Quantcast

സജി ചെറിയാൻ; രണ്ടാം പിണറായി സർക്കാറിലെ ആദ്യ രാജി

ഒന്നാം പിണറായി സർക്കാറിൽ നിന്ന് വീണത് നാലു മന്ത്രിമാർ

MediaOne Logo

Web Desk

  • Updated:

    2022-07-06 13:20:16.0

Published:

6 July 2022 1:11 PM GMT

സജി ചെറിയാൻ; രണ്ടാം പിണറായി സർക്കാറിലെ ആദ്യ രാജി
X

തിരുവനന്തപുരം: ഭരണഘടനയെ നിന്ദിച്ച് പ്രസംഗിച്ചതിന്റെ പേരിൽ മന്ത്രിസ്ഥാനമൊഴിഞ്ഞ സജി ചെറിയാന്റേത് രണ്ടാം പിണറായി വിജയൻ സർക്കാറിലെ ആദ്യ രാജി. രാജിവെക്കാൻ സിപിഎം നിർദേശം നൽകിയതിനെ തുടർന്നാണ് ഇദ്ദേഹം രാജിവെച്ചത്. രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ മനോഹരമായ ഭരണഘടനയാണ് ഇന്ത്യയുടേതെന്നായിരുന്നു സജി ചെറിയാന്റെ പരാമർശം. ആര് പ്രസംഗിച്ചാലും ഇന്ത്യൻ ഭരണഘടന മികച്ചതാണെന്ന് ഞാൻ സമ്മതിക്കില്ല. മതേതരത്വം, ജനാധിപത്യം എന്നിവ എഴുതിവച്ചിട്ടാല്ലാതെ മറ്റൊന്നും ഭരണഘടനയിലില്ല. ബ്രിട്ടീഷുകാർ പറയുന്നതിനനുസരിച്ച് ചിലർ എഴുതിയതാണ് ഇന്ത്യൻ ഭരണഘടന- ഇങ്ങനെ പോകുന്നു സജി ചെറിയാന്റെ വാക്കുകൾ. ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയിൽ നടന്ന സി.പി.എം പരിപാടിയിലായിരുന്നു മന്ത്രിയുടെ പരാമർശം.


ഒന്നാം പിണറായി സർക്കാറിൽ നിന്ന് വീണത് നാലു മന്ത്രിമാർ

ഒന്നാം പിണറായി വിജയൻ സർക്കാറിലെ വ്യവസായ മന്ത്രി ഇ.പി ജയരാജൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ, ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ, തോമസ് ചാണ്ടി എന്നിവർ രാജിവെച്ചിരുന്നു. ബന്ധു നിയമന വിവാദത്തെ തുടർന്നായിരുന്നു ഇ.പി ജയരാജനും കെ.ടി ജലീലും രാജിവെച്ചത്. എന്നാൽ ഫോൺകെണി വിവാദത്തിലായിരുന്നു എ.കെ ശശീന്ദ്രന്റെ രാജി. 2017 മാർച്ച് 26ന് ഇദ്ദേഹം രാജിവെച്ചതിനെ തുടർന്ന് 2017 ഏപ്രിൽ ഒന്നിന് അധികാരത്തിലേക്ക് വന്ന തോമസ് ചാണ്ടിക്കും മന്ത്രിസ്ഥാനത്ത് തുടരാനായില്ല. കായൽ കയ്യേറ്റ ആരോപണത്തെ തുടർന്ന് തോമസ് ചാണ്ടി 2017 നവംബർ 15ന് രാജിവെക്കുകയായിരുന്നു. 2016 ഒക്ടോബർ 14നാണ് ഒന്നാം പിണറായി സർക്കാരിൽ വ്യവസായ മന്ത്രിയായിരുന്ന ഇ.പി ജയരാജന്റെ സ്ഥാനം തെറിച്ചത്. എന്നാൽ പിന്നീട് അദ്ദേഹം മന്ത്രിസഭയിലേക്ക് തിരിച്ചുവന്നു. രാജിവെച്ച് പത്തുമാസത്തിന് ശേഷം ശശീന്ദ്രനും മന്ത്രിപദവിയിൽ തിരിച്ചെത്തി. 2018 ജനുവരി 27ന് ശശീന്ദ്രനെ കുറ്റവിമുക്തനാക്കി കോടതി വിധി വന്നതോടെയാണ് മന്ത്രിസ്ഥാനത്തെത്തിയത്.

