ശബരിമല സ്വർണക്കൊള്ള; മുൻ ദേവസ്വം ബോർഡ് അംഗം എൻ.വിജയകുമാറിന്റെ ജാമ്യഹരജിയിൽ ഉത്തരവ് ഇന്ന്
സ്വർണക്കൊള്ള കേസിൽ ഇതുവരെ എട്ട് പ്രതികൾ ജയിൽ മോചിതരായിട്ടുണ്ട്

കൊല്ലം: ശബരിമല സ്വർണകൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം എൻ.വിജയകുമാറിന്റെ ജാമ്യഹരജിയിൽ കോടതി ഉത്തരവ് ഇന്ന്. ആരോഗ്യ പ്രശ്നങ്ങളടക്കം ചൂണ്ടിക്കാട്ടി സമർപ്പിച്ച ജാമ്യ ഹരജിയിൽ കൊല്ലം വിജിലൻസ് കോടതിയാണ് ഉത്തരവ് പറയുന്നത്. സ്വർണക്കൊള്ള കേസിൽ ഇതുവരെ എട്ട് പ്രതികൾ ജയിൽ മോചിതരായിട്ടുണ്ട്.
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എ.പത്മകുമാർ പ്രസിഡന്റായിരുന്ന സമയത്തെ സിപിഎം പ്രതിനിധിയായിരുന്നു എൻ.വിജയകുമാർ. സ്വർണക്കൊള്ള കേസിൽ 2025 ഡിസംബർ 29നാണ് പ്രത്യേക അന്വേഷണ സംഘം വിജയകുമാറിനെ അറസ്റ്റ് ചെയ്‌തത്. കട്ടിള പാളി കേസിലും ദ്വാരപാലക ശില്പ കേസിലും പ്രതിയാണ് വിജയകുമാർ. പത്മകുമാറിന്റെ നിർദേശപ്രകാരമാണ് പാളികൾ കൈമാറാൻ ഉള്ള രേഖകളിൽ ഒപ്പ് വെച്ചതെന്നും തനിക്ക് സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് വിജയകുമാറിന്റെ മൊഴി.
റിമാൻഡിൽ കഴിയവേയാണ് ആരോഗ്യ പ്രശ്നങ്ങളടക്കം ചൂണ്ടിക്കാട്ടി വിജിലൻസ് കോടതിയിൽ ജാമ്യഹർജി സമർപ്പിച്ചത്. ഹരജിയിൽ വിശദമായി വാദം കേട്ട ശേഷമാണ് ഇന്ന് ഉത്തരവ് പറയുന്നത്. കേസിൽ എട്ടു പ്രതികൾ ഇതിനോടകം ജാമ്യം നേടി ജയിൽ മോചിതരായി. ഇതിൽ ആറു പ്രതികൾക്കും സ്വാഭാവിക ജാമ്യം ലഭിച്ചത് എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതിലാണ്. രണ്ട് പേർക്ക് റിമാൻഡ് കാലയളവിൽ തന്നെ ജാമ്യം ലഭിച്ചു. റിമാൻഡിൽ കഴിയുന്ന സ്വർണ വ്യാപാരി ഗോവർദ്ധന്റെ ജാമ്യഹരജിയിൽ ബുധനാഴ്ച വിജിലൻസ് കോടതി വിശദമായ വാദം കേൾക്കും. അതേസമയം പങ്കജ് ഭണ്ഡാരി ചെന്നെയിൽ ചികിത്സ വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൽ മെഡിക്കൽ റിപ്പോർട്ട് പരിശോധിക്കാനാണ് കോടതിയുടെ തീരുമാനം.
Adjust Story Font
16

