Quantcast

വാഫി-വഫിയ്യ പ്രശ്നം: തീരുമാനവും പ്രഖ്യാപനവും നേതാക്കൾ കൂടിക്കാഴ്ച നടത്തിയ ശേഷം-സമസ്ത

പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുന്നതിനു നേതാക്കൾ എടുത്ത തീരുമാനം അംഗീകരിക്കുന്നതിനു വേണ്ടി വിളിച്ചുചേർത്ത യോഗത്തിൽ സമസ്തക്കെതിരിൽ പ്രമേയങ്ങൾ അവതരിപ്പിക്കപ്പെട്ടത് അങ്ങേയറ്റം അപലപനീയമാണെന്ന് സമസ്ത മുശാവറ അഭിപ്രായപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    7 Jun 2023 6:14 PM IST

Samastha cic issue
X

കോഴിക്കോട്: വാഫി-വഫിയ്യ പ്രശ്‌നത്തിൽ അന്തിമ തീരുമാനവും പ്രഖ്യാപനവും നേതാക്കൾ കൂടിക്കാഴ്ച നടത്തിയ ശേഷം ഉണ്ടാവുമെന്ന് സമസ്ത. 2023 ജൂൺ ഒന്നിന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, എം.ടി അബ്ദുല്ല മുസ്ലിയാർ, പി.പി ഉമർ മുസ്ലിയാർ കൊയ്യോട്, പി.കെ കുഞ്ഞാലിക്കുട്ടി, സയ്യിദ് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, എം.സി മായിൻ ഹാജി എന്നീ നേതാക്കൾ കോഴിക്കോട്ട് നടത്തിയ ചർച്ചയിൽ വാഫി-വഫിയ്യ പ്രശ്നം സംബന്ധിച്ച് കൈക്കൊണ്ട തീരുമാനങ്ങൾ 06.06.2023നു ചേർന്ന സി.ഐ.സി സെനറ്റ് അംഗീകരിച്ചതായി സി.ഐ.സി പ്രസിഡന്റ് കൂടിയായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സ്വന്തം ലെറ്റർഹെഡിൽ സമസ്തയ്ക്കു നൽകിയ കത്ത് എല്ലാ നിലയ്ക്കും സ്വാഗതം ചെയ്യുന്നുവെന്ന് സമസ്ത മുശാവറ വാർത്താക്കുറിപ്പിൽ അറിയിച്ചു.

സാദിഖലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച് നേരത്തെ സി.ഐ.സി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഹക്കീം ഫൈസി ആദൃശ്ശേരി രാജിവയ്ക്കുകയും സാങ്കേതിക വിഷയങ്ങൾ പരിഹരിച്ച് രാജി സ്വീകരിക്കുകയും ചെയ്തതായി സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സമസ്തയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനു വിരുദ്ധമായി 06.06.2023ന് ചേർന്ന സി.ഐ.സി സെനറ്റ് യോഗത്തിൽ വീണ്ടും ഹക്കീം ഫൈസിയുടെ രാജി ചർച്ചയ്ക്കു വെച്ചതിലൂടെ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ അവഗണിച്ചതായും യോഗം വിലയിരുത്തി. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുന്നതിനു നേതാക്കൾ എടുത്ത തീരുമാനം അംഗീകരിക്കുന്നതിനു വേണ്ടി വിളിച്ചുചേർത്ത യോഗത്തിൽ സമസ്തക്കെതിരിൽ പ്രമേയങ്ങൾ അവതരിപ്പിക്കപ്പെട്ടത് അങ്ങേയറ്റം അപലപനീയമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രസ്തുത പ്രമേയങ്ങൾ അവതരിപ്പിച്ചവർക്കെതിരേ കർശന നടപടി കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു.

തുടർനടപടികൾക്കു വേണ്ടി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, എം.ടി അബ്ദുല്ല മുസ്ലിയാർ, പി.പി ഉമർ മുസ്ലിയാർ കൊയ്യോട്, എ.വി അബ്ദുറഹ്മാൻ മുസ്ലിയാർ, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി കൂരിയാട്, പി.എം അബ്ദുസ്സലാം ബാഖവി, വാക്കോട് മൊയ്തീൻകുട്ടി മുസ്ലിയാർ എന്നിവരടങ്ങിയ സമിതിയെ യോഗം ചുമതലപ്പെടുത്തി.

സമസ്ത നാഷണൽ എജ്യുക്കേഷൻ കൗൺസിലിന്റെ കീഴിൽ ഈ അധ്യയന വർഷം ആരംഭിച്ച വിവിധ കോഴ്സുകൾ വിപുലപ്പെടുത്താനും കോഴ്സിൽ ചേർന്ന് പഠിക്കാൻ ആഗ്രഹിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും പഠനസൗകര്യം സാധ്യമാക്കാനും യോഗം തീരുമാനിച്ചു. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു.

TAGS :

Next Story