വഖഫ് നിയമഭേദഗതി: സുപ്രിംകോടതിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സമസ്ത ഹരജി നൽകി
ഇടക്കാല സംരക്ഷണം നീട്ടുക, കേസിൽ ഉത്തരവ് പുറപ്പെടുവിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹരജി

ന്യൂഡൽഹി: വഖഫ് നിയമഭേദഗതിയിൽ സുപ്രിംകോടതിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സമസ്ത വീണ്ടും ഹരജി നൽകി. ഇടക്കാല സംരക്ഷണം നീട്ടുക, കേസിൽ ഉത്തരവ് പുറപ്പെടുവിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹരജി.
മെയ് മാസത്തിൽ വാദം പൂർത്തിയായ വഖഫ് ഹരജികൾ നേരത്തെ സുപ്രിംകോടതി വിധി പറയാനായി മാറ്റിയിരുന്നു. തൽസ്ഥിതി തുടരാമെന്ന കേന്ദ്രത്തിന്റെ വാദം നടപ്പാകുന്നില്ല, രാജ്യത്തിന്റെ പലയിടങ്ങളിലും വഖഫ് സ്വത്തുക്കൾക്ക് നേരെ അതിക്രമങ്ങൾ നടക്കുന്നുവെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.
നേരത്തെ നടന്ന വാദത്തിൽ വഖഫ് നിയമഭേദഗതിയിൽ ഭരണഘടനാ വിരുദ്ധതയില്ലെന്നായിരുന്നു കേന്ദ്രം സുപ്രിംകോടതിയിൽ വാദിച്ചത്. നിയമം സ്‌റ്റേ ചെയ്യണമെന്ന ആവശ്യത്തിന് അടിസ്ഥാനമില്ല. വഖഫ് നിയമത്തിൽ നിർവചിച്ച പട്ടികവർഗ മേഖലയിലെ ജനവിഭാഗങ്ങളുടെ സ്വത്ത് സംരക്ഷണം ഭരണഘടനാപരമാണെന്നും സുപ്രിംകോടതിയുടെ മുൻകാല വിധിയിൽ ഇക്കാര്യം അംഗീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം വാദിച്ചിരുന്നു.
കേന്ദ്രത്തിന്റെ വാദങ്ങളെ ഹരജിക്കാർ എതിർത്തിരുന്നു. ശവസംസ്‌കാരത്തിനായി 200 വർഷം മുമ്പ് സർക്കാർ വിട്ടുനൽകിയ ഭൂമി എങ്ങനെ തിരിച്ചെടുക്കാനാകുമെന്ന് ചോദ്യമാണ് ഹരജിക്കാർക്കുവേണ്ടി ഹാജരായ കപിൽ സിബൽ ചോദിച്ചിരുന്നത്. മുസ്‌ലിം ലീഗും, സമസ്തയുമടക്കമുള്ള 70ലധികം സംഘടനകൾ നൽകിയ ഹരജികളായിരുന്നു കോടതി പരിഗണിച്ചത്.
കൂടാതെ വഖഫ് സ്വത്തുക്കൾ നിലവിലുള്ള അവസ്ഥ തുടരണമെന്നും വഖ്ഫ് ബോർഡുകളിലെയും സെൻട്രൽ വഖഫ് കൗൺസിലിലെയും അംഗങ്ങളിൽ എക്‌സ് ഓഫീഷ്യോ അംഗങ്ങൾ ഒഴികെ മറ്റെല്ലാവരും മുസ്‌ലിംകളായിരിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.
ഇസ്‌ലാമിക മതവിശ്വാസപ്രകാരം മതപരമോ ആത്മീയമോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങൾക്ക് വേണ്ടി വിശ്വാസികൾ ദേവത്തിന് സമർപ്പിച്ച സ്വത്തുക്കളെയാണ് വഖഫ് എന്ന് പറയുന്നത്. ഈ ഭൂമിയുടെ കൈകാര്യ അവകാശം വഖഫ് ബോർഡിനായിരിക്കും. മുസ്‌ലിം ആരാധനാലയങ്ങളും അനാഥാലയങ്ങളും ഖബറിടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ദർഗകളുമൊക്കെ സ്ഥിതി ചെയ്യുന്നത് ഇത്തരം വഖഫ് ഭൂമികളിലാണ്.
Adjust Story Font
16

