ബോംബ് ഉണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവർ രക്തസാക്ഷികളെന്ന് പറഞ്ഞയാളാണ് കേരളത്തിന്റെ മുഖ്യമന്ത്രി: വി.ഡി സതീശൻ
അന്വേഷണം നടക്കുന്നു എന്ന് പറയുകയല്ലാതെ ആര് ആർക്ക് വേണ്ടിയാണ് ബോംബ് നിർമിച്ചതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: കണ്ണൂർ ഇരിട്ടിയിൽ സ്റ്റീൽ ബോംബ് പൊട്ടി അസം സ്വദേശികൾ കൊല്ലപ്പെട്ടതിനെ ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര്. അന്വേഷണം നടക്കുന്നു എന്ന് പറയുകയല്ലാതെ ആര് ആർക്ക് വേണ്ടിയാണ് ബോംബ് നിർമിച്ചതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ സണ്ണി ജോസഫ് പറഞ്ഞു.
ബോംബ് നിർമാണങ്ങൾ സി.പി.എം നേതൃത്വം അറിഞ്ഞുകൊണ്ടാണെന്ന് സിപിഎം കേന്ദ്രങ്ങളിലുണ്ടായ സ്ഫോടനങ്ങളെ ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷത്തിന് വിഷയ ദാരിദ്ര്യമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വർഗീയ ശക്തികളെക്കുറിച്ച് ഒരു സംശയവും പ്രതിപക്ഷത്തിന് ഇല്ലെന്നും അവരെ കുറിച്ച് നോട്ടീസിൽ പറയാത്തത് എന്താണെന്നും മുഖ്യമന്ത്രി ചോദിച്ചു.
കണക്കുകളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം സംസാരിച്ചത്. മുഖ്യമന്ത്രിക്ക് ഇതൊന്നും ഒരു വിഷയമേ അല്ലെന്നും ബോംബ് ഉണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവർ പാർട്ടി രക്തസാക്ഷികളാണെന്ന് പറഞ്ഞ പാർട്ടി സെക്രട്ടറിയാണ് ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയെന്നും സതീശന്‍ പറഞ്ഞു. അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. എന്നാല്‍ കണ്ണൂരില്‍ ബോംബ് സ്ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചത് നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Adjust Story Font
16

