ശബരിമല സ്വർണക്കൊള്ള; പ്രത്യേക അന്വേഷണ സംഘം സന്നിധാനത്ത് പരിശോധന നടത്തി
ശ്രീകോവിന്റെ ചുമരിലെ തൂണുകൾ,കട്ടിള പാളി,ദ്വാരപാലക ശിൽപ്പപീഠങ്ങൾ എന്നിവ പരിശോധനക്കായി ഇളക്കി മാറ്റി

സന്നിധാനം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം സന്നിധാനത്ത് പരിശോധന നടത്തി. ശാസ്ത്രീയ പരിശോധനക്കായി ശ്രീകോവിലിൽ സ്ഥാപിച്ചിട്ടുള്ള സ്വർണപ്പാളികളികളിൽ നിന്ന് സാമ്പിൾ ശേഖരിച്ചു. ഹൈക്കോടതി നിർദേശത്തെ തുടർന്ന് താന്ത്രിക അനുമതിയോടെയായിരുന്നു പരിശോധന.
ശബരിമല സ്വർണ്ണ കവർച്ചയുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവ് ശേഖരണം ആണ് എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സന്നിധാനത്ത് നടത്തിയത്.യുബി ഗ്രൂപ്പ് 1998 ൽ നൽകിയ സ്വർണത്തിന്റെ മൂല്യം കണക്കാക്കാനും അറ്റകുറ്റപ്പണികൾക്ക് ശബരിമലയിൽ നിന്നും കൊണ്ടുപോയ കട്ടിള പാളി , ദ്വാരപാലക ശിൽപ്പത്തിലെ പാളികൾ എന്നിവയിൽ കൃത്രിമത്വം നടന്നിട്ടുണ്ടോ എന്ന കാര്യങ്ങൾ വ്യക്തമാക്കാനാണ് പരിശോധന നടത്തിയത്.
ശ്രീകോവിന്റെ ചുമരിലെ തൂണുകൾ, കട്ടിള പാളി , ദ്വാരപാലക ശിൽപ്പപീഠങ്ങൾ എന്നിവ പരിശോധനക്കായി ഇളക്കി മാറ്റി. ഉച്ചക്ക് ഒരു മണിക്ക് നട അടച്ചപ്പോൾ തുടങ്ങിയ സാമ്പിൾ ശേഖരണം വൈകിട്ട് 3 മണിയോടെ അവസാനിച്ചു . ഇളക്കി മാറ്റിയ സ്വർണ്ണ പാളികളിൽ ശാസ്ത്രീയ പരിശോധന നടത്തിയ ശേഷം ഇവ യഥാസ്ഥാനങ്ങളിൽ പുന:സ്ഥാപിക്കും. സ്വർണ്ണപ്പാളികളിൽ പരിശോധന നടത്തുന്നതിനുള്ള വൈദഗ്ധ്യം നേടിയ വിദഗ്ധരാണ് സാമ്പിൾ ശേഖരണവും ശാസ്ത്രീയ പരിശോധനകളും നടത്തുന്നത്.
Adjust Story Font
16

