ശംസിയ്യ ത്വരീഖത്ത് ആരോപണത്തിൽ മാപ്പ് പറഞ്ഞ് സമസ്ത; കേസ് ഒത്തുതീർപ്പായി
ആന്ത്രോത്ത് ദ്വീപിലെ ഒരു വിഭാഗത്തെ ശംസിയ്യ ത്വരീഖത്തുകാർ എന്നാരോപിച്ചതിനെതിരെ നൽകിയ കേസ് ആണ് ഒത്തുതീർപ്പായത്.

കോഴിക്കോട്: ആന്ത്രോത്ത് ദ്വീപിലെ ഒരു വിഭാഗത്തെ ശംസിയ്യ ത്വരീഖത്തുകാർ എന്നാരോപിച്ചതിനെതിരെ നൽകിയ കേസ് ഒത്തുതീർപ്പായി. മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നിലാണ് കേസ് തീർപ്പായത്. സമസ്ത 85-ാം വാർഷികോപഹാരമായി 2012ൽ പുറത്തിറക്കിയ 'സത്യസരണിയുടെ ചരിത്ര സാക്ഷ്യം' പുസ്തകത്തിൽ ടി. ഹസ്സൻ ഫൈസി എഴുതിയ ലേഖനത്തിലെ പരാമർശങ്ങളാണ് കേസിന് കാരണമായത്.
ആന്ത്രോത്ത് ദ്വീപിലെ ജലാലുദ്ദീൻ ആറ്റക്കോയ തങ്ങൾ, സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ എന്നിവരും ശിഷ്യൻമാരും ശംസിയ്യ ത്വരീഖത്തുകാരാണെന്ന് ലേഖനത്തിൽ ആരോപിച്ചിരുന്നു. ഇതിനെതിരെ ആറ്റക്കോയ തങ്ങളുടെ മകൻ ഡോ. സയ്യിദ് ഹസൻ തങ്ങളാണ് മാനനഷ്ടക്കേസ് നൽകിയത്. പ്രസ്തുത പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഹസൻ ഫൈസിയും സമസ്ത നേതാക്കളും ഉൾപ്പെടെ 14 പേർ നിരുപാധികം ഖേദപ്രകടനം നടത്തി. അത് സ്വീകരിച്ചാണ് കോടതി കേസ് ഒത്തുതീർപ്പാക്കിയത്.
അതേസമയം ലേഖനത്തിൽ പരാമർശിച്ച വ്യക്തിപരമായ കാര്യങ്ങൾ പരസ്യപ്പെടുത്തിയത് പിൻവലിക്കുകയാണ് ചെയ്തതെന്ന് സമസ്ത പിആർഒ അഡ്വ. ത്വയ്യിബ് ഹുദവി പറഞ്ഞു. ഹസൻ ഫൈസി സമസ്തയുടെയോ കീഴ്ഘടകങ്ങളുടെയോ ഭാരവാഹിയല്ല. അദ്ദേഹം ഒപ്പുവെച്ച കാര്യം അദ്ദേഹത്തിന് മാത്രം ബാധകമായതാണെന്നും ത്വയ്യിബ് ഹുദവി പറഞ്ഞു.
Adjust Story Font
16

