Quantcast

സമീൽ ഇല്ലിക്കലിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും; ഖബറടക്കം വൈകിട്ട്

ഗ്രീൻ ഒയാസിസ് ട്രാവൽസിന്റെ ടൂർ മാനേജരായി ഇക്കഴിഞ്ഞ നാലിന് തായ്‌ലൻഡിലെത്തിയ സമീൽ ഞായറാഴ്ചയാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്

MediaOne Logo

Web Desk

  • Published:

    9 Jun 2026 11:34 AM IST

സമീൽ ഇല്ലിക്കലിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും; ഖബറടക്കം വൈകിട്ട്
X

മലപ്പുറം: തായ്‌ലൻഡിൽ അന്തരിച്ച മാധ്യമം മുൻ ചീഫ് സബ് എഡിറ്ററും ചരിത്ര ഗവേഷകനും ചലച്ചിത്ര- നാടക പ്രവർത്തകനുമായ സമീൽ ഇല്ലിക്കലിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. ബാങ്കോക്കിൽനിന്ന് ഇന്ന് രാത്രി 10:25ന് എയർ ഇന്ത്യ വിമാനത്തിൽ പുറപ്പെട്ട്, ഡൽഹി വഴി നാളെ രാവിലെ 10.35ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചേരും. നാളെ വൈകിട്ട് 5.45 വരെ മലപ്പുറം കിളിയമണ്ണിൽ ഓഡിറ്റോറിയത്തിൽ പൊതുദർശനം. മയ്യിത്ത് നമസ്‌കാരം വൈകീട്ട് ആറിന് മലപ്പുറം വലിയങ്ങാടി ജുമാ മസ്ജിദിൽ നടക്കും.

ഗ്രീൻ ഒയാസിസ് ട്രാവൽസിന്റെ ടൂർ മാനേജരായി ഇക്കഴിഞ്ഞ നാലിന് തായ്‌ലൻഡിലെത്തിയ സമീൽ ഞായറാഴ്ചയാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. മലപ്പുറം വലിയങ്ങാടി ഇത്തിൾപറമ്പ് ഇല്ലിക്കൽ വീട്ടിൽ റിട്ട. ലൈബ്രേറിയൻ മുഹമ്മദ് ഇല്ലിക്കലിന്റെയും ഇയ്യാത്തുട്ടിയുടെയും മകനാണ്. 'മാധ്യമ'ത്തിൽ ദീർഘകാലം സേവനമനുഷ്ഠിച്ച അദ്ദേഹം മലപ്പുറം ബ്യൂറോ ചീഫ്, 'ഗൾഫ് മാധ്യമം' റിയാദ് ബ്യൂറോ ഇൻ-ചാർജ് തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റായും മാധ്യമം ജേണലിസ്റ്റ് യൂനിയൻ ജോയന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. റിയാദ്, ജിദ്ദ എന്നിവിടങ്ങളിലെ നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങളിൽ ഔദ്യോഗിക മാധ്യമസംഘത്തിന്റെ ഭാഗമായി. റിയാദ് ഇന്ത്യൻ മീഡിയ ഫോറം വൈസ് പ്രസിഡന്റായിരുന്നു.

ഭാര്യ: ശിഫ കൊളക്കാട്ടിൽ (പറപ്പൂർ). മക്കൾ: ഫാത്തിമ, ലംയ, ദയ, റുബ. മരുമകൻ: ഹാദിൽ. സഹോദരങ്ങൾ: മുഫീദ, ജാബിർ, നബീൽ (അൽ ജാമിഅ അൽ ഇസ്‌ലാമിയ, ശാന്തപുരം), ജെരീർ (ഗ്രീൻ ഒയാസിസ്, മലപ്പുറം)

TAGS :

Next Story