ആരാണ് സജി ചെറിയാൻ?

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ കൊഴുവല്ലൂരിൽ 1965 മേയ് 28 നാണ് സജി ചെറിയാൻ ജനിച്ചത്. മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ നിന്നും ബിരുദം നേടി. ഇക്കാലയളവിൽ സജീവ വിദ്യാർഥി രാഷ്ട്രീയ പ്രവർത്തകനായ ഇദ്ദേഹം എസ്.എഫ്.ഐയിലൂടെ സി.പി.എം നേതൃത്വത്തിലെത്തി. പിന്നീട് സി.പി.ഐ (എം) ആലപ്പുഴ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മറ്റി അംഗവുമായി. ആലപ്പുഴ ജില്ലാ കൗൺസിൽ അംഗമായിരുന്നു. 2018 ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. 2018 മേയ് 28-ന് വോട്ടെടുപ്പ് നടത്തി 2018 മേയ് 31-ന് ഫലം പ്രഖ്യാപിച്ച ഈ ഉപതിരഞ്ഞെടുപ്പിൽ 20956 വോട്ടുകളുടെ ഭൂരിപക്ഷമാണ് സജി ചെറിയാൻ നേടിയത്. 202lലും നിയമസഭാംഗമായ അദേഹത്തെ രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിലെ ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രിയായി പാർട്ടി തീരുമാനിച്ചു. 2006ൽ ചെങ്ങന്നൂരിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. എന്നാൽ അയ്യായിരത്തിലധികം വോട്ടുകൾക്ക് യു.ഡി.എഫിലെ പി.സി. വിഷ്ണുനാഥിനോടു പരാജയപ്പെട്ടു.

സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി, സിപിഎം ചെങ്ങന്നൂർ ഏരിയ കമ്മിറ്റി സെക്രട്ടറി, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം, സിഐടിയു ജില്ലാ പ്രസിഡന്റ്, ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് -സെക്രട്ടറി, കേരള നിയമസഭയിലെ അംഗം, സാംസ്‌കാരിക, ഫിഷറീസ് വകുപ്പ് മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചു.





കെ.ടി ജലീലിനെ വലച്ചത്?

ബന്ധു നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി കെ.ടി ജലീൽ രാജിവച്ചത് ഗത്യന്തരമില്ലാതെയായിരുന്നു. എല്ലാ വിവാദങ്ങളിലും സംരക്ഷിച്ച മുഖ്യമന്ത്രി പിണറായി വിജയനും കൈവിട്ടതോടെയാണ് ജലീൽ രാജിവച്ചൊഴിഞ്ഞിരുന്നത്. ബന്ധുനിയമനത്തിലെ ലോകായുക്ത വിധിക്കെതിരെ ജലീൽ നൽകിയ വിധി ഹൈക്കോടതി പരിഗണിക്കാനിരിക്കെയായിരുന്നു മന്ത്രിയുടെ രാജി.

