പ്രതീക്ഷയുടെ ട്രാക്കിൽ വീണ്ടും ശബരി റെയിൽ പദ്ധതി; വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് അയക്കാൻ ധാരണ
ഏറെ നാളത്തെ സ്വപ്നം പൂവണിയുമെന്ന പ്രതീക്ഷയില്‍ കാലടിക്കാര്‍

കാലടി: രണ്ടു പതിറ്റാണ്ടിലേറെയായി കേരളത്തിലെ ജനങ്ങൾ കാത്തിരിക്കുന്ന ശബരി റെയിൽ പദ്ധതി വീണ്ടും പ്രതീക്ഷയുടെ ട്രാക്കിലെത്തി. കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയിൽ വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് അയക്കാൻ ധാരണയായി. ഭൂമി ഏറ്റെടുക്കാൻ നടപടികൾ അടുത്തമാസം പുനരാരംഭിക്കുവാനും തീരുമാനമായതോടെ പാതയ്ക്കായി സ്ഥലം തിരിച്ച് കല്ലിട്ട 72 കിലോമീറ്റർ പ്രദേശത്തെ ജനങ്ങളും ആശ്വാസത്തിലാണ്.
വർഷങ്ങൾക്കു മുൻപേ പൂർത്തിയാക്കിയ നിർമ്മാണപ്രവർത്തനങ്ങൾ നശിച്ചു തുടങ്ങിയെങ്കിലും അവ വീണ്ടും വെളിച്ചത്തിലേക്ക് എത്തുമെന്നാണ് ഇവരുടെ പ്രതീക്ഷ. ശബരി റെയിൽ പാതയ്ക്ക് വേണ്ടി 15 വർഷങ്ങൾക്കു മുൻപാണ് കാലടിയിൽ റെയിൽവേ സ്റ്റേഷൻ നിർമ്മാണം പൂർത്തിയായത്. പ്ലാറ്റ് ഫോമും ഓഫീസ് മുറികളുമടക്കം എല്ലാം നിർമ്മിച്ചു. എന്നാൽ വർഷങ്ങൾക്കിപ്പുറം പ്രദേശം ലഹരി മാഫിയകളുടെ താവളമാണ്.
ചുറ്റും കാടുപിടിച്ച് കിടക്കുന്ന റെയിൽവേ സ്റ്റേഷന്റെ അവസ്ഥ അതിദയനീയമാണ്. 2017ൽ പെരിയാറിന് കുറുകെ നിർമ്മിച്ച ശബരി റെയിൽ പാലവും ഇപ്പോൾ ഉപയോഗശൂന്യമായ അവസ്ഥയിലാണ്. പദ്ധതി വീണ്ടും ട്രാക്കിലേക്ക് എത്തുമ്പോൾ തങ്ങളുടെ ഏറെ നാളത്തെ സ്വപ്നം കൂടി പൂവണിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
Adjust Story Font
16

