Quantcast

പാലത്തായി പീഡനക്കേസ്: പ്രതി പത്മരാജനെ പുകഴ്ത്തിയും നിരപരാധിയാക്കിയും സി.സദാനന്ദന്‍ എംപി എഴുതിയ ലേഖനം ചര്‍ച്ചയാകുന്നു

ആർഎസ്എസ് മുഖപത്രമായ 'കേസരി'യുടെ 2020 ജൂലൈ 31ന് ഇറങ്ങിയ ലക്കത്തിൽ 'പാലത്തായി കേസ്: മറഞ്ഞിരിക്കുന്നവരെ പുറത്തുകൊണ്ടുവരണം' എന്ന തലക്കെട്ടിലാണ് സദാനന്ദന്റെ ലേഖനം

MediaOne Logo

Web Desk

  • Published:

    15 Nov 2025 5:16 PM IST

പാലത്തായി പീഡനക്കേസ്: പ്രതി പത്മരാജനെ പുകഴ്ത്തിയും നിരപരാധിയാക്കിയും സി.സദാനന്ദന്‍ എംപി എഴുതിയ ലേഖനം ചര്‍ച്ചയാകുന്നു
X

കോഴിക്കോട്: പാലത്തായി പീഡനക്കേസ് പ്രതിയും ബിജെപി നേതാവുമായ പത്മരാജനെ പുകഴ്ത്തിയും നിരപരാധിയെന്ന് വ്യാഖ്യാനിച്ചും ആര്‍എസ്എസ് നേതാവും രാജ്യസഭാ എംപിയുമായ സി.സദാനന്ദന്‍ ഏഴുതിയ ലേഖനം ചര്‍ച്ചയാകുന്നു. ആര്‍എസ്എസ് മുഖപത്രമായ 'കേസരി'യുടെ 2020 ജൂലൈ 31ന് ഇറങ്ങിയ ലക്കത്തില്‍ 'പാലത്തായി കേസ്: മറഞ്ഞിരിക്കുന്നവരെ പുറത്തുകൊണ്ടുവരണം' എന്ന തലക്കെട്ടിലാണ് ലേഖനം. പത്മരാജന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി മരണംവരെ ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചത്. ഈ പശ്ചാത്തലത്തിലാണ് സദാനന്ദന്റെ ലേഖനം വീണ്ടും ചര്‍ച്ചയാകുന്നത്.

തീവ്ര രാഷ്ട്രീയ ഇസ്‌ലാമിസ്റ്റുകളാണ് പത്മരാജന് എതിരായ ആരോപണത്തിന് പിന്നിലെന്നാണ് ലേഖനത്തില്‍ ആരോപിക്കുന്നത്. മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ട് ബാങ്ക് കാണിച്ച് സ്ഥലം എംഎല്‍എ ആയ ശൈലജ ടീച്ചറെ ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടാണ് അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറിയത്. പത്മരാജനെതിരെ ആരോപിക്കപ്പെട്ട കുറ്റം സ്ഥാപിക്കാന്‍ തക്ക തെളിവുകള്‍ സമാഹരിക്കാന്‍ ക്രൈംബ്രാഞ്ചിനും കഴിഞ്ഞില്ല. ഇത് ഉദ്യോഗസ്ഥരുടെ പോരായ്മകൊണ്ടല്ല. മികവുറ്റ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മൂന്നു മാസം തലങ്ങും വിലങ്ങും അന്വേഷിച്ചിട്ടും പോക്‌സോ ചുമത്താനുള്ള തെളിവ് ലഭിച്ചില്ലെന്നും ഇത് കെട്ടിച്ചമച്ച കേസ് ആയതുകൊണ്ടാണെന്നും ലേഖനത്തില്‍ പറയുന്നു.

