Quantcast

മ്യൂസിയം കേസിലെ പ്രതി സന്തോഷിന്റെ നിയമനം; മന്ത്രിക്കോ ഓഫീസിനോ പങ്കില്ലെന്ന് കരാറുകാരൻ

'രേഖാചിത്രം കണ്ടപ്പോൾ ആദ്യം മനസിലായില്ല, പിന്നീടാണ് വ്യക്തമായത്'

MediaOne Logo

Web Desk

  • Published:

    3 Nov 2022 4:43 AM GMT

മ്യൂസിയം കേസിലെ പ്രതി സന്തോഷിന്റെ നിയമനം; മന്ത്രിക്കോ ഓഫീസിനോ പങ്കില്ലെന്ന് കരാറുകാരൻ
X

തിരുവനന്തപുരം: പ്രഭാതസവാരിക്കിറങ്ങിയ വനിതാഡോക്ടറെ മ്യൂസിയത്തിൽവെച്ച് ആക്രമിച്ച കേസിലെ പ്രതി സന്തോഷിന്റേത് രാഷ്ട്രീയ നിയമനം ആണെന്ന പ്രചാരണം തള്ളി കരാറുകാരൻ ഷിനിൽ ആൻറണി. ഇയാളുടെ നിയമനത്തിൽ മന്ത്രിക്കോ മന്ത്രിയുടെ ഓഫീസിനോ യാതൊരു പങ്കുമില്ലെന്ന് കരാറുകാരൻ മീഡിയവണിനോട് പറഞ്ഞു. 'വാട്ടർ അതോറിറ്റിവെക്കുന്ന ഡ്രൈവർമാരാണ് ഇത്. മന്ത്രിക്ക് ഒരു ഡ്രൈവറെ വേണമെന്ന് പറയുമ്പോൾ വാട്ടർഅതോറിറ്റി നൽകുന്നതാണ്. എച്ച്.ആർ യൂണിയനാണ് ഡ്രൈവർമാരെ കൊടുക്കുന്നത്. ഇവർക്കെന്തെങ്കിലും ബുദ്ധിമുട്ടോ പ്രയാസങ്ങളുണ്ടോ യൂണിയൻ ഇവരെ സംരക്ഷിക്കാറുണ്ട്'. അല്ലാതെ മിനിസ്റ്റർ ഓഫീസുമായിട്ട് ബന്ധമില്ലെന്നും കരാറുകാരൻ പറയുന്നു.

'ഇവർക്കുള്ള ശമ്പളം മന്ത്രിയുടെ ഓഫീസല്ല കൊടുക്കുന്നത്. വാട്ടർ അതോറിറ്റി കൊടുക്കുന്ന ശമ്പളം കരാറുകാരന്റെ പേരിൽ എഴുതും. കരാറുകാരനാണ് ശമ്പളം മാറി ഡ്രൈവർമാർക്ക് കൊടുക്കുന്നത്.

പത്തുവർഷമായി സന്തോഷ് സെക്രട്ടറിയേറ്റിൽ ജോലി ചെയ്യുകയാണെങ്കിലും തന്റെ കൂടെ എത്തിയിട്ട് ഒന്നര വർഷമേ ആയുള്ളൂ എന്ന് ഷിനിൽ ആൻറണി പറയുന്നു. സന്തോഷിന്റെ രേഖാചിത്രം ആദ്യദിവസം കണ്ടിട്ട് മനസിലായില്ലെന്നും രണ്ടാമത്തെ ദിവസമാണ് തിരിച്ചറിയാൻ സാധിച്ചതെന്നും കരാറുകാരൻ പറഞ്ഞു.

അതേസമയം, പ്രതി സന്തോഷ് കുമാർ മ്യൂസിയത്തിൽ അതിക്രമം നടത്തിയ ശേഷം ഓടി രക്ഷപ്പെടുന്ന കൂടുതൽ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ആക്രമിച്ച കേസിൽ പ്രതി സന്തോഷ് കുമാറിന്റെ അറസ്റ്റ് ഇന്ന് പൊലീസ് രേഖപ്പെടുത്തും. കോടതിയിൽ അപേക്ഷ നൽകിയ ശേഷമാകും ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തുക. പ്രതി സന്തോഷാണെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്ന് ഇന്ന് തന്നെ പ്രൊഡക്ഷൻ വാറണ്ടും കസ്റ്റഡി അപേക്ഷയും നൽകാനാണ് നീക്കം. സന്തോഷിനെതിരെ സമാനമായ നിരവധി പരാതികൾ ഉണ്ടെന്നാണ് വിവരം.



TAGS :

Next Story