വിവാദങ്ങൾ ഇങ്ങനെ: ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജർ സ്ഥാനത്തേക്ക് തന്റെ ബന്ധുവായ കെ.ടി അദീബിനെ നിയമിച്ചതിനെ ചൊല്ലിയാണ് വിവാദം ഉടലെടുത്തത്. സൗത്ത് ഇന്ത്യൻ ബാങ്കിൽ സീനിയർ മാനേജർ പദവിയിലിരിക്കുമ്പോഴാണ് ഡെപ്യൂട്ടേഷനിൽ അദീബ് ന്യൂനപക്ഷ കോർപ്പറേഷനിലേക്ക് എത്തുന്നത്. അദീബിനെ ചട്ടങ്ങൾ മറികടന്ന് നിയമിച്ചെന്ന ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസാണ് ആദ്യം രംഗത്തെത്തിയത്. പ്രതിപക്ഷം ഒന്നടങ്കം ആരോപണം ഏറ്റുപിടിച്ചതിന് പിന്നാലെ അദീബ് രാജിവച്ചു.

എന്നാൽ ബന്ധുവിനെ നിയമിക്കാനായി ഒരു വഴിവിട്ട നീക്കവും നടത്തിയിട്ടില്ല എന്നായിരുന്നു മന്ത്രിയുടെ വാദം. മന്ത്രിക്കെതിരെ ഹൈക്കോടതിയിൽ കേസ് നൽകിയ പികെ ഫിറോസിന് കോടതിയിൽ നിന്ന് വിമർശനം കേൾക്കേണ്ടി വന്നതും ഫിറോസിന് തുണയായി. എന്നാൽ ഇരുട്ടടി പോലെയാണ് വിഷയത്തിൽ ലോകായുക്തയുടെ വിധി വന്നത്.





ഇ.പി ജയരാജന്റെ സ്ഥാനം തെറിച്ച വഴി

2016 ഒക്ടോബർ 14നാണ് ഒന്നാം പിണറായി സർക്കാരിൽ വ്യവസായ മന്ത്രിയായിരുന്ന ഇ.പി ജയരാജന്റെ സ്ഥാനം തെറിച്ചത്. ബന്ധുനിയമന വിവാദത്തെ തുടർന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലെ തീരുമാന പ്രകാരമായിരുന്നു ജയരാജൻ മന്ത്രിസ്ഥാനം രാജിവച്ചത്. 142 ദിവസം മന്ത്രിസ്ഥാനത്ത് ഇരുന്ന ശേഷമാണ് ഒന്നാം പിണറായി സർക്കാരിൽ രണ്ടാമനെന്ന് അറിയപ്പെട്ടിരുന്ന ജയരാജന് സ്ഥാനമൊഴിയേണ്ടി വന്നിരുന്നത്. ജയരാജന്റെ ഭാര്യാസഹോദരിയും കണ്ണൂർ എം.പിയുമായ പി.കെ ശ്രീമതിയുടെ മകനായ സുധീർ നമ്പ്യാരെ കെ.എസ്.ഐ.ഇ എം.ഡിയായി നിയമിച്ചതായിരുന്നു വിവാദങ്ങൾക്കു തുടക്കം. നിയമനം വിവാദമായതോടെ ഉത്തരവ് വ്യവസായ വകുപ്പ് പിൻവലിച്ചെങ്കിലും പാർട്ടിക്കും മുന്നണിക്കും പ്രതിച്ഛായാനഷ്ടമുണ്ടാക്കിയെന്ന വിമർശനം ഒരു ഭാഗത്തുനിന്ന് ഉയർന്നു. ഇതോടൊപ്പം ജയരാജന്റെ ബന്ധുവും കേരള ക്ലേയ്‌സ് ആൻഡ് സെറാമിക്‌സ് ജനറൽ മാനേജരുമായ ദീപ്തി നിഷാദിന്റെ നിയമനവും വിവാദമായി. ജയരാജന്റെ സഹോദരന്റെ മരുമകളാണ് ദീപ്തി. ഇവരുടെ നിയമനത്തിൽ തുടക്കംതൊട്ടേ പാർട്ടിയിൽ എതിർപ്പുകളുണ്ടായിരുന്നു. ഇതിനെല്ലാം പിന്നാലെയായിരുന്നു ജയരാജന്റെ രാജി.


Saji Cherian; The first resignation of the second Pinarayi government

TAGS :

Next Story