ഉമീദ് പോർട്ടൽ: വഖഫ് ബോർഡ് അടിയന്തരമായി വഖഫ് ട്രൈബ്യൂണലിനെ സമീപിക്കണം- സാദിഖലി തങ്ങൾ
ട്രൈബ്യൂണലിനെ സമീപിച്ച ഗുജറാത്ത്, യുപി, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ കാലാവധി നീട്ടി നൽകിയിരുന്നു

കോഴിക്കോട്: വഖഫ് ബോർഡ് അടിയന്തരമായി വഖഫ് ട്രൈബ്യൂണലിനെ സമീപിക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ. വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ ചേർക്കാനുളള കാലാവധി ഡിസംബർ ആറിന് അവസാനിച്ചിരിക്കുകയാണ്. കാലാവധി നീട്ടുന്നതിനായി സുപ്രിംകോടതിയെ സമീപിച്ചെങ്കിലും കോടതി അതനുവദിച്ചിട്ടില്ല. എങ്കിലും ഈ ആവശ്യം വഖഫ് ട്രൈബ്യൂണലിൽ ഉന്നയിക്കാവുന്നതാണെന്ന് സുപ്രിംകോടതി വിധിയിൽ പറയുന്നുണ്ട്.
അതിന്റെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡും, ഗുജറാത്ത് വഖഫ് ബോർഡും അതത് ട്രൈബ്യൂണുകളെ സമീപിക്കുകയും, ഡിസംബർ 10ന് ട്രൈബ്യൂണൽ ഗുജറാത്തിലും, ഉത്തർപ്രദേശിലും, ആറുമാസം കാലാവധി നീട്ടി നൽകുകയും ചെയ്തിട്ടുണ്ട്. മധ്യപ്രദേശിൽ രണ്ടുമാസം കാലാവധി നീട്ടി കിട്ടി.
എന്നാൽ ഇതുവരെ കേരള വഖഫ് ബോർഡ് കാലാവധി നീട്ടുന്നതിനായി ട്രൈബ്യൂണലിനെ സമീപിച്ചിട്ടില്ല. മറ്റു സംസ്ഥാനങ്ങൾക്ക് കാലാവധി നീട്ടിക്കിട്ടിയ സാഹചര്യത്തിൽ അടിയന്തരമായി കേരള വഖഫ് ബോർഡ് ട്രൈബ്യൂണലിനെ സമീപിച്ച് ഉമീദ് പോർട്ടലിൽ വഖഫ് വസ്തുക്കൾ ചേർക്കുന്നതിന്റെ കാലാവധി ആറുമാസം നീട്ടി വാങ്ങണമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
Adjust Story Font
16

