നി രാജനാണ് കമ്യൂണിസ്റ്റായിരുന്ന മുത്തച്ഛനിലൂടെ അടുത്തറിഞ്ഞ വി.എസ് അനുഭവം പങ്കുവെച്ചത്.

കോഴിക്കോട്: കമ്യൂണിസ്റ്റായിരുന്ന മുത്തച്ഛനിലൂടെ അടുത്തറിഞ്ഞ വി.എസ് അനുഭവം പങ്കുവെച്ച് മാധ്യമപ്രവർത്തക. റിപ്പോർട്ടർ ടിവി'യിൽ മാധ്യമപ്രവർത്തകയായ രോഷ്‌നി രാജനാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അനുസ്മരണം പങ്കുവെച്ചത്.
വിഎസ്, എനിക്കെന്റെ മുത്തച്ഛനാണ്...
സ്‌കൂള്‍ അവധിയായാല്‍ അമ്മവീട്ടില്‍ പോകാനായിരുന്നു ഇഷ്ടം. കുടുംബത്തിലെ ആദ്യത്തെ പേരക്കുട്ടിയായ എനിക്ക് വേണ്ടി മുത്തച്ഛന്‍ എന്തെങ്കിലുമൊക്കെ പ്രത്യേകമായി കരുതിവെക്കുമായിരുന്നു. ചെന്തെങ്ങിൻ്റെ ഇളനീര് വെട്ടിയിറക്കി വെക്കും. ചുവന്ന് തുടുത്ത ചാമ്പക്കകൾ പറിച്ച് കൂട്ടിവെക്കും. കുഞ്ഞായിരുന്ന എനിക്ക് കിടക്കാന്‍ വേണ്ടി എന്റെ വലുപ്പത്തില്‍ കൈ കൊണ്ട് പഞ്ഞികിടക്ക തുന്നിയുണ്ടാക്കിയിരുന്നു മുത്തച്ഛന്‍.
ആണുങ്ങള്‍ അടുക്കളയുടെ പരിസരത്തേക്ക് കയറിവരാത്ത അച്ചന്റെ വീട്ടില്‍ നിന്ന് അമ്മയുടെ വീട്ടിലേക്കുള്ള രാഷ്ട്രീയദൂരം തിരിച്ചറിഞ്ഞത് എപ്പോഴും അടുക്കളയില്‍ പണിയെടുക്കുന്ന മുത്തച്ഛനിലൂടെയാണ്. പച്ചക്കറി അരിയുന്ന, പാചകം ചെയ്യുന്ന, പാത്രങ്ങളും തുണിയും കഴുകുന്ന മുത്തച്ഛന്‍.
എന്റെ മുത്തച്ഛന്‍ കമ്യൂണിസ്റ്റായിരുന്നു!
പാടത്ത് വിയര്‍പ്പൊഴുക്കി പണിയെടുത്തിരുന്ന കൂലിപ്പണിക്കാരനായ മുത്തച്ഛന്‍ പൈസ സ്വരുക്കൂട്ടി വെച്ച് ആദ്യമായൊരു ടിവി വാങ്ങുന്നത് 2006 ലാണ്. മുത്തച്ഛന്റെ നേതാവ് വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യുന്നത് കാണാന്‍ വേണ്ടി.
മുത്തച്ഛന്റെ സഖാക്കളായ കുറേ കൂലിപ്പണിക്കാര്‍ക്കൊപ്പം അവരുടെ ഇടയിൽ ഇരുന്നാണ് കുട്ടിയായ ഞാന്‍ വിഎസിന്റെ സത്യപ്രതിജ്ഞ ടിവിയില്‍ കണ്ടത്. ലൈവ് ന്യൂസ് ചാനലുകള്‍ വന്നുതുടങ്ങിയ കാലമായിരുന്നു അത്. ആ ചെറിയ വീട്ടില്‍ അത്രയും പേരെ ഉള്‍ക്കൊള്ളാനുള്ള ഇടമോ, ഇരിക്കാനുള്ള കസേരകളോ ഒന്നുമുണ്ടായിരുന്നില്ല.
വിഎസ് എന്ന നേതാവ് അടിത്തട്ടിലെ മനുഷ്യര്‍ക്ക് പകരുന്ന ആവേശം കണ്ടാണ് വളര്‍ന്നത്.
പ്രിയപ്പെട്ട നേതാവ് മുഖ്യമന്ത്രിയായിരിക്കുന്നത് കാണാന്‍ ഒരു വര്‍ഷത്തിലേറെ മാത്രമേ മുത്തച്ഛനുണ്ടായുള്ളൂ. 2008 ജനുവരിയിൽ കാന്‍സര്‍ ബാധിച്ച് മുത്തന്‍ മരിച്ചു. അന്ന് അമ്മ വീട്ടിലെത്തിയ ആള്‍ക്കൂട്ടത്തിന്റെ വലിപ്പം കണ്ടാണ് മുത്തച്ഛനിലെ കമ്യൂണിസ്റ്റിന്റെ ആഴം ഞങ്ങള്‍ തിരിച്ചറിഞ്ഞത്. മരിച്ചാല്‍ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യരുതെന്നും, പകരം അരിവാള്‍ ചുറ്റിക പുതപ്പിക്കണമെന്നും മുത്തച്ഛന്‍ പറഞ്ഞുവെച്ചിരുന്നു.
അച്ഛനോട് സ്നേഹമുണ്ടെങ്കില്‍ എന്റെ മക്കള്‍, മരിക്കുന്നത് വരെ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മാത്രം വോട്ട് ചെയ്യണമെന്നാണ് മരണക്കിടക്കയില്‍ കിടന്ന് മുത്തച്ഛന്‍ അമ്മയോട് പറഞ്ഞതത്രേ...
