പൊതുപ്രവർത്തനങ്ങളിലേക്ക് മുസ്‌ലിം സ്ത്രീകളെ വലിച്ചിഴയ്ക്കരുതെന്ന് സമസ്ത
മുസ്‌ലിം സ്‌ത്രീകൾ വികലമായ പുരോഗമന വാദങ്ങളിൽ വീണുപോകരുതെന്നും സമസ്ത പ്രമേയം

കാസർകോട്: പൊതു പ്രവർത്തനങ്ങളിലേക്ക് മുസ്‌ലിം സ്ത്രീകളെ വലിച്ചിഴയ്ക്കരുതെന്ന് സമസ്ത. മുസ്‌ലിം സ്‌ത്രീകൾ വികലമായ പുരോഗമന വാദങ്ങളിൽ വീണുപോകരുതെന്നും കാസർകോട് നടന്ന സമസ്ത നൂറാം വാർഷിക സമ്മേളനത്തിലെ പ്രമേയത്തിൽ സമസ്ത ആവശ്യപ്പെട്ടു.
സ്ത്രീപക്ഷ ബദലുകൾ പ്രോത്സാഹിപ്പിക്കപ്പെടണമെന്നും കുലീനതയും വിനയവും സ്ത്രീയുടെ അലങ്കാരമാണെന്നും പാരമ്പര്യ പണ്ഡിതന്മാർ പഠിപ്പിച്ച അതിർവരമ്പുകൾക്കുള്ളിൽ നിന്നുകൊണ്ടുള്ള ജീവിതമാണ് ഭൗതികവും പാരത്രികവുമായ വിജയത്തിന് ആധാരമെന്നും പ്രമേയത്തിൽ പറയുന്നു.
സ്ത്രീ സുരക്ഷയ്ക്ക് ഏറ്റവുമഭികാര്യം ഷീ ഹോസ്റ്റൽ, ഷീ ടാക്സി പോലുള്ള സ്ത്രീപക്ഷബദലുകൾ തന്നെയാണെന്ന് സാമൂഹിക നിർമാതാക്കൾ (സോഷ്യൽ എൻജിനീയേഴ്സ്) ചൂണ്ടിക്കാണുന്ന സാഹചര്യത്തിൽ സുന്നീ പണ്ഡിതരുടെ നിലപാടുകൾക്ക് പ്രസക്തിയേറുകയാണ്. വിദ്യാഭ്യാസം, സമ്പാദനാവകാശം, അനന്തരാവകാശം, ഉന്നത ആത്മീകവ്യക്തിത്വം തുടങ്ങിയവയെല്ലാം കൽപ്പിച്ച പ്രത്യയശാസ്ത്രമാണ് ഇസ്‌ലാം.
ആധുനികതയുടെയും ലിബറലിസത്തിന്റെയും സ്വാധീനത്താൽ മുസ്‌ലിം സ്ത്രീകൾ പൊതുവിടങ്ങളിൽ ധാർമികതയുടെ അതിരുകൾ ഭേദിക്കുന്നത് ഭൂഷണമല്ല. മൗലികമായ ഉത്തരവാദിത്തങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കുന്ന പൊതുപ്രവർത്തനങ്ങളിലേക്ക് മുസ്‌ലിം സ്ത്രീകളെ വലിച്ചിഴയ്ക്കുന്ന പ്രവണത പ്രോത്സാഹനീയമല്ല.
സ്ത്രീകളുടെ അന്തസിനും സുരക്ഷിതത്വത്തിനും ഇസ്‌ലാം നൽകുന്ന പ്രത്യേക പരിഗണന കാത്തുസൂക്ഷിക്കണമെന്നും വികലമായ പുരോഗമന വാദങ്ങളിൽ വീണുപോകാതെ സ്വഹാബി വനിതകളുടെയും പുണ്യവതികളായ മുൻഗാമികളുടേയും മാതൃക പിൻപറ്റാൻ സ്ത്രീസമൂഹം തയ്യാറാകണമെന്നും സംഗമം ആഹ്വാനം ചെയ്തു. ഒളവണ്ണ അബൂബക്കർ ദാരിമിയാണ് പ്രമേയം അവതരിപ്പിച്ചത്.
Adjust Story Font
16

