ശബരിമല സ്വർണക്കൊള്ള: പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ്
വൃശ്ചികം ഒന്നിന് സംസ്ഥാനത്തെ മുഴുവൻ വാർഡുകളിലും വിശ്വാസ സംരക്ഷണ പരിപാടി സംഘടിപ്പിക്കും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ്. അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം.
വൃശ്ചികം ഒന്നിന് സംസ്ഥാനത്തെ മുഴുവൻ വാർഡുകളിലും വിശ്വാസ സംരക്ഷണ പരിപാടി സംഘടിപ്പിക്കും. ഇന്ന് നടന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് നീക്കം. ബിജെപി നിലപാടും തുറന്നുക്കാട്ടാൻ യോഗത്തിൽ തീരുമാനമായി. സിപിഎമ്മുമായുളള ധാരണയാണ് ബിജെപിയെ സമരത്തിൽ നിന്ന് പിറകോട്ട് വലിക്കുന്നത് എന്നത് പ്രചാരണ വിഷയമാക്കിയാകും തുടർ പ്രക്ഷോഭങ്ങൾ കോൺഗ്രസ് നടത്തുക.
അതേസമയം സ്വർണ്ണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളുടെ പങ്കുകൂടി വ്യക്തമാക്കുന്നതാണ് എൻ. വാസുവിന്റെ റിമാൻഡ് റിപ്പോർട്ട്. സ്വർണ്ണപ്പാളികൾ ചെമ്പെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോർഡ് അംഗങ്ങളുടെ കൂടി അറിവോടെയാണെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.
തട്ടിപ്പിന്റെ ഗൂഢാലോചനയിൽ വാസുവിനും പങ്കുണ്ട്. സ്വർണ്ണം പൂശിയ പാളികൾ ആണെന്ന് വാസുവിന് അറിയാമായിരുന്നു. സ്വർണ്ണം പൂശിയതാണെന്ന കാര്യം വാസു, ബോധപൂർവ്വം ഒഴിവാക്കിയെന്നും റിപ്പോർട്ടിലുണ്ട്. എൻ വാസുവിന് കൂടുതൽ കുരുക്കാകുന്നതാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. നിലവിൽ കവർച്ച, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളായിരുന്നു ചുമത്തിയിരുന്നത്. ഇതോടൊപ്പമാണ് അഴിമതി നിരോധന നിയമപ്രകാരം കൂടിയുള്ള കേസ്.
Adjust Story Font
16

