സെൻട്രൽ ആംഡ് പൊലീസ് പരീക്ഷയ്‌ക്ക് വയർലെസ് സെറ്റ് ഒളിപ്പിച്ചു കടത്തി; സിആർപിഎഫ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ഛത്തീസ്ഗഡ് സിആർപിഎഫ് സബ് ഇൻസ്പെക്ടറായ ബീഹാർ സ്വദേശിയാണ് പിടിയിലായത്

കൊച്ചി: യുപിഎസ്‌സിയുടെ സെൻട്രൽ ആംഡ് പൊലീസ് സർവീസ് പരീക്ഷയ്ക്ക് വയർലെസ് സെറ്റ് ഒളിപ്പിച്ചുകടത്തിയ സിആർപിഎഫ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഛത്തീസ്ഗഡ് സിആർപിഎഫ് സബ് ഇൻസ്പെക്ടറായ ബീഹാർ സ്വദേശിയാണ് പിടിയിലായത്. മറ്റൊരു വയർലെസ് സെറ്റുമായി സമീപത്തുള്ള ഹോട്ടൽ മുറിയിൽ നിന്ന് ഇയാളുടെ രണ്ട് സുഹൃത്തുക്കളെ കൂടി അറസ്റ്റ് ചെയ്തു.
എറണാകുളം സെൻട്രൽ പൊലീസാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ച എറണാകുളം എസ്ആർവി സ്കൂളിൽ സിആർപിഎഫ് അസിസ്റ്റന്റ് കമാൻഡന്റ് തസ്തികയിലേക്കുള്ള പരീക്ഷയിലാണ് ക്രമക്കേടിന് ശ്രമം നടന്നത്.
സ്കൂളിന്റെ പ്രധാനകവാടത്തിൽ സ്ഥാപിച്ചിരുന്ന മെറ്റൽ ഡിറ്റക്ടർ സംവിധാനം മറികടന്നാണ് ഇയാൾ ജാക്കറ്റും ഉപകരണങ്ങളുമായി സ്കൂൾ വളപ്പിൽ എത്തിയത്. പരീക്ഷയ്ക്കു മുമ്പുള്ള ദേഹപരിശോധനയിൽ പിടിക്കപ്പെടാതിരിക്കാൻ ജാക്കറ്റ് സ്കൂൾ വളപ്പിൽ ഒളിപ്പിച്ചു. ദേഹപരിശോധനയ്‌ക്കു ശേഷം ജാക്കറ്റ് ധരിച്ച് പരീക്ഷാഹാളിൽ കടന്നു. ജാക്കറ്റിനുള്ളിലാണ് വയർലെസ് സെറ്റും ട്രാൻസ്മിറ്ററും ഒളിപ്പിച്ചത്.
ഇയാളുടെ ജാക്കറ്റിൽ ഒളിപ്പിച്ചിരുന്ന പഴയ ചോദ്യപേപ്പർ അബദ്ധത്തിൽ നിലത്ത് വീഴുന്നതുകണ്ട് ഇൻവിജിലേറ്റർക്ക് സംശയം തോന്നിയതാണ് കള്ളി പൊളിയാൻ കാരണം. ഇൻവിജിലേറ്ററുടെ നിർദേശപ്രകാരം സുരക്ഷാ ഉദ്യോഗസ്ഥർ ദേഹപരിശോധന നടത്തിയപ്പോൾ വയർലെസും ട്രാൻസ്മിറ്ററും കണ്ടെടുക്കുകയായിരുന്നു.
Adjust Story Font
16

