കെഎൻഎം പ്രസിഡന്റിന്റെ പരാമർശങ്ങൾ കാപട്യം നിറഞ്ഞതും വസ്തുതകൾക്ക് നിരക്കാത്തതും: സമസ്ത നേതാക്കൾ
''സമുദായത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന സംഘടനയാണ് സമസ്തയെന്ന അദ്ദേഹത്തിന്റെ പരാമർശം അവജ്ഞയോടെ പൊതുസമൂഹം തള്ളിക്കളയും''

കോഴിക്കോട്: കേരള നദ്‌വത്തുൽ മുജാഹിദീൻ പ്രസിഡന്റ് ടി.പി അബ്ദുള്ളക്കോയ മദനിയുടെ പ്രസംഗത്തിൽ സമസ്തയെയും പാണക്കാട് തങ്ങന്മാരെയും കുറിച്ച് നടത്തിയ പരാമർശങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതും കാപട്യം നിറഞ്ഞതുമാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പോഷക സംഘടന നേതാക്കൾ.
'സമുദായത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന സംഘടനയാണ് സമസ്തയെന്ന അദ്ദേഹത്തിന്റെ പരാമർശം അവജ്ഞയോടെ പൊതുസമൂഹം തള്ളിക്കളയും. സമസ്തയെ കുറിച്ച് മനസ്സിലാക്കിയ ഒരാളും അങ്ങനെ പറയില്ല. 1921 കാലഘട്ടം വരെ മുസ്ലിം സമുദായം നിരാക്ഷേപം അംഗീകരിച്ചു വന്ന വിശ്വാസാചാരങ്ങൾ ശിർക്കും കുഫ്‌റും ആണെന്നാരോപിച്ചു സമുദായത്തിൽ ഭിന്നിപ്പിന് തുടക്കം കുറിച്ച് പുതിയ പ്രസ്ഥാനം ഉണ്ടാക്കിയവരാണ് മുജാഹിദുകൾ. പിന്നീട് പല ഗ്രൂപ്പുകളായി പരിണമിച്ചെങ്കിലും ഇപ്പോഴും സമുദായത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന പ്രവർത്തനമാണ് അവർ നടത്തികൊണ്ടിരിക്കുന്നത്.
ഇപ്പോൾ പാണക്കാട് തങ്ങൾമാരുടെ മഹത്വം പറയുന്നതും കാപട്യമാണ്. മർഹൂം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ഉറുക്കും നൂലും വെള്ളവും മന്ത്രിച്ചൂതുന്നത് വീഡിയോയിൽ പകർത്തി ഇവർ ശിർക്ക് ചെയ്യുന്നവരാണെന്ന രീതിയിൽ അറബികൾക്കിടയിൽ പ്രചരിപ്പിച്ച മുജാഹിദുകൾ ഇപ്പോൾ പാണക്കാട് സാദാത്തുക്കളെ അംഗീകരിക്കാൻ തയ്യാറായിട്ടുണ്ടെങ്കിൽ സ്വാഗതാർഹമാണ്. സമസ്ത, സ്ത്രീ വിദ്യാഭ്യാസത്തിനെതിരാണെന്ന പഴയ പല്ലവി വീണ്ടും ആവർത്തിക്കുന്നതും ജനം അവജ്ഞയോടെ തള്ളിക്കളയും.
സ്ത്രീകളുടെ മത, ഭൗതിക വിദ്യാഭ്യാസത്തിന് വേണ്ടി നൂറ് കണക്കിന് കോളേജുകളാണ് സമസ്ത സ്ഥാപിച്ചു നടത്തുന്നത്. ഇത്രയും അധികം വനിതാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നത് കേരളത്തിൽ സമസ്ത മാത്രമാണ്. സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളും പാണക്കാട് പൂക്കോയ തങ്ങളും ശംസുൽ ഉലമ ഇ. കെ. അബൂബക്കർ മുസ്‌ലിയാരും ഉൾപ്പെടെയുള്ള നേതാക്കൾ കാണിച്ച് തന്ന മാർഗത്തിലൂടെ സംഘടന മുന്നോട്ട് പോവുമെന്നും നേതാക്കൾ പ്രസ്താവാനായിൽ പറഞ്ഞു.
Adjust Story Font
16

