പാലത്തായി പീഡനക്കേസ്; ആർഎസ്എസ് നേതാവ് പത്മരാജന് മരണംവരെ ജീവപര്യന്തം
പോക്സോ വകുപ്പ് പ്രകാരം 20 വർഷം കഠിന തടവ് ഉൾപ്പെടെ 40 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് തലശ്ശേരി ജില്ലാ പോക്സോ കോടതി ശിക്ഷ വിധിച്ചത്

തലശ്ശേരി: പാലത്തായി പീഡനക്കേസിൽ അധ്യാപകനായ ആർഎസ്എസ് നേതാവും ബിജെപി തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കടവത്തൂർ മുണ്ടത്തോട് കുറുങ്ങാട്ട് ഹൗസിൽ കെ.പത്മരാജന് മരണംവരെ ജീവപരന്ത്യം. പോക്സോ വകുപ്പ് പ്രകാരം 20 വർഷം കഠിന തടവ് ഉൾപ്പെടെ 40 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് തലശ്ശേരി ജില്ലാ പോക്സോ കോടതി ശിക്ഷ വിധിച്ചത്. സംഘപരിവാർ അധ്യാപക സംഘടനാ ജില്ലാ നേതാവാണ് പ്രതി പത്മരാജൻ. മൂന്ന് വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. 376AB IPC പ്രകാരം 12 വയസ്സിന് താഴെയുള്ള കുട്ടികളോടുള്ള ലൈംഗികാതിക്രമവും, ജീവപര്യന്തവും 1 ലക്ഷം രൂപ പിഴയും പോക്സോ സെക്ഷൻ 5(f) പ്രകാരം 20 വർഷം കഠിനതടവും 50,000 രൂപ പിഴയും പോക്സോ സെക്ഷൻ 5(l) പ്രകാരം 20 വർഷം തടവും 50,000 രൂപ പിഴയും വിധിച്ചു.
പാലത്തായി പീഡനക്കേസിൽ വെല്ലുവിളി ഏറെ അതിജീവിച്ചാണ് പ്രത്യേക അന്വേഷണ സംഘം നിർണായക തെളിവുകൾ കണ്ടെത്തിയതെന്ന് അന്വേഷണ സംഘത്തിലെ അംഗമായ എസ്ഐ പി.സി രമേശൻ മീഡിയവണിനോട് പറഞ്ഞു. കുട്ടിയുടെ മൊഴികളെ സാധൂകരിക്കുന്ന തെളിവുകൾ കണ്ടെത്താനായത് കേസിൽ പ്രധാന വഴിത്തിരിവായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കേസ് പരിഗണിക്കവെ പ്രതിഭാഗത്തിന്റെ വാദങ്ങൾ പൊളിച്ച് സുപ്രധാന നിരീക്ഷണങ്ങളാണ് കോടതി നടത്തിയത്. കേസ് കെട്ടിച്ചമച്ചതല്ലെന്നും പ്രതിക്കെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും കോടതി വ്യക്തമാക്കി. വിധിയിൽ എതിർപ്പുണ്ടെങ്കിൽ മേൽകോടതിയെ സമീപിക്കാമെന്നും തലശേരി ജില്ലാ പോക്സോ കോടതി ജഡ്ജി എ.ടി ജലജാറാണി പറഞ്ഞു. കേസ് കെട്ടിചമച്ചതാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. മാനുഷിക പരിഗണന വേണമെന്നും ശിക്ഷയിൽ ഇളവ് വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല. പ്രതിക്ക് കുടുംബവും പ്രായമായ രക്ഷിതാക്കളും രോഗാവസ്ഥയിലുള്ള കുട്ടികളുമുണ്ടെന്നും പ്രതിഭാഗം അഭിഭാഷകൻ അവകാശപ്പെട്ടു. എന്നാൽ അതൊന്നും പരിഗണിക്കാനാവില്ലെന്നും പ്രതിക്കെതിരെ തെളിവുണ്ടെന്നും കോടതി വ്യക്തമാക്കി.
പ്രതിഭാഗത്തിന് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോൾ, പീഡനക്കേസിന് പിന്നിൽ മതതീവ്രവാദം ഉൾപ്പെടെയുള്ള സംഭവങ്ങളുണ്ടെന്ന വാദവുമായി കേസിനെ വഴിതിരിച്ചുവിടാൻ അഭിഭാഷകൻ ശ്രമിക്കുകയായിരുന്നു. പത്മരാജന്റെ ഭാര്യ ആത്മഹത്യ ചെയ്താൽ മതതീവ്രവാദ സംഘടനകളാണ് ഉത്തരവാദികളെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ ഇത് പോക്‌സോ കേസാണെന്നും അതിന്റെ മെറിറ്റ് മാത്രമാണ് പരിഗണിക്കുന്നതെന്നും കോടതി അറിയിച്ചു.
രക്ഷിതാവിന്റെ ഉത്തരവാദിത്തമുള്ള അധ്യാപകൻ നടത്തിയ ക്രൂരതയിൽ മാതൃകാപരമായ ശിക്ഷയുണ്ടാകണമെന്നും വധശിക്ഷ നൽകണമെന്നുമാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. കേസ് അട്ടിമറിക്കാൻ ഉന്നത ഉദ്യോഗസ്ഥരടക്കം നടത്തിയ ഗൂഢനീക്കങ്ങളെ മറികടന്നാണ് പാലത്തായി പീഡനക്കേസിൽ കേസിൽ പ്രതി കെ. പത്മരാജൻ കുറ്റക്കാരനാണെന്ന് പോക്സോ കോടതി ഇന്നലെ കണ്ടെത്തിയത്. നാലാം ക്ലാസുകാരിയുടെ മൊഴികളിലെ വൈരുധ്യത്തിലൂന്നി ബിജെപി നേതാവിനെതിരെയുള്ള കേസ് ദുർബലമാക്കാനായിരുന്നു ഐജി ശ്രീജിത്ത് അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിച്ചത്. പ്രത്യേക അന്വേഷണ സംഘം പോക്സോ വകുപ്പ് ചുമത്തിയതാണ് കേസിൽ നിർണായകമായത്.
Adjust Story Font
16