ഒരിക്കല്‍, പാലക്കാട് കോട്ടമൈതാനത്തെ പാര്‍ട്ടി സമ്മേളനത്തിലേക്ക് സഖാക്കള്‍ക്കൊപ്പം ലോറിയില്‍ തിങ്ങി നിറഞ്ഞ് പോകവേ മുത്തച്ഛന്‍ പുറത്തേക്ക് തെറിച്ചുവീണു. ശരീരമാകെ നിലത്തുരഞ്ഞ് പരിക്കേറ്റിട്ടും ആശുപത്രിയിലേക്കോ തിരിച്ച് വീട്ടിലേക്കോ പോകാതെ, സമ്മേളനം കഴിയും വരെ വേദന സഹിച്ച്, ചോരയൊലിപ്പിച്ച് നിന്ന മുത്തച്ഛനെക്കുറിച്ച് അമ്മ എപ്പോഴും പറയും.
അവസാന നാളുകളില്‍, ആര്‍സിസിയില്‍ നിന്ന് വന്നുള്ള ഇടവേളകളില്‍ അവശനാവുമ്പോള്‍ മുത്തച്ഛന്റെ ആവശ്യപ്രകാരം പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമായിരുന്നു. ഇഎംഎസിന്റെ പേരുള്ള ഇവിടെ കിടന്ന് മരിച്ചാല്‍ എനിക്ക് തറവാട്ടില്‍ കിടന്ന് മരിച്ച പോലെയാണെന്ന് പറഞ്ഞ് നഴ്‌സുമാരെ ചിരിപ്പിക്കുമായിരുന്നു പോലും അന്ന് മുത്തച്ഛന്‍.
77, 78 കാലഘട്ടത്തില്‍ ഇഎംഎസ് അടയ്ക്കാപുത്തൂരില്‍ വന്നപ്പോള്‍ അദ്ദേഹത്തിന് നോട്ടുമാല ഇടീക്കാന്‍ മുത്തച്ഛന്‍ പോയത് അമ്മമ്മയെയും ഒപ്പം കൂട്ടിയാണ്. ഇഎംഎസിനെ നോട്ടുമാലയിടീച്ചത് വലിയ സംഭവമായി എപ്പോഴും ഓര്‍ത്തെടുക്കുമെങ്കിലും മുത്തച്ഛന്റെ പ്രിയപ്പെട്ട നേതാവ് എന്നും വിഎസ് ആയിരുന്നു.
മാധ്യമവിദ്യാര്‍ത്ഥിയായിരിക്കെ എനിക്ക് തിരുവനന്തപുരത്ത് പോയി വിഎസിനെ നേരിട്ട് കാണാനും സംസാരിക്കാനും അവസരമുണ്ടായി. വിഎസിനെ നെഞ്ചിലേറ്റി ജീവിച്ച മുത്തച്ഛനെക്കുറിച്ച് ഞാന്‍ പറഞ്ഞു. എന്നിട്ടെവിടെ? മുത്തച്ഛനെ കൊണ്ടുവന്നില്ലേയെന്ന് വിഎസ്. മുത്തച്ഛന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചുപോയെന്ന് ഞാന്‍ വിഎസിനോട് പറഞ്ഞു...
ഇക്കഴിഞ്ഞ ജൂലൈ 21 ന് ഉച്ചയ്ക്ക് റിപ്പോര്‍ട്ടര്‍ ടിവിയില്‍ 3 മണിയുടെ ലൈവ് ഷോ ചെയ്തുകൊണ്ടിരിക്കെയാണ് ബ്രേക്കിംഗില്‍, പിണറായിയും ഗോവിന്ദന്‍ മാഷും ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയിലുള്ള വിഎസ്സിനടുത്തേക്ക് തിരിച്ചുവെന്ന വാര്‍ത്ത ഞാൻ വായിക്കുന്നത്. മരിച്ചുവെന്ന വാർത്ത പ്രേക്ഷകരിലേക്ക് അപ്പോൾ പങ്കുവെച്ചിട്ടില്ലെങ്കിലും വിവരം മാധ്യമപ്രവർത്തകർ അറിഞ്ഞ നിമിഷം കൂടിയാണ്...
എത്ര തയ്യാറെടുത്താലും ആ നിമിഷങ്ങളെ അതിജീവിക്കാനാവില്ല. എത്ര സജ്ജമായി നിന്നാലും ആ നൂറ്റാണ്ട് അവസാനിക്കാന്‍ പോകുന്നു എന്നറിഞ്ഞാല്‍ ശ്വാസവായുവിന് പോലും ഭാരം വെക്കും, നെഞ്ചിടിപ്പേറും. കൈ തരിച്ച് തണുത്തത് ഓൺ എയർ നിന്ന് ഞാൻ അനുഭവിച്ചു...
കേരളം ആ വലിയ കമ്യൂണിസ്റ്റിനെ യാത്രയാക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഉറക്കമൊഴിഞ്ഞ് കാണുകയായിരുന്നു കഴിഞ്ഞ രണ്ട് ദിവസവും. മഴയും ഇരുട്ടും വകവെക്കാതെ വിഎസ്സിനെ കാത്തുനിന്ന്, കണ്ണേ കരളേ വിഎസ്സേ... എന്ന് കണ്ഠമിടറി മുദ്രാവാക്യം വിളിക്കുന്ന, സാധാരണക്കാരും തൊഴിലാളികളുമടങ്ങുന്ന ജനസാഗരത്തിനിടയില്‍ എനിക്കന്റെ മുത്തച്ഛനെ കാണാം...! പണിയെടുത്ത് മെലിഞ്ഞ ശരീരവും കലങ്ങിയ കണ്ണുകളുമായി മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന മുത്തച്ഛനെ...
Adjust Story Font
16

