Quantcast

ശബരിമല സ്വർണക്കൊള്ള; ശ്രീകോവിലിന്റെ കട്ടിള സ്വർണം പൊതിഞ്ഞതിലും ക്രമക്കേടുണ്ടെന്ന് ഹൈക്കോടതി

കട്ടിളയിലെ സ്വർണം പൊതിഞ്ഞ ചെമ്പുപാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതിൽ വീഴ്ചയുണ്ടെന്ന് കോടതി കണ്ടെത്തി

MediaOne Logo

Web Desk

  • Published:

    10 Oct 2025 7:35 PM IST

ശബരിമല സ്വർണക്കൊള്ള; ശ്രീകോവിലിന്റെ കട്ടിള സ്വർണം പൊതിഞ്ഞതിലും ക്രമക്കേടുണ്ടെന്ന് ഹൈക്കോടതി
X

കൊച്ചി: ശബരിമലയിലെ സ്വർണക്കൊള്ളയിൽ കൂടുതൽ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറത്ത്. ശബരിമല ശ്രീകോവിലിന്റെ കട്ടിള സ്വർണം പൊതിഞ്ഞതിലും ക്രമക്കേടുകളുണ്ടെന്ന് ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു. കട്ടിളയിലെ സ്വർണം പൊതിഞ്ഞ ചെമ്പുപാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതിൽ വീഴ്ചയുണ്ടെന്ന് കോടതി കണ്ടെത്തി.

സ്വർണം പൊതിഞ്ഞ ചെമ്പുപാളികളാണ് കൈമാറിയതെങ്കിലും ദേവസ്വം കമ്മീഷണറുടെ കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ചെമ്പുപാളികൾ എന്നാണ്. ഇത് ഗുരുതരമായ കാര്യമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ദേവസ്വം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ട്. മഹസറിലും രേഖപ്പെടുത്തിയിട്ടുള്ളത് ചെമ്പുപാളികൾ എന്നാണ്. തന്ത്രി കണ്ഠരർ രാജീവർ, മേൽശാന്തി വി.എൻ വാസുദേവൻ നമ്പൂതിരി തുടങ്ങിയവരും മഹസറിൽ ഒപ്പിട്ടിട്ടുണ്ട്.

കട്ടിളപ്പാളിയിൽ ആകെ ഉണ്ടായിരുന്നത് 989 ഗ്രാം സ്വർണമാണ്. എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റി തിരികെ എത്തിച്ചത് 394.9 ഗ്രാം സ്വർണം മാത്രം. വേർതിരിച്ചെടുത്ത 409 ഗ്രാം സ്വർണത്തിൽ അന്വേഷണം വേണമെന്ന് കോടതിയുടെ ഇടക്കാല ഉത്തരവിൽ പറയുന്നു. പ്ലേറ്റിംഗിന് ഉപയോഗിച്ചത് 404.8 ഗ്രാം സ്വർണമാണ്. മിച്ചം വന്ന സ്വർണം പോറ്റി നിയോഗിച്ച കൽപേഷിനാണ് കൈമാറിയത്. 2019 ഒക്ടോബർ 10ന് 474.9 ഗ്രാം സ്വർണം കൽപേഷിന്റെ പക്കലെത്തി.

ശബരിമലയിൽ തിരിമറി നടന്നുവെന്ന് വ്യക്തമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. വിശദ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനും കോടതി ഉത്തരവിട്ടിരുന്നു. ദേവസ്വം ചീഫ് വിജിലൻസ് ഓഫീസർ റിപ്പോർട്ട് ഡിജിപിക്ക് കൈമാറണമെന്നും കോടതി ഉത്തരവുണ്ട്.

TAGS :

Next Story