അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന കേസ്; സന്ദീപ് വാര്യർക്ക് മുൻകൂർ ജാമ്യം
തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസിൽ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർക്ക് മുൻകൂർ ജാമ്യം. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
യുവതിയുടെ വ്യക്തി വിവരങ്ങൾ ബോധപൂർവ്വം പുറത്തു വിട്ടിട്ടില്ലെന്ന് വാര്യര്‍ കോടതിയിൽ വ്യക്തമാക്കിയിരുന്നു. പരാതിക്കാരിയുടെ വിവാഹസമയത്ത് അവരുടെയൊപ്പം നിർക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നതാണ്. യുവതി പരാതി നൽകിയതിനു ശേഷം ചില വ്യക്തികൾ ഫോട്ടോയ്ക്ക് താഴെ കമന്‍റ് ചെയ്യുകയാണ് ഉണ്ടായത്. ഇതിൽ തന്‍റെ ഭാഗത്തുനിന്ന് കുറ്റകരമായി ഒന്നുമുണ്ടായിട്ടില്ലെന്നും സന്ദീപ് കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസിൽ സന്ദീപ് വാര്യർ നാലാം പ്രതിയാണ്. പത്തനംതിട്ട മഹിള കോൺഗ്രസ് ജില്ല സെക്രട്ടറി രഞ്ജിത പുളിക്കലാണ് ഒന്നാം പ്രതി. അഡ്വ.ദീപ ജോസഫാണ് രണ്ടാം പ്രതിയാണ്. രാഹുൽ ഈശ്വർ അഞ്ചാം പ്രതിയാണ്.
അതേസമയം അതിജീവിതയെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന് ഈയിടെ ജാമ്യം ലഭിച്ചിരുന്നു. തിരുവനന്തപുരം ജില്ലാ കോടതിയാണ് അറസ്റ്റിലായി 16ാമത്തെ ദിവസം ജാമ്യമനുവദിച്ചത്. നേരത്തെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി രാഹുലിന് ജാമ്യം നിഷേധിച്ചിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെക്കുറിച്ചുള്ള പോസ്റ്റുകൾ പിൻവലിക്കാമെന്ന് രാഹുൽ ഈശ്വർ കോടതിയിൽ പറഞ്ഞിരുന്നു. അതിജീവിതികൾക്കെതിരെ ഇനി പോസ്റ്റിടില്ലെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കിയിരുന്നു. ഇട്ട പോസ്റ്റുകളെല്ലാം പിൻവലിക്കുകയും ചെയ്തിരുന്നു.
Adjust Story Font
16