പത്മരാജനെതിരെ നടക്കുന്നത് തീവ്ര ഇസ്‌ലാമിസ്റ്റുകളുടെ ആസൂത്രിത ഗൂഢാലോചനയാണ് എന്നാണ് സദാനന്ദന്‍ ലേഖനത്തില്‍ ആരോപിക്കുന്നത്. പത്മരാജനെ അറസ്റ്റ് ചെയ്തപ്പോഴും ജാമ്യം ലഭിച്ചപ്പോഴും ഉണ്ടായ പ്രതികരണങ്ങള്‍ ഗൗരവമുള്ളതാണ്. തീവ്രവാദമുയര്‍ത്തുന്ന ഇസ്‌ലാമിക സംഘടനകളും ഭീകരപ്രവര്‍ത്തന കൂട്ടായ്മകളും പരസ്യമായി ഭീഷണി മുഴക്കുകയാണ്. ഇത് ഏതാനും സാമൂഹ്യദ്രോഹികളുടെ ജല്‍പനമായി കണ്ടുകൂടാ. കണ്ണൂരില്‍ ആര്‍എസ്എസ് നേതാക്കള്‍ കൊല്ലപ്പെട്ടതിനെയും കനകമല, നാറാത്ത് കേസുകളെയും ചൂണ്ടിക്കാട്ടി പത്മരാജനെ ന്യായീകരിക്കാനാണ് സദാനന്ദന്‍ ശ്രമിക്കുന്നത്.

പുതിയ പരീക്ഷണവുമായി അവര്‍ വീണ്ടും സജീവമാവുകയാണ്. അതിന് നിഷ്‌കളങ്ക ബാല്യങ്ങളെയും നിരാലംബ കുടുംബങ്ങളെയും കരുവാക്കുകയാണ്. ചിലരെ ഇരകള്‍ക്ക് ചേര്‍ന്ന വേട്ടക്കാരായി ചിത്രീകരിക്കുക. വ്യാജമായി സൃഷ്ടിക്കുന്ന ഇരകളുടെ സംരക്ഷകരായി രംഗപ്രവേശം ചെയ്യുക. ഇരവാദമുയര്‍ത്തി ശ്രദ്ധയാകര്‍ഷിക്കുക. വോട്ട് ബാങ്കിന്റെ പിന്നാലെ ഓടുന്ന കപട രാഷ്ട്രീയക്കാരെയും നിയമപാലന- നീതിന്യായ സംവിധാനങ്ങളെയും സമ്മര്‍ദത്തിലാഴ്ത്തുക. ഒടുവില്‍ സ്വയം ശിക്ഷ വിധിച്ച് നടപ്പാക്കുക. എന്നതാണ് തീവ്ര ഇസ്‌ലാമിസ്റ്റുകളുടെ രീതിയെന്ന് ലേഖനത്തില്‍ ആരോപിക്കുന്നു.

കഠ്‌വ കേസ് പ്രതികളെയും ലേഖനത്തില്‍ സദാനന്ദന്‍ ന്യായീകരിക്കുന്നുണ്ട്. എട്ട് വയസുകാരിയെ ക്ഷേത്രത്തില്‍ വെച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നത് വ്യാജ ആരോപണമാണെന്ന് ലേഖകന്‍ പറയുന്നു. അതിന്റെ പേരില്‍ കേരളത്തില്‍ നടത്തിയ ഹര്‍ത്താലില്‍ ഹിന്ദുക്കളുടെ നൂറുകണക്കിന് വ്യാപാരസ്ഥാപനങ്ങള്‍ കൊള്ളയടിച്ചെന്ന വ്യാജ ആരോപണവും സദാനന്ദന്‍ ലേഖനത്തില്‍ ഉയര്‍ത്തുന്നുണ്ട്. കഠ്‌വയിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത് ക്ഷേത്രത്തില്‍ വെച്ചല്ലെന്നും സമീപത്തുള്ള കാലിത്തൊഴുത്തില്‍ വെച്ചാണെന്നുമാണ് സദാനന്ദന്റെ വാദം. കേസില്‍ പ്രതികള്‍ക്കെതിരെ നിലകൊണ്ടവരെ തീവ്രവാദികള്‍ എന്നാണ് ലേഖനത്തില്‍ വിശേഷിപ്പിക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി ശക്തമായി നിലപാട് സ്വീകരിച്ച ആളാണ് പത്മരാജന്‍. ഇതിന്റെ പക തീര്‍ക്കാന്‍ പൗരത്വ നിയമത്തിനെതിരെ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ച തീവ്ര ഇസ്‌ലാമിസ്റ്റുകളാണ് ആരോപണത്തിന് പിന്നിലെന്ന് പത്മരാജന്റെ ഭാര്യ ജീജ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. ഇതും സദാനന്ദന്റെ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. വിഷയത്തില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച മാധ്യമപ്രവര്‍ത്തകരെയും രാജ്യവിരുദ്ധരെന്നാണ് ലേഖനത്തില്‍ വിശേഷിപ്പിക്കുന്നത്.

ചില ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍ കാണിക്കുന്ന അമിതാവേശവും സംശയമുണര്‍ത്തുന്നതാണ്. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പാലിക്കേണ്ട പഥ്യങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ഒരു പ്രമുഖ ചാനല്‍ ഇക്കാര്യം സംപ്രേഷണം ചെയ്തത്. സിഎഎക്ക് എതിരെ ഡല്‍ഹിയില്‍ നടന്ന ജിഹാദി കലാപത്തിന് എരിവ് പകര്‍ന്ന് വ്യാജ വാര്‍ത്തകള്‍ പടച്ചുവിട്ടതിന്റെ പേരില്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണം മന്ത്രാലയത്തിന്റെ ചെറുതെങ്കിലുമുള്ള പിടിവീണ ചാനലാണിതെന്നോര്‍ക്കണം. ചാനല്‍ റിപ്പോര്‍ട്ടറുടെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലവും സംശയകരമാണെന്നും ലേഖനത്തില്‍ പറയുന്നു.



പാനൂര്‍ പൊലീസിന്റെ അന്വേഷണത്തില്‍ പത്മരാജന്‍ സംഭവദിവസം സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ആധുനിക സംവിധാനങ്ങള്‍ വഴി നടത്തിയ അന്വേഷണത്തില്‍ ബോധ്യപ്പെട്ടതാണ്. പത്മരാജന്റെ ഭാര്യയും സഹപ്രവര്‍ത്തകരും ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കുട്ടിയുടെ മൊഴില്‍ അസ്വാഭാവികതയും പൊരുത്തക്കേടുകളുമുണ്ട്. മൊഴിയില്‍ സൂചിപ്പിച്ച തീയതികളും വ്യക്തികളും സ്ഥലങ്ങളും സംഭവങ്ങളുമെല്ലാം കാല്‍പനികവും അവിശ്വസനീയവുമാണ്. തങ്ങളുടെ കുത്സിത പ്രവൃത്തികള്‍ക്ക് തടസ്സമാകുന്നവരെ തിരഞ്ഞുപിടിച്ച് ഇല്ലായ്മ ചെയ്യാന്‍ ഇത്തരം സംഭവങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് നേരെ നിസ്സംഗത പാലിച്ചാല്‍ ഭാവിയില്‍ വലിയ വില നല്‍കേണ്ടിവരുമെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.

പലതിന്റെ പരീക്ഷണശാലയാണ് കേരളം. മതമൗലിക തീവ്രവാദ സംഘടനകള്‍ പല ബ്രാന്‍ഡുകളില്‍ പല തലങ്ങളില്‍ സജീവമാണിവിടെ. ലവ് ജിഹാദ് പോലുള്ള പ്രതിഭാസങ്ങള്‍ ഹരിശ്രീ കുറിച്ചത് കേരളത്തിലാണെന്നും സദാനന്ദന്‍ ആരോപിക്കുന്നു. ആര്‍എസ്എസ് കാര്യകര്‍ത്താക്കളായ അനേകം അധ്യാപകര്‍ പൊതുജനാംഗീകാരം നേടിയവരുണ്ട്. അവരെ വീഴ്ത്താനുള്ള ഉപകരണമായി പോക്‌സോ നിയമം ഉപയോഗിക്കുകയാണെന്ന ആരോപണവും സദാനന്ദന്‍ ലേഖനത്തില്‍ ഉയര്‍ത്തുന്നുണ്ട്.

TAGS :

Next